ന്യൂദല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട ഭീകരന് അഫ്സല് ഗുരുവിനെ ന്യായീകരിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ പി. ചിദംബരം രംഗത്ത്. പാര്‍ലമെന്റാക്രമണക്കേസില്‍ അഫ്സല് ഗുരുവിന് പങ്കുണ്ടോയെന്ന കാര്യം സംശയാസ്പദമാണെന്നാണ് യുപിഎ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയും പിന്നീട് ധനമന്ത്രിയുമായിരുന്ന ചിദംബരത്തിന്റെ ഇപ്പോഴത്തെ നിലപാട്.
യുപിഎ സര്‍ക്കാരിന്റെ കാലത്താണ് അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയത്. അന്ന് ധനമന്ത്രിയായിരുന്നു ചിദംബരം. ഇക്കാലമത്രയും ഈ വിഷയത്തില്‍ മൗനം പാലിച്ച ചിദംബരം ജെഎന്‍യു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ ഈ പ്രതികരണത്തില്‍ ഏറെ ദുരൂഹതയുണ്ട്. അഫ്സല് ഗുരുവിനെ തൂക്കിലേറ്റുമ്പോള്‍ യുപിഎ മന്ത്രിസഭയിലെ മൂന്നാമനായിരുന്നു ചിദംബരം. ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തില്‍ എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ അന്ന് അക്കാര്യം പറയാനും ശിക്ഷാവിധി മാറ്റിവെപ്പിക്കുവാനും ചിദംബരത്തിനാവുമായിരുന്നു.
എന്നാല്‍ നീണ്ട മൗനത്തിന് ശേഷമുള്ള ഈ പ്രതികരണം അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുന്ന തനിക്കും കുടുംബത്തിനും ഭീകരന്മാരുടെയും ഇവരെ പിന്താങ്ങുന്ന മറ്റ് പാര്‍ട്ടികളുടെയും പിന്തുണക്ക് വേണ്ടിയായിരുന്നുവെന്നാണ് സൂചന.
വ്യക്തിപരമായി എതിര്‍പ്പുണ്ടായിരുന്നെങ്കിലും സര്‍ക്കാരിന്റെ ഭാഗമെന്ന നിലയില്‍ എതിര്‍ക്കാനാവില്ലെന്നായിരുന്നു എന്നാണ് ചിദംബരത്തിന്റെ നിലപാട്. രാജ്യദ്രോഹമുദ്രാവാക്യം വിളിച്ച് അഫ്സല് ഗുരു അനുസ്മരണം നടത്തിയ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തതിലും ചിദംബരം പ്രതിഷേധിച്ചു.
കേന്ദ്രത്തില്‍ ആഭ്യന്തരമന്ത്രിയും ഭീകരനെ തൂക്കിലേറ്റുമ്പോള്‍ ധനമന്ത്രിയുമായിരുന്ന ചിദംബരത്തിന്റെ പ്രസ്താവനക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: