കൊച്ചി: ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികളെ സാമൂഹ്യ വിരുദ്ധര്‍ ആക്രമിച്ച സംഭവം വര്‍ഗീയവത്കരിച്ച് മുതലെടുപ്പ് നടത്താനിറങ്ങിയ സിപിഎം നേതാവ് പിണറായി വിജയന് നാണം കെട്ടു. ബീഫ് കഴിച്ചതിനാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതെന്നായിരുന്നു പിണറായിയുടെ കണ്ടെത്തല്‍. ഫേസ്ബുക്കില്‍ ഇത് എഴുതുകയും ചെയ്തു. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികളും പോലീസും ഈ ആരോപണം നിഷേധിക്കുമ്പോഴായിരുന്നു ഇത്.
ബീഫ് പ്രശ്നത്തിന്റെ പേരിലാണ് അക്രമമുണ്ടായതെന്നത് വ്യാജപ്രചാരണം മാത്രമാണെന്ന് ബംഗളുരു പോലീസ് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. ബീഫല്ല പ്രശ്നത്തിന് കാരണമെന്ന് അക്രമത്തിനിരയായ മെര്‍വിനും വിശദീകരിച്ചിരുന്നു. വാസ്തവം ഇതായിരിക്കെ അക്രമസംഭവത്തെ വര്ഗീയവത്കരിക്കാനായിരുന്നു പിണറായിയുടെ ശ്രമം. പാര്‍ട്ടി പത്രം ദേശാഭിമാനി പിണറായിയുടെ അതേ നിലവാരത്തില്‍ ഒന്നാം പേജില്‍ വ്യാജ വാര്‍ത്ത നല്‍കുകയും ചെയ്തു.
വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച് രാഷ്ട്രീയ ലാഭം കൊയ്യാന്‍ പിണറായിലെ പോലെ മുതിര്‍ന്ന നേതാക്കള്‍ ഇറങ്ങുന്നത് അപലപനീയമാണെന്ന് ബിജെപി നേതാവ് വി. മുരളീധരന് ഫേസ്ബുക്കില്‍ പ്രതികരിച്ചു. നുണപ്രചരണം നടത്തുന്നതില്‍ നിന്നും പിണറായി വിജയന് പിന്മാറണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
ഫേസ്ബുക്കിലും പിണറായിക്ക് വിമര്‍ശനം നേരിടേണ്ടി വന്നു. ഇല്ലാത്ത വിഷയങ്ങള്‍ പ്രചരിപ്പിച്ച് ഭിന്നിപ്പുണ്ടാക്കി മുതലെടുക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലിയാണെന്നും പാര്‍ട്ടി ചാനലും പത്രവും മാത്രം നോക്കി പ്രതികരിച്ചാല്‍ ഇതാകും ഫലമെന്നുമൊക്കെയാണ് പ്രതികരണങ്ങള്‍. എന്നാല്‍ തെറ്റ് വ്യക്തമായിട്ടും പോസ്റ്റ് പിന്‍വലിക്കാന്‍ പിണറായി തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: