ശ്രീനഗര്‍: പാമ്പോറില്‍ സൈന്യവുമായി ഏറ്റുമുട്ടിയ ഭീകരരെ പ്രശംസിച്ച് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ മേധാവി സെയ്ദ് സലാഹുദ്ദീന്‍. സലാഹുദ്ദീന്റെ ഇളയമകനെ പോരാട്ടസ്ഥലത്തു നിന്ന് രക്ഷിച്ച് സൈന്യം. കഴിഞ്ഞ ദിവസമാണ് ഈ വൈരുദ്ധ്യം പ്രകടമായത്.
പാമ്പോറിലെ സംരംഭകത്വ വികസന കേന്ദ്രത്തിലാണ് കൊടും ഭീകരനും ഹിസ്ബുള്‍ മേധാവിയുമായ സെയ്ദ് സലാഹുദ്ദീന്റെ ഇളയമകന്‍ സെയ്ദ് മുയീന്‍ ജോലി ചെയ്യുന്നത്. ഇയാള്‍ ഇവിടെ കമ്പ്യൂട്ടര്‍ അനലിസ്റ്റാണ്.
ദിവസങ്ങള്‍ക്കു മുന്‍പാണ് ഇവിടെ മൂന്ന് ലഷ്‌ക്കര്‍ ഭീകരര്‍ തോക്കുകളുമായി പാഞ്ഞുകയറിയത്. വിവരമറിഞ്ഞെത്തിയ സൈന്യം മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെയും കൊന്നു. പോരാട്ടത്തില്‍ രണ്ട് സൈനികരും വീരമൃത്യു വരിച്ചിരുന്നു. പോരാട്ടം നടക്കവേ സൈന്യം ഈ കെട്ടിടത്തിലുണ്ടായിരുന്നവരെ സാഹസികമായി ഒഴിപ്പിച്ചിരുന്നു. അക്കൂട്ടത്തില്‍ മുയീനുമുണ്ടായിരുന്നു.
ആളെത്തിരിച്ചറിഞ്ഞിട്ടും ഒരു ഭാവഭേദവുമില്ലാതെ മുയീനെയും സൈന്യം സുരക്ഷിത കേന്ദ്രത്തിലേക്ക് നീക്കി. 31കാനായ ഇയാളെ സൈന്യം ശല്യം ചെയ്യുകയോ ചോദ്യം ചെയ്യുകയോ ഒന്നും ചെയ്തില്ല. നൂറോളം പേരെ സൈന്യം ഇവിടെ നിന്ന് മാറ്റിയിരുന്നു. അവരെപ്പോലെ തന്നെയാണ് സൈന്യം എന്നെയും കണ്ടത്. സുരക്ഷിത സ്ഥലത്തേക്ക് എന്നെയും മാറ്റി. അല്ലെങ്കില്‍ വെടിവയ്‌പ്പിനിടയില്‍ കുടുങ്ങുമായിരുന്നു. മുയീന്‍ പറഞ്ഞു.
എന്നാല്‍ വെടിവയ്‌പ്പ് കഴിഞ്ഞയുടന്‍ സൈന്യവുമായി ഏറ്റുമുട്ടിയ ഭീകരരെയും അവരെ സഹായിച്ച നാട്ടുകാരെയും പ്രശംസിക്കുകയാണ് സെയ്ദ് സലാഹുദ്ദീന്‍ ചെയ്തത്. ഭീകരര്‍ക്ക് അയാള്‍ ധീരതയ്‌ക്കുള്ള ഹിലാല്‍ ഇ ഷൂജത്ത് എന്ന സമ്മാനം പ്രഖ്യാപിക്കുകയും ചെയ്തു. 90കളില്‍ പാക്കിസ്ഥാനിലേക്ക് പോയ സലാഹുദ്ദീനും നാല് ആണ്‍മക്കളും മകളും ജമ്മുകശ്മീര്‍ സര്‍ക്കാര്‍ ജീവനക്കാരാണ്. ഒരു മകന്‍ ഡോക്ടറാണ്. ഒരാള്‍ ലാബ് ടെക്‌നീഷ്യന്‍. മകള്‍ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരിയാണ്.
















