ലോകരാഷ്ട്രങ്ങള്‍ അത് ഏതു വ്യവസ്ഥിതിയില്‍ ആയാലും… ഏകാധിപത്യമായാലും ജനാധിപത്യമായാലും മതാധിപത്യമായാലും മുതലാളിത്തമായാലും കമ്മ്യൂണിസമായാലും… ഇന്ന് മതമൗലികവാദത്തിന്റെ ഭീഷണി നേരിടുന്നു. ഈ യാഥാര്‍ത്ഥ്യത്തോട് നമ്മള് മുഖം തിരിഞ്ഞുനിന്നിട്ടു കാര്യമില്ല. ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും വിശ്വാസമില്ലാത്ത പ്രത്യയശാസ്ത്രങ്ങളുടെയും മതങ്ങളുടെയും അനുയായികള്‍ സമകാലിക ലോകത്ത് വളര്‍ന്നുവരുന്നുണ്ട്. പല രാജ്യങ്ങളിലായാണ് വ്യാപിച്ചുകിടക്കുന്നതെങ്കിലും ഒരു രാജ്യം പോലെ അവര്‍ പ്രവര്‍ത്തിക്കുന്നു. ഭാരതത്തിലും അവരുടെ പ്രവര്‍ത്തനം നിര്‍ബാധം തുടരുന്നുവെന്നാണ് ജെഎന്‍യുവിലെ അഫ്സല് ഗുരു അനുസ്മരണം വെളിവാക്കുന്നത്. മറ്റു ലോകരാഷ്ട്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഭാരതത്തില്‍ നിശ്ചിത ഇടവേളകളില്‍ ഭരണഘടനാനുസൃതം ജനകീയ തെരഞ്ഞെടുപ്പുകള്‍ നടക്കുകയും സര്‍ക്കാരുകള്‍ മാറി മാറി വരുകയും ചെയ്യുന്നു. വൈവിധ്യങ്ങള്‍ നിറഞ്ഞ ഭാരതത്തില്‍ ഈ രീതി പഞ്ചായത്ത് തലം മുതല്‍ പാര്‍ലമെന്റ് തലം വരെ നിര്‍ബാധം നടക്കുന്നു. എല്ലാവിധ രാഷ്ട്രീയ കക്ഷികളും ഈ പ്രക്രിയയില്‍ പങ്കെടുക്കുകയും ജയവും തോല്‍വിയും അംഗീകരിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഭാരതത്തിന്റെ ആത്മാവ് ഇതാണെന്ന് തിരിച്ചറിഞ്ഞ മതമൗലികവാദ-ഭീകരവാദികള്‍ ജനാധിപത്യത്തിന്റെ സിരാകേന്ദ്രമായ പാര്‍ലമെന്റ് ആക്രമിച്ച് തകര്‍ത്ത് ഭാരതജനതയുടെ ആത്മവിശ്വാസം ഇല്ലാതാക്കുവാനാണ് 2001 ഡിസംബറില്‍ അഫ്സല് ഗുരുവിന്റെ നേതൃത്വത്തില്‍ ശ്രമിച്ചത്. പക്ഷേ, ആ ശ്രമത്തെ ഭാരത ഭരണകൂടം സൈനികശക്തിയിലൂടെ നിഷ്പ്രഭമാക്കി. ഇതിനു ശ്രമിച്ച ഭീകരവാദികളെ നിയമവ്യവസ്ഥിതിക്കനുസരിച്ച് കുറ്റവിചാരണ നടത്തുകയും ശിക്ഷിക്കുകയും ചെയ്തു. 2001 ല്‍ നടന്ന സംഭവത്തിന് നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കി 2013 ല്‍ ആണ് അഫ്സല് ഗുരുവിനെ തൂക്കിലേറ്റുന്നത്.
ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും തച്ചുതകര്‍ക്കുവാന്‍ ശ്രമിച്ച അഫ്സല് ഗുരുവെന്നയാളെ അനുസ്മരിക്കുവാന്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേരിലുള്ള യൂണിവേഴ്സിറ്റിയിലെ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ യോഗം സംഘടിപ്പിച്ചത് എന്തുപറഞ്ഞാലും അപലപനീയം മാത്രമല്ല, രാജ്യദ്രോഹപരവുമാണ്. ഇതുവരെ കിട്ടിയ വിവരങ്ങള്‍ വച്ചു പറയുകയാണെങ്കില്‍ കശ്മീരില്‍ നിന്നുള്ള പത്തംഗസംഘം ജെഎന്‍യുവില്‍ ക്യാമ്പ് ചെയ്ത് ഈ രാജ്യദ്രോഹ പരിപാടി സംഘടിപ്പിക്കുവാന്‍ ചുക്കാന്‍ പിടിച്ചെന്നാണ്. ചില ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ എന്തിന് ഇതിന് കൂട്ടുനിന്നുവെന്നുള്ളത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ചിലപ്പോള്‍ അറിയാതെ കെണിയില്‍ പെട്ടുപോയതുമാവാം.
ഇങ്ങനെയുള്ള രാജ്യദ്രോഹപ്രവൃത്തികള്‍ മുളയിലെ നുള്ളിക്കളയേണ്ടത് ഭരണകര്‍ത്താക്കളുടെ പ്രാഥമിക ധര്‍മമാണ്. അതിന് ശക്തി പകരുവാന്‍ പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാരിനോട് സഹകരിക്കുകയും വേണം. രാജ്യദ്രോഹികളെ കൈകാര്യം ചെയ്യുവാന്‍ രാഷ്ട്രീയകക്ഷികളുടെ അനുയായികളെ കയറൂരിവിടാതെ പക്വതയുള്ളതും നിയമപരവുമായ ദ്രുതനടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം.
പാര്‍ലമെന്റ് ആക്രമണം നടത്തിയ ഒരു കൊടുംഭീകരന്റെ ചരമദിനം ഭാരതത്തില്‍ തന്നെ ആചരിക്കുന്നത് രാജ്യത്തിന്റെ ജനാധിപത്യത്തെ കൊഞ്ഞനം കുത്തുന്നതിനു തുല്യമാണ്. താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനായി ചില രാഷ്ട്രീയ കക്ഷികള്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത് നന്നല്ല.
വാരനാടന്‍, ചേര്‍ത്തല
പ്രതികരിക്കാൻ ഇവിടെ എഴുതുക: