ന്യൂദല്‍ഹി: ലോകകപ്പ് ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും മുഖാമുഖമെത്തുന്ന ഗ്രൂപ്പ് മത്സരത്തിന് വേദിയൊരുക്കാനാകില്ലെന്ന് ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. 19ന് ധര്‍മശാലയില്‍ നടക്കുന്ന മത്സരത്തിന് സുരക്ഷയൊരുക്കാനാകില്ലെന്നു വ്യക്തമാക്കി മുഖ്യമന്ത്രി വീരഭദ്ര സിങ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. ഇതോടെ മത്സരം അനിശ്ചിതത്വത്തില്‍. പ്രത്യേക സുരക്ഷ നല്‍കിയില്ലെങ്കില്‍ ഇന്ത്യയില്‍ കളിക്കാനെത്തില്ലെന്ന് പാക്കിസ്ഥാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
തീരുമാനം രാഷ്‌ട്രീയപ്രേരിതമെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ ആരോപിച്ചു. ലോകകപ്പ് വേദികള്‍ ഒരു വര്‍ഷം മുന്‍പ് നിശ്ചയിച്ചതാണ്. അന്ന് പരാതികള്‍ പറയാതെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷം പിന്മാറുന്നത് ശരിയായ നടപടിയല്ലെന്നും താക്കൂര്‍ പറഞ്ഞു. ടിക്കറ്റ് വില്‍പ്പനയടക്കമുള്ള നടപടിക്രമങ്ങള്‍ പൂരോഗമിക്കുന്നതിനിടെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സാഫ് ഗെയിംസിന് അസമിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രവുമായി ചേര്‍ന്ന സുരക്ഷ ഒരുക്കിയ കാര്യവും അനുരാഗ് താക്കൂര്‍ ചൂണ്ടിക്കാട്ടി. മത്സരം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ബിസിസിഐയെയും സമീപിച്ചു.
















