ധാക്ക: ഏഷ്യാകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യക്കെതിരെ ജയിക്കാന്‍ ബംഗ്ലാദേശിന് 167 റണ്‍സ് വേണം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത്ത് ശര്‍മ്മയുടെ അര്‍ദ്ധസെഞ്ചുറിയുടെയും (55 പന്തില്‍ 83) ഹാര്‍ദിക് പാണ്ഡ്യയുടെയും (31) കരുത്തില്‍ ആറ് വിക്കറ്റിന് 166 റണ്‍സെടുത്തു. തുടര്‍ന്ന് ഇന്നിങ്സ് ആരംഭിച്ച ബംഗ്ലാദേശ് ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 11 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെടുത്തിട്ടുണ്ട്.
നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് നായകന് മഷ്റഫെ മൊര്‍ത്താസ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. എന്നാല്‍ മികച്ച തുടക്കം നല്കാന് ഓപ്പണര്‍ ശിഖര്‍ ധവാന് കഴിഞ്ഞില്ല. സ്കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ രണ്ട് റണ്‍സെടുത്ത ധവാനെ അല്‍ അമിന്‍ ഹൊസൈന്‍ ബൗള്‍ഡാക്കി. തുടര്‍ന്നെത്തിയ വിരാട് കോഹ്ലിക്കും ബംഗ്ലാ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്ക്കാന് കഴിഞ്ഞില്ല. സ്കോര്‍ 22-ല്‍ എത്തിയപ്പോള്‍ എട്ട് റണ്‍സെടുത്ത കോഹ്ലിയെ മൊര്‍താസയുടെ പന്തില്‍ മഹ്മദുള്ള കയ്യിലൊതുക്കി. തുടര്‍ന്നെത്തിയ സുരേഷ് റെയ്നക്കും യുവരാജിനും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല.
സ്കോര്‍ബോര്‍ഡില്‍ 42 റണ്‍സായപ്പോള്‍ 13 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത റെയ്നയെ മഹ്മദുള്ള ബൗള്‍ഡാക്കി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒരറ്റത്ത് യുവിയെ സാക്ഷിയാക്കി നിര്‍ത്തി രോഹിത്ശര്‍മ്മ കത്തിക്കയറിയതോടെ ഇന്ത്യ മത്സരത്തില്‍ തിരിച്ചെത്തി. 14.5 ഓവറില്‍ സ്കോര്‍ 97-ല്‍ എത്തിയപ്പോള്‍ 16 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത യുവിയെ ഷാക്കിബ് അല്‍ ഹസ്സന്റെ പന്തില്‍ സൗമ്യ സര്‍ക്കാര്‍ പിടികൂടി. ട്വന്റി 20യില്‍ യുവി 1000 റണ്‍സും തികച്ചു. ഇതിനിടെ രോഹിത് അര്‍ദ്ധസെഞ്ചുറിയും തികച്ചു. 42 പന്തില്‍ നിന്ന് നാല് ഫോറും ഒരു സിക്സറുമടക്കമാണ് രോഹിത് 50-ല്‍ എത്തിയത്. വ്യക്തിഗത സ്കോര്‍ 21-ല്‍ നില്‍ക്കേ രോഹിത് ശര്‍മ്മയെ പിടികൂടാനുള്ള അവസരം ഷാക്കിബ് അല്‍ ഹസന് വിട്ടുകളഞ്ഞിരുന്നു. ഇതിന് പിന്നീട് കനത്ത വിലയാണ് ബംഗ്ലാദേശ് നല്‍കേണ്ടിവന്നത്.
യുവിക്ക് പകരം ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡെ വെടിക്കെട്ട് ബാറ്റിങാണ് നടത്തിയത്. രോഹിത്തും ഹാര്‍ദിക് പാണ്ഡെയും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 4.3 ഓവറില്‍ 61 റണ്‍സ് അടിച്ചുകൂട്ടിയതോടെയാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്ക് നീങ്ങിയത്. എന്നാല്‍ അവസാന ഓവറിലെ രണ്ടാം പന്തില്‍ രോഹിതും നാലാം പന്തില്‍ ഹാര്‍ദിക് പാണ്ഡെയും മടങ്ങി. രണ്ടു പേരെയും മടക്കിയത് അല്‍ അമിന്‍ ഹൊസൈന്‍.
55 പന്തില്‍ നിന്ന് 7 ഫോറും മൂന്ന് സിക്സറുമടക്കം 83 റണ്‍സെടുത്ത് രോഹിത് മടങ്ങിയപ്പോള്‍ 18 പന്തില്‍ നിന്ന് നാല് ഫോറും ഒരു സിക്സറുമടക്കം ഹാര്‍ദിക് പാണ്ഡെ 31 റണ്‍സെടുത്തു. ഇന്നിങ്സിലെ അവസാന പന്തില്‍ ധോണി സിക്സറടിച്ചതോടെ ഇന്ത്യന്‍ സ്കോര്‍ 166-ല്‍ എത്തി. ബംഗ്ലാദേശിന് വേണ്ടി അല്‍ അമിന്‍ ഹൊസൈന്‍ 37 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഇന്നത്തെ കളിയില്‍ ശ്രീലങ്ക യുഎഇയുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: