വര്‍ത്തമാനകാല അനുഭവങ്ങളും ദുരിതകാഴ്ചകളും നമുക്ക് ചുറ്റിലും പരന്നുകിടക്കുകയാണ്. സഹായത്തിന്റെയും സഹാനുഭൂതിയുടെയും കാരുണ്യഹസ്തങ്ങള്ക്കുവേണ്ടി, പ്രത്യാശയുടെ ഇത്തിരി വെട്ടത്തിനുവേണ്ടി ജീവിതത്തിന്റെ അരിക് പറ്റി കഴിയുന്ന എത്രയോ ജീവിതങ്ങള്‍ നമ്മുടെ ജീവിതവഴിത്താരയിലുണ്ട്. കണ്മുന്നിലെ ഇത്തരം ജീവിതയാഥാര്‍ത്ഥ്യങ്ങളെ കാണാതെ പോയിട്ട്, എന്ത് വഴിപാട് നടത്തിയാലും ജീവിതം എത്ര മോടിപിടിപ്പിച്ചാലും ഉത്സവങ്ങള്‍ എത്ര കെങ്കേമമായി ആഘോഷിച്ചാലും അതെല്ലാംതന്നെ നിരര്‍ത്ഥകമായി ഭവിക്കുന്ന കാര്യങ്ങളാണ്.
ഉത്സവങ്ങള്‍ക്കും മറ്റും പൊടിപൊടിക്കുന്ന ലക്ഷോപലക്ഷങ്ങളുടെ ഒരു പങ്ക്, ജീവകാരുണ്യ പ്രവൃത്തികള്‍ക്കായി മാറ്റിവയ്ക്കാന്‍ ആഘോഷകമ്മറ്റികള്ക്ക് തീരുമാനിക്കാന്‍ കഴിഞ്ഞാല്‍, അത് ഏറ്റവും ശ്ലാഘനീയമായ സംഗതിയാവും എന്നുള്ളത് തീര്‍ച്ചയാണ്. അവശത അനുഭവിക്കുന്ന അശരണര്‍ക്കും നിരാലംബര്‍ക്കും രോഗികള്‍ക്കും ആശ്വാസകരമാകുന്ന തരത്തില്‍ അവരുടെ കൈകളില്‍ ആ സഹായം എത്തിക്കാന്‍ കഴിഞ്ഞാല്‍ അതായിരിക്കും ഏറ്റവും ഉത്തമമായ മാധവസേവയാവുക. വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും മുറുകെപിടിക്കുമ്പോഴും അതിലെ ‘സത്ത’ ഉയര്‍ത്തിപ്പിടിക്കാനും പ്രാവര്‍ത്തികമാക്കാനും നാം ശ്രമിക്കേണ്ടതുണ്ട്.
കലിയുഗത്തില്‍ ഭക്തി വരികയും ജ്ഞാനം കുറഞ്ഞുവരികയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്. ഭൗതിക ഉയര്‍ച്ചക്കുവേണ്ടിയുള്ള മനുഷ്യന്റെ അടങ്ങാത്ത ത്വര അത് ശരിവെക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, ജീവിതത്തിലെ ആര്‍ഭാടം, കുറച്ച് ഭൗതികതയുടെ വളവളപ്പിനപ്പുറം ആത്മീയതയുടെ ചുവടുപിടിച്ച് ജീവിതം അര്‍ത്ഥവത്തും ധന്യവുമാക്കാന് ശ്രദ്ധിക്കേണ്ടതുണ്ട്. അതിനുള്ള ഉത്തമമാര്‍ഗമാണ് മാനവസേവ. അതായിരിക്കട്ടെ നമ്മുടെ ഈശ്വരാര്ച്ചനകള്.
മനോജ്കൃഷ്ണന്‍,പെരുമ്പാവൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: