കടുത്തുരുത്തി: കോതനല്ലൂര്‍ പള്ളിത്താഴം റെയില്‍വേ ഗെയിറ്റിന് സമീപം റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഇന്നലെ രാവിലെ ഇതുവഴിപോയ തൊഴിലാളികളാണ് വിള്ളല്‍ ആദ്യം കണ്ടത്. ഈ സമയത്ത് എറണാകുളം-കായംകുളം മെമു കടന്ന് പോയിരുന്നു. പള്ളിത്താഴം റെയില്‍വേ ഗേറ്റ് കീപ്പറെ തൊഴിലാളികള്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ട്രാക്ക്മാന്മാര് വിള്ളല്‍ വീണ ഭാഗത്തിന്റെ അടിയിലായി ക്ലാമ്പ് ഉപയോഗിച്ച് ഉറപ്പിച്ചു. ഇതിനാല്‍ കോട്ടയം-എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം ഒരു മണിക്കൂര്‍ സ്തംഭിച്ചു. വിള്ളലിന്റെ ഭാഗത്തെ പണിക്കുശേഷം വേഗതകുറച്ചാണ് ഇതിലൂടെ ട്രെയിനുകള്‍ കടന്നുപോയത്. പിന്നീട് റെയില്‍വേയുടെ പ്രത്യക യൂണിറ്റ് എത്തി പാളത്തിന്റെ വിള്ളല്‍ വെല്‍ഡ് ചെയ്തു യോജിപ്പിച്ചു. അന്തരീക്ഷത്തില്‍ ചൂട് കൂടുമ്പോള്‍ ഇത്തരത്തില്‍ കേടുപാടുകള്‍ ഉണ്ടാകുന്നതാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: