മിർപൂർ: പാക്കിസ്ഥാനെതിരായ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാന് 130 റൺസിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത യുഎഇ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുത്തു. തുടർന്ന് ബാറ്റിങ് ആരംഭിച്ച പാക്കിസ്ഥാൻ ഒടുവിൽ വിവരംകിട്ടുമ്പോൾ നാല് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 17 റൺസ് എന്ന നിലയിൽ തകർച്ചയെ നേരിടുകയാണ്. റണ്ണൊന്നുമെടുക്കാതെ ഉമർ അക്മലും ഷൊഐബ് മാലിക്കും ക്രീസിൽ. 11 റൺസെടുത്ത മുഹമ്മദ് ഹഫീസ്, നാല് റൺസെടുത്ത ഷർജീൽ ഖാൻ, റണ്ണൊന്നുമെടുക്കാതെ ഖുറാം മൻസൂർ എന്നിവരാണ് മടങ്ങിയത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത യുഎഇക്ക് തുടക്കത്തിൽ കനത്ത തിരിച്ചടി നേരിട്ടു. പാക് പേസർമാരുടെ ആക്രമണത്തിന് മുന്നിൽ അവർ ഒരു ഘട്ടത്തിൽ നാല് ഓവറിൽ മൂന്നിന് 12 എന്ന നിലയിലേക്ക് തകർന്നു. പിന്നീട് ഷെയ്‌മാൻ അൻവറിന്റെ മികച്ച ബാറ്റിങാണ് യുഎഇയെ തുണച്ചത്.
പിന്നീട് 46 റൺസെടുത്ത് ഇന്നിങ്‌സിലെ ടോപ്‌സ്‌കോറർ ഷെയ്‌മാൻ അൻവറിന്റെയും 21 റൺസെടുത്ത മുഹമ്മദ് ഉസ്മാന്റെയും 27 റൺസെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റൻ അംജദ് ജാവേദിന്റെയും 10 റൺസെടുത്ത് പുറത്താകാതെ നിന്ന മുഹമ്മദ് നവീദിന്റെയും കരുത്തിലാണ് 129 റൺസ് എത്തിയത്. പാക്കിസ്ഥാന് വേണ്ടി മഹുമ്മദ് ആമിർ നാല് ഓവറിൽ ആറ് റൺസിന് രണ്ടും മുഹമ്മദ് ഇർഫാൻ 30 റൺസിന് രണ്ടും വിക്കറ്റുകൾ വീഴ്‌ത്തി.
















