യുപിഎ ഭരണകാലത്ത് സിബിഐയെ ദുരുപയോഗം ചെയ്തിരുന്നത് പലവട്ടം ഉയര്‍ന്നുവന്ന വിഷയമാണ്. ഇത്തരം ദുരുപയോഗങ്ങളെല്ലാം രാഷ്ട്രീയ ഉദ്യേശത്തോടെ ആയിരുന്നുതാനും. സിബിഐയുടെ വിശ്വാസ്യത തകര്‍ക്കുക മാത്രമല്ല, സിബിഐ ഉദ്യോഗസ്ഥന്മാരുടെ മികവ് നഷ്ടപ്പെടുത്തുന്നതിനും നിരന്തരമുള്ള ഇടപെടലുകള്‍ കാരണമായി. കേസന്വേഷണത്തില്‍ തെളിവുകള്‍ക്ക് വലിയ പ്രസക്തി ഇല്ലാതാകുകയും രാഷ്ട്രീയ ലക്ഷ്യത്തിനായി ഉദ്യോഗസ്ഥരെ നിരന്തരം ഉപയോഗിക്കുകയും ചെയ്തു. ഇതുമൂലം സിബിഐ അന്വേഷണം നടത്തുന്ന കേസുകളിലെ കുറ്റവാളികളെ കണ്ടെത്തുന്നതിലെ ശരാശരിയില്‍ വലിയ തോതില്‍ കുറവുണ്ടായി.
കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരെ സിബിഐ ചോദ്യംചെയ്ത സംഭവത്തെ ഇതുമായി കൂട്ടിയോജിപ്പിക്കേണ്ടതുണ്ട്. ഇസ്രത് ജഹാന് കേസുമായി ബന്ധപ്പെട്ടായിരുന്നു ഐബി ഉദ്യോഗസ്ഥരെ ചോദ്യംചെയ്തത്.
മാധ്യമ റിപ്പോര്‍ട്ടുകളും കോടതി രേഖകളും വ്യക്തമാക്കുന്നത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ടെത്തിയ ലഷ്കറെ തോയ്ബ സംഘം 2004ല്‍ പടിഞ്ഞാറന്‍ ഭാരതത്തില്‍ സജീവമായിരുന്നെന്നാണ്. ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഐബി ഗുജറാത്ത് പോലീസിന് വിവരം കൈമാറുന്നത്. ഇതേ തുടര്‍ന്ന് നാല് ലഷ്കര്‍ അംഗങ്ങള്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ലഷ്കറിന്റെ ലാഹോറില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മുഖപത്രമായ ‘ഗസ്വ ടൈംസ്’ ഇസ്രത് ജഹാന് തങ്ങളുടെ ചാവേറായിരുന്നെന്ന് വ്യക്തമാക്കിയിരുന്നു. അതുമാത്രമല്ല പത്രം ഇസ്രത്തിന്റെ രക്തസാക്ഷിത്വത്തിന് ആദരാഞ്ജലിയും അര്‍പ്പിച്ചു. ഇസ്രത്തിന്റെ ശിരോവസ്ത്രം നീക്കിയതിന് ഭാരത പോലീസിനോട് പ്രതികാരം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇസ്രത്തിന്റെ മാതാവ് ഗുജറാത്ത് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചതോടെ കേസില്‍ കേന്ദ്രസര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഇതേത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇസ്രത്തും സംഘവും ലഷ്കര്‍ സംഘാംഗങ്ങളാണെന്നും രഹസ്യാന്വേഷണ വിവരങ്ങള്‍ ശരിയായിരുന്നെന്നും വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ ഒരു പ്രമുഖരാഷ്ട്രീയ നേതാവിനെ വധിക്കാനായി എത്തിയതായിരുന്നു സംഘമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. മുംബൈ ഭീകരാക്രമണ കേസിലെ ബുദ്ധികേന്ദ്രമായ പാക്കിസ്ഥാനി അമേരിക്കനായ ഡേവിഡ് കോള്മാന് ഹെഡ്ലിയെ ചോദ്യംചെയ്ത ദേശീയ അന്വേഷണ ഏജന്‍സിക്ക് ഇസ്രത്തിന്റെ ലഷ്കര്‍ ബന്ധത്തെപ്പറ്റി വിവരം ലഭിച്ചിരുന്നു. ലഷ്കര്‍ കമാണ്ടറായിരുന്ന മുസമ്മിലാണ് ഇസ്രതിനെ റിക്രൂട്ട് ചെയ്തതെന്നും ഇസ്രത് ലഷ്കറിന്റെ പ്രധാന സംഘാംഗമായിരുന്നെന്നും ഹെഡ്ലി വ്യക്തമാക്കി.
എന്നാല്‍ ദല്‍ഹിയിലെ രാഷ്ട്രീയാധികാരികള്‍ ലഷ്കറെ തോയ്ബയുടെ സംഘത്തിനെതിരായ പോലീസ് നടപടിയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തീരുമാനിച്ചു. ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്താന്‍ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചു. പുതിയ സത്യവാങ്മൂലത്തില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഒഴിവാക്കപ്പെട്ടു. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ശരിയാണോയെന്ന് ഉറപ്പാക്കി നടപടി സ്വീകരിക്കേണ്ടത് സംസ്ഥാന പോലീസിന്റെ ഉത്തരവാദിത്വമാണെന്നാണ് പുതിയ സത്യവാങ്മൂലത്തിലെ കേന്ദ്രപരാമര്ശം. ഈ മാറ്റം രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നെന്ന് വ്യക്തം. ഇസ്രത് കേസിലെ പൊതുതാല്‍പ്പര്യ ഹര്‍ജിയെ ഇതു ചൂടുപിടിപ്പിച്ചു. നിലപാടില്‍നിന്നും മലക്കംമറിഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ നടപടി രാജ്യത്തിന്റെ സുരക്ഷയെയും അഖണ്ഡതയെയും ഭീകരവാദത്തിനെതിരായ പോരാട്ടത്തെയും ദുര്‍ബലപ്പെടുത്തുന്നതായി. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടേയും കൂട്ടുത്തരവാദിത്വത്തിനും യുപിഎ സര്‍ക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കള്ളസത്യവാങ്മൂലം പോറലേല്‍പ്പിച്ചു.
കേന്ദ്രത്തിന്റെ നിലപാടിന് പിന്നാലെ ലഷ്കറും ജമാ അത്ത് ഉദ്ദവയും ഇസ്രത്തിനെ ലഷ്കര്‍ സംഘാംഗമെന്ന് വിളിച്ചതിന് മാപ്പുപറഞ്ഞ് രംഗത്തെത്തി. കേസന്വേഷണം സിബിഐക്ക് കൈമാറ്റപ്പെട്ടു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഗുജറാത്തിലെ നേതൃത്വത്തിന്റെ കയ്യിലേക്ക് അന്വേഷണത്തിന്റെ നിയന്ത്രണം എത്തപ്പെട്ടു. അച്ചടക്കമില്ലാത്ത ഒരുവിഭാഗം പോലീസ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു ഇതിനു കൂട്ടുപിടിക്കാന്‍. സിബിഐയുടെ ഗുജറാത്തിലെ മിക്ക കേസുകളുടെയും അന്വേഷണം നിയന്ത്രിക്കപ്പെട്ടത് ഈ പോലീസ് ഉദ്യോഗസ്ഥരിലൂടെയായിരുന്നെന്ന് പിന്നീട് വ്യക്തമായി.
ഗുജറാത്തിലെയും രാജസ്ഥാനിലെയും ബിജെപി നേതാക്കള്‍ക്കെതിരെ വന്ന ചില സിബിഐ കേസുകള്‍ ഞാന്‍ പരിശോധിച്ചിട്ടുണ്ട്. തെളിവുകള്‍ അവഗണിച്ചുകൊണ്ടായിരുന്നു ഗുജറാത്തിലെ മുന്‍ ആഭ്യന്തരമന്ത്രിക്കെതിരായ സിബിഐ കേസുകള്‍. തെളിവുകളില്ലെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാണിച്ചപ്പോള്‍ ആഭ്യന്തരമന്ത്രിയായ അമിത് ഷായിലൂടെ മാത്രമേ മുഖ്യമന്ത്രിയിലേക്ക് തങ്ങള്‍ക്ക് എത്താന്‍ സാധിക്കൂ എന്നായിരുന്നു സിബിഐ ഉന്നതോദ്യോഗസ്ഥരുടെ മറുപടി.
രാജസ്ഥാനിലെ മുന്‍ ആഭ്യന്തരമന്ത്രി ഗുലാബ് കട്ടാരിയയ്ക്കെതിരായ കുറ്റപത്രം വായിച്ചാല്‍ പ്രേതകഥവായിക്കുന്നതുപോലെയിരിക്കും. മറ്റൊരു മന്ത്രിയായ രാജേന്ദ്ര റാത്തോഡിനെതിരായ കേസില്‍ യാതൊരു തെളിവുകളുമില്ലായിരുന്നു. രാഷ്ട്രീയമായ ലക്ഷ്യത്തോടെ തയ്യാറാക്കിയ ഈ കേസുകളില്‍ നിന്നെല്ലാം നേതാക്കള്‍ ജാമ്യംനേടി പുറത്തുവന്നു. സിബിഐയുടെ അക്കാലത്തെ പ്രവര്‍ത്തനങ്ങളെപ്പറ്റി ഒരു കമ്മീഷനെവെച്ച് അന്വേഷിച്ചാല്‍ പലതും പുറത്തുവരും.
ഇസ്രത് ജഹാന് കേസിലേക്ക് തിരിച്ചുവരാം. സിബിഐ ഗുജറാത്ത് പോലീസിലെ ചില ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരുന്നു. വേണ്ടസമയത്തിനുള്ളില് കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് അവര്‍ ജാമ്യം നേടി പുറത്തുവന്നു. ഇതോടെ കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരസ്യപ്പെടുത്താനായി സിബിഐയുടെ ശ്രമം.
മോദിഫോബിയയുടെ ഇരകളായി മാറുകയായിരുന്നു ഐബി ഉദ്യോഗസ്ഥര്‍ പിന്നീട്. ഐബിയുടെ ഉന്നത ഉദ്യോഗസ്ഥരെയെല്ലാം വേട്ടയാടി. രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ രീതികള്‍ വരെ സിബിഐ ചോദിച്ചറിഞ്ഞു. രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ നിയമവശങ്ങളേപ്പറ്റിയും സിബിഐ ചോദ്യംചെയ്തു. ശേഖരിച്ച വിവരങ്ങളുടെ വിശ്വാസ്യതയെപ്പറ്റിയും ചോദ്യംചെയ്യലുണ്ടായിരുന്നു. ലഷ്കറിനെതിരെ ശേഖരിച്ച വിവരങ്ങള്‍ ഗുജറാത്ത് പോലീസിന് കൈമാറിയതിനെയും സിബിഐ ചോദ്യംചെയ്തു.
പാക്കിസ്ഥാനും ലഷ്കറെ തോയ്ബയുമാണ് ഇതെല്ലാം കണ്ട് ചിരിച്ചത്. അന്വേഷണ ഏജന്‍സികളുടെ തകര്‍ച്ചയ്ക്ക് ഇതെല്ലാം കാരണമാകുമെന്ന് ദല്‍ഹി ഭരിച്ചവര്‍ തിരിച്ചറിഞ്ഞില്ല. രാജ്യത്തിന്റെ സുരക്ഷിതത്വം ഇല്ലാതാക്കിയാലും ഗുജറാത്ത് സര്‍ക്കാരിനെ ഏതുവിധേനയും മോശക്കാരാക്കുക എന്നതു മാത്രമായിരുന്നു ഇസ്രത് ജഹാന് കേസില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദ്യേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: