പൂച്ചാക്കല്‍: തൈക്കാട്ടുശ്ശേരി ഗ്രാമത്തിലെ ചൊരിമണലില്‍ സൂര്യകാന്തി പ്രഭ വിടര്‍ന്നു. എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍, സിനിമ നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡില്‍ വെളിയില്‍ വി.എന്‍.ബാബുവാണ് പരീക്ഷണാടിസ്ഥാനത്തില്‍ സൂര്യകാന്തി കൃഷി ചെയ്തത്.
കൃഷിയിലെ മികച്ച വിളവ് തൈക്കാട്ടുശേരി ഗ്രാമവാസികള്‍ക്ക് വേറിട്ട കാഴ്ചകളാണ് നല്‍കുന്നത്. വീട്ടുവളപ്പില്‍ രണ്ടര സെന്റ് സ്ഥലത്താണ് സൂര്യകാന്തി കൃഷി ചെയ്തത്. തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്ന് ഹൈബ്രീഡ് വിത്തുകള്‍ വാങ്ങിയാണ് കൃഷിക്ക് തുടക്കം കുറിച്ചത്. 300 ഓളം ചുവട് കൃഷിയാണ് ആദ്യഘട്ടത്തില്‍ കൃഷിചെയ്തത്.
സിലിക്കാമണല്‍ അരിക്കുന്ന സ്വന്തം കമ്പനിയില്‍ നിന്നും സിലിക്കാ മണല്‍ മാറ്റുമ്പോള്‍ ലഭിക്കുന്ന ചെളിനിറഞ്ഞ മണലാണ് സുര്യകാന്തിക്ക് വളമായി ഉപയോഗിക്കുത്. വിളവെടുപ്പ് കാലാവധി 85 ദിവസമാണ്. സാമൂഹ്യ പ്രവര്‍ത്തകന്‍ , വ്യവസായി തുടങ്ങിയ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോഴും കര്‍ഷകന്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം സമയം കണ്ടെത്തുന്നു.
സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ രക്ഷാധികാരികൂടിയാണ് വി.എന്‍.ബാബു. ഭാര്യ ശാന്തമ്മയും സുര്യകാന്തി കൃഷിയില്‍ പ്രത്യേകം താല്‍പര്യമെടുത്തിരുന്നു. വേനല്‍ക്കാലമാണ് സൂര്യകാന്തി കൃഷിക്ക് യോജിച്ച സമയമെന്നും കീടങ്ങളുടെ ആക്രമണം ഇല്ലാഞ്ഞത് മികച്ച വിളവെടുപ്പിന് സഹായമായെന്നും ബാബു പറയുന്നു.
ഒരു പൂവ് 70 ഗ്രാം മുതല്‍ 100 ഗ്രാം വരെ വരും. ഒരു കിലോ സൂര്യകാന്തി പൂവില്‍ നിന്നും 350 ഗ്രാമോളം സൂര്യകാന്തി എണ്ണ ലഭിക്കും.
കോയമ്പത്തൂര്‍ മധുക്കരയിലെ സ്വന്തം ഭൂമിയില്‍ സുര്യകാന്തിയും മറ്റ് കാര്‍ഷിക വിളകളും വിപുലമായി കൃഷി ചെയ്യുതിനും പ്രത്യേക പദ്ധതി തന്നെ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















