തിരുവനന്തപുരം: പാമോയില്‍ കേസില്‍ വിജിലന്‍സ് കോടതിയുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെയാണ് സഭ പ്രക്ഷുബ്ധമായത്. രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കും ഇരുപക്ഷത്തിന്റെയും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ വെട്ടിച്ചുരുക്കുകയായിരുന്നു. പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് സ്പീക്കര്‍ എന്‍. ശക്തന് സഭ നിര്‍ത്തി വച്ച് അദ്ദേഹത്തിന്റെ ചേംബറില്‍ ചര്‍ച്ച നടത്തിയെങ്കിലും സമവായം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇന്ന് നിശ്ചയിച്ചിരുന്ന നടപടി ക്രമങ്ങള്‍ കൂടി ഇന്നലെ പരിഗണിച്ച ശേഷം സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
പ്രതിപക്ഷത്ത് നിന്ന് രാജു എബ്രഹാമാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിജിലന്‍സ് കോടതി ഉത്തരവോടെ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമായിരിക്കുകയാണെന്ന് രാജു എബ്രഹാം പറഞ്ഞു. പാമോയില്‍ ഇടപാടിലെ ഫയലില്‍ ഒപ്പിട്ടത് കൊണ്ടാണ് ടി. എച്ച്. മുസ്തഫ പ്രതിയായത്. ഉമ്മന്‍ചാണ്ടിയും ഒപ്പിട്ടിട്ടുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ പ്രതിയാകാന്‍ പോകുകയാണ്. അതുകൊണ്ടാണ് കേസ് രണ്ടുതവണ പിന്‍വലിക്കാന്‍ ശ്രമിച്ചതെന്നും രാജുഎബ്രഹാം ആരോപിച്ചു.
മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെന്ന് സുപ്രീംകോടതി വരെ വ്യക്തമാക്കിയതാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി പറഞ്ഞു. മുഖ്യമന്ത്രി സംസാരിക്കാന്‍ എഴുന്നേറ്റതോടെ പ്രതിപക്ഷം മുദ്രാവാക്യംവിളി ശക്തമാക്കി. മുഖ്യമന്ത്രിയെ സംസാരിക്കാന്‍ അനുവദിച്ചില്ല. ഇതോടെ ഭരണപക്ഷത്തുനിന്നും വാക്പോരു തുടങ്ങി.
പാമോലിന്‍ സര്‍ക്കാരിന് നഷ്ടം വന്ന കേസ് അല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഭിക്കുമായിരുന്ന ലാഭത്തില്‍ രണ്ട് കോടിയുടെ കുറവ് വന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് കേസ്. എട്ട് കോടിയുടെ ലാഭമുണ്ടായതാണ് പാമോലിന്‍ ഇടപാട്. ഒരു രൂപ പോലും നഷ്ടമുണ്ടായ കേസ് ആയിരുന്നില്ല. ചിലരെ കുടുക്കാന്‍ വേണ്ടി ഒരുക്കിയ കെണി മാത്രമായിരുന്നു പാമോലിന്‍ കേസെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് ഇറങ്ങിപ്പോകുന്നതിനു മുമ്പ് പ്രസംഗിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് എഴുനേറ്റു. ഇതോടെ ഭരണപക്ഷ അംഗങ്ങള്‍ ചാടി എഴുന്നേറ്റു ബഹളം തുടങ്ങി. അഴിമതി കേസുകളില്‍പ്പെട്ട ഉമ്മന്‍ചാണ്ടിയെ കോടതി നിരന്തരം പ്രഹരിച്ചുകൊണ്ടിരിക്കുകയാണെന്ന് വിഎസ് പറഞ്ഞു. ഇതെല്ലാം കേട്ട് കവല ചട്ടമ്പിമാരുടെ ന്യായം പറയുകയാണ്. മുന്‍ഗാമികളായ പലരെയും രാജിവയ്പ്പിച്ച ഉമ്മന്‍ചാണ്ടിക്ക് സ്വന്തം കാര്യം വന്നപ്പോള്‍ മറവി രോഗം പിടിപ്പെട്ടിരിക്കുകയാണെന്നും വിഎസ് കുറ്റപ്പെടുത്തി. ഇറങ്ങിപ്പോകുന്നില്ലെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ബഹളം കനത്തതോടെ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് ചേരേണ്ട സമ്മേളനം വെട്ടിച്ചുരുക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: