പഠിച്ചുതുടങ്ങിയിട്ടു പതിറ്റാണ്ടുകള്‍ ആറിലേറെയായി. പക്ഷെ, ഒന്നും പഠിച്ചില്ലല്ലോ എന്ന തോന്നല്‍ വര്‍ധിക്കുന്നു. ശരിയായ അര്‍ത്ഥമറിയാത്ത എത്രയെത്ര വാക്കുകളാണ് ദിവസവും ആവര്‍ത്തിച്ചു കേള്‍ക്കുന്നത്! ദളിതനും ഫാസിസവും മറ്റും അതിലുള്‍പ്പെടും. അക്ഷരക്രമം തെറ്റുന്നു; ഉച്ചാരണം പിഴക്കുന്നു, മനുഷ്യഭാഷ തന്നെ നഷ്ടപ്പെടുന്നതുപോലെ…
ഓരോരുത്തരും അവരവരുടെ നിലപാടിനു ചേര്‍ന്നവിധം കഥകളും കാര്യങ്ങളും വളച്ചൊടിക്കുകയാണിവിടെ. ”ദളിതന്റെ പാഠശാലകള്‍” എന്ന എം.എന്‍.കാരശ്ശേരിയുടെ (മാതൃഭൂമി 23.1.16) ലേഖനമാണ് ഇങ്ങനെ എഴുതാനിടയാക്കിയത്. ലേഖനത്തിലെ പ്രധാന പ്രശ്നമായ രോഹിത് വെമുല എന്ന വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ സംബന്ധിച്ച ശരിതെറ്റുകളിലേക്ക് ഞാന്‍ കടക്കുന്നില്ല. ഒരു ഖണ്ഡിക മാത്രമാണ് എന്റെ പ്രശ്നം.
”ഇന്ത്യന്‍ പാരമ്പര്യത്തില്‍ അമ്മയില്‍നിന്നാണ് ജാതി കിട്ടുന്നത്. നമ്പൂതിരിക്കു നായര്‍ സ്ത്രീയില്‍ ജനിക്കുന്ന കുഞ്ഞ് നായരായിരിക്കുന്നത് ഉദാഹണം. ആ കണക്കില്‍ രോഹിത് ദളിതന് തന്നെ!”
ദളിതന് എന്ന പദം ജാതിയുമായി ബന്ധപ്പെട്ടതാണെന്നു മനസ്സിലായി. എന്നാല്‍ അത്തരമൊരു വാക്ക് ശബ്ദതാരാവലിയില്‍ കണ്ടില്ല. ഞാനൊരു പഴഞ്ചനായതിനാലാവാം; പുതിയ കാലത്തെ നിഘണ്ടുവില്‍ ഉണ്ടാകാം. ജാതിചിന്തയെപ്പറ്റി വ്യാകുലപ്പെടുകയും ഏറെ പ്രതികരിക്കുകയും ചെയ്ത മഹാകവി കുമാരനാശാന്റെ ‘ദളമര്മ്മരങ്ങള്’ മനസ്സിലുണ്ട്. ദളിത മര്മ്മരങ്ങളെപ്പറ്റി ആശാന് എങ്ങും എഴുതിവെച്ചിട്ടില്ല. ദളം ഇലയാണ്. ദലിതം, ദളിതം എന്നിവയ്ക്കു വിടര്‍ന്നത്, പിളര്‍ക്കപ്പെട്ടത് എന്നൊക്കെയാണ് പഴയ അര്‍ത്ഥം.
അതിരിക്കട്ടെ, ഭാരത പാരമ്പര്യത്തിനെ കാരശ്ശേരി മാഷ് കേരളീയ പാരമ്പര്യത്തില്‍ ഒതുക്കിയതു ശരിയായോ? നമ്പൂതിരിക്കു നായര്‍ സ്ത്രീയില്‍ ജനിച്ച കുട്ടി നായരായി കേരളത്തില്‍ അറിയപ്പെടുന്നുവെന്നത് ശരിയാകാം. അതു കേരളീയം. പക്ഷേ ഭാരതീയ പാരമ്പര്യം മറ്റൊന്നാണെന്നു കാണിക്കാനും ഉദാഹരണങ്ങള്‍ സുലഭമാണല്ലോ. ആറുനാട്ടില് നൂറുഭാഷ എന്നുപറയുന്നതുപോലെ ആചാര-വിശ്വാസങ്ങളിലും കാണുന്നു, എത്രയോ വൈചിത്ര്യങ്ങളും വ്യത്യാസങ്ങളും.
‘മഹാഭാരത’ രചയിതാവായ വ്യാസന്റെ ജനന കഥതന്നെ എടുത്തുനോക്കൂ. ബ്രഹ്മര്‍ഷിയായ പരാശരനാണ് അച്ഛന്. സത്യവതി എന്ന മുക്കുവസ്ത്രീ അമ്മയും. അപ്പോള്‍ കാരശ്ശേരിയുടെ കണക്കില്‍ അമ്മയുടെ ജാതി ചേര്‍ത്തു വ്യാസമുക്കുവന് എന്നല്ലേ വിളിക്കേണ്ടത്? ഭാരതം വിളിച്ചതോ? വ്യാസഭഗവാന് എന്നും! സത്യകാമന്റെ കഥ പറയുമ്പോള്‍ സത്യവതീപുത്രന്റെ ഈ കഥ കാരശ്ശേരി മാഷ് ഓര്‍ക്കാതെ പോയതെന്ത്?
മാത്രമല്ല, വ്യാസനു ക്ഷത്രിയ സ്ത്രീകളില്‍ ധൃതരാഷ്ട്രരും പാണ്ഡുവും ഉണ്ടായതിനു പിന്നാലെ ശൂദ്രദാസിയില്‍ വിദുരരും ഉണ്ടായി. കൗരവരും പാണ്ഡവരും അദ്ദേഹത്തെ ഒരുപോലെ ഇളയച്ഛനായി കണ്ടു സ്നേഹിച്ചു. ശ്രീകൃഷ്ണഭഗവാന് ഉള്‍പ്പെടെ സകലരാലും അദ്ദേഹം ബഹുമാനിക്കപ്പെട്ടിരുന്നു.
രാമായണത്തിലേക്കു കടന്നു ശംബൂകന്റെ കഥ പറഞ്ഞ് കാരശ്ശേരി, ശ്രീരാമനേയും കുറ്റപ്പെടുത്തുകയുണ്ടായി. പക്ഷേ നിഷാദനായ ഗുഹനെ സ്വസഹോദരനായി കണ്ടു ശ്രീരാമന് ആലിംഗനം ചെയ്ത കഥ എന്തേ മറന്നു? ശ്രീരാമന്റെ സ്നേഹബഹുമാനങ്ങള് നേടിയ ശബരിയും കാട്ടാള സ്ത്രീ ആയിരുന്നില്ലേ? സ്ത്രീയാണെന്നതുകൊണ്ടോ, താഴ്ന്ന ജാതിയായതുകൊണ്ടോ ശബരിയെ അകറ്റിനിര്‍ത്താന്‍ മതംഗമുനിയും തുനിഞ്ഞിരുന്നില്ല. തന്റെ കാലശേഷം ആശ്രമാധിപത്യം തന്നെ നല്‍കുകയായിരുന്നു.
കാരശ്ശേരി പറഞ്ഞ കഥകള്‍ക്കു സമാനമായ കഥകള്‍ ചിലതുമാത്രം ഞാന്‍ സൂചിപ്പിച്ചുവെന്നേയുള്ളൂ. അനാവശ്യമായും അനവസരത്തിലും കഥകള്‍ ഉദ്ധരിക്കുമ്പോള്‍ കുഴപ്പം സംഭവിച്ചേക്കും. വെളുക്കാന്‍ തേച്ചത് പാണ്ഡായി എന്ന അവസ്ഥ വരും. വളരെ സൂക്ഷ്മതയോടെ ഉപയോഗിച്ചാലോ അമൃതം നുകര്‍ന്ന് മരണത്തെ ജയിച്ച അവസ്ഥയാണ് ഉണ്ടാവുക. ഇതേക്കുറിച്ചു നമ്മെ ഓര്‍മിപ്പിക്കുന്ന ഒരു വാക്യമുണ്ട്. ”വിദ്യയാ അമൃതമശ്നുതേ.”
ഭാരതം കഥകളുടെ നാടാണ്; വിദ്യയുടെയും. ഏതു വാദത്തേയും ന്യായീകരിക്കാന്‍ പറ്റിയ കഥകള്‍ ഭാരതീയ പുരാണ-ഇതിഹാസ-നാടോടി സാഹിത്യത്തില്‍ വേണ്ടുവോളമുണ്ട്. നന്മയെ ഉയര്‍ത്തിക്കാട്ടാനോ, തിന്മയെ കൊഴുപ്പിക്കാനോ അവ ഒരാള്‍ക്കു തിരഞ്ഞെടുത്തു പ്രയോഗിക്കാം.
എന്നാല്‍, സ്പര്‍ദ്ധയോ തിന്മയോ വളര്‍ത്തലല്ല ഒരു നല്ല എഴുത്തുകാരന്റെ ധര്‍മം? നന്മയെ-മാനവികതയെ വളര്‍ത്തലാണ്. അതിനാല്‍ ചാടിക്കയറി വല്ലതും പറയാതെ വിവേകപൂര്‍വം നന്മയിലേക്കു വഴികാട്ടുന്നവിധം നമുക്ക് കഥകള്‍ പറയാം. എല്ലാ മാധ്യമങ്ങളും അതിന് ഉപയോഗപ്പെടുത്താം. ഒരവസരവും പാഴാക്കേണ്ട. അങ്ങനെ ”ദളിതന്റെ പാഠശാലകള്‍”ക്കു പകരം മനിതന്റെ പാഠശാലകള്‍ എവിടെയും ഉണ്ടാകട്ടെ; മനിതന് മഹിതനാകട്ടെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: