ഇടുക്കി: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് നാളെ മൂന്നാറില്‍ എഐഎഡിഎംകെ സംഘടിപ്പിച്ചിരിക്കുന്ന പൊതുയോഗത്തിന് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തും. ചടങ്ങില്‍ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന രസഹ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് പോലീസ് സജ്ജമായിരിക്കുന്നത്. മൂന്നാറില്‍ കരുത്ത് തെളിയിക്കാനുള്ള എഐഎഡിഎംകെയുടെ നീക്കം മുന്നണികളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.
മൂന്നാര്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നാളെ വൈകിട്ട് നാലിനാണ് പരിപാടി. പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള തമിഴ് വംശജരെ പരിപാടിയിലേക്ക് എത്തിക്കാനാണ് സംഘാടകര്‍ ശ്രമിക്കുന്നത്. പരിപാടിയിലെത്തുന്നവര്ക്ക് തയ്യല്മെഷീന്, ലാപ്ടോപ്പ്, സൈക്കിള്‍, സാരി, ഫാന്‍ എന്നിങ്ങനെയുള്ളവ വിതരണം ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പില്‍ പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല നിയോജകമണ്ഡലങ്ങളില്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. ഈ മേഖലകളില്‍ മികച്ച മുന്നേറ്റം കാഴ്ച വയ്ക്കുന്നതിനാണ് മൂന്നാറില്‍ ജയലളിതയുടെ 68-ാം പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. 68-ാം പിറന്നാള്‍ ആയതിനാല്‍ 6868 ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ മൂന്നാറില്‍ വിതരണം ചെയ്യുമെന്നാണ് സംഘാടകര്‍ പറയുന്നത്.
സമ്മേളനത്തിന് തിരപ്പൂര്‍ എം.പി മഹേന്ദ്രന്, വാത്തിക്കുളം എംഎല്‍എ ഷണ്മുഖവേല് എന്നിവരാണ് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പില്‍ ദേവികുളം, മറയൂര്‍, പീരുമേട് എന്നിവിങ്ങളില്‍ മൂന്ന് മെമ്പര്‍മാര്‍ എഐഎഡിഎംകെ പാനലില്‍ വിജയിച്ചിരുന്നു. ജില്ലയില്‍ പതിനായിരത്തോളം അംഗത്വ ഫോമുകളാണ് എഐഎഡിഎംകെ വിതരണം ചെയ്തത്.
എഐഎഡിഎംകെയുടെ നീക്കം ഇടത്, വലത് മുന്നണികള്‍ക്ക് ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. തമിഴ്നാട്ടിലെ സ്പെഷല്‍ ബ്രാഞ്ച് പോലീസ് മൂന്നാറില്‍ ഇടയ്ക്കിടെ എത്തുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: