മാവേലിക്കര: ആര്‍എസ്എസ് ചാരുംമൂട് താലൂക്ക് കാര്യവാഹ് ആയിരുന്ന വള്ളികുന്നം നെടിയത്ത് ജി. ചന്ദ്രനെ(39) കൊലപ്പെടുത്തിയ കേസില്‍ നിര്‍ണ്ണായകമായത് സാക്ഷിമൊഴികള്‍. 2007 ഏപ്രില്‍ 20ന് രാത്രി പതിനൊന്നരയോടു കൂടി വെട്ടിയാര്‍ പടിപ്പുര ജംഗ്ഷനു സമീപമുള്ള കല്ലുവെട്ട് കുഴിയില്‍ നടന്ന കൊലപാതകത്തിന് സാക്ഷികളായ രാജീവ്, രതീഷ്, അഭിലാഷ് എന്നിവരുടെ സ്ഥലത്തെ സാന്നിധ്യം സ്വാഭാവികവും അതുകൊണ്ടുതന്നെ അവരുടെ മൊഴികള്‍ വിശ്വസനീയവുമാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.
കൂടാതെ സംഭവ സമയത്തോടനുബന്ധിച്ച് പ്രതികളെ ആയുധങ്ങളുമായി വ്യത്യസ്ഥ സ്ഥലങ്ങളില്‍ കണ്ടിരുന്നതായുള്ള നാലു മുതല്‍ ആറു വരെ സാക്ഷികളുടെ മൊഴികള്‍ വളരെ പ്രസക്തമാണെന്നും സംഭവ ദിവസം രാത്രിയില്‍ പ്രതികള്‍ രാഷ്‌ട്രീയ ശത്രുക്കളെ വകവരുത്തണമെന്നുള്ള ലക്ഷ്യത്തോടെ വെട്ടിയാര്‍ മേഖലയില്‍ ആയുധങ്ങളുമായി കാത്തിരിക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
പ്രതികളുടെ കൈയില്‍ തലേദിവസം സാക്ഷികള്‍ കണ്ട ആയുധങ്ങള്‍ മൃതദേഹം പരിശോധന നടത്തിയ സമയം സമീപ സ്ഥലത്തുനിന്നും ചെങ്ങന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കണ്ടെടുത്തു എന്ന വസ്തുതയും പ്രധാനമാണ്. സാക്ഷികള്‍ കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറഞ്ഞ മുറിവുകള്‍ ചന്ദ്രന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം പരിശോധനയില്‍ കണ്ടതായി പോലീസ് സര്‍ജന്‍ കോടതിയില്‍ നല്‍കിയ മൊഴി, ദൃക്‌സാക്ഷികളുടെ മൊഴികളെ ശരിവെക്കുന്നതാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് മൂന്നാം തീയതി തുടങ്ങിയ കേസ് വിചാരണയില്‍ 18 സാക്ഷികളെയും. 43 രേഖകളും 11 തൊണ്ടി സാധനങ്ങളും കോടതിയില്‍ ഹാജരാക്കി.
















