കൊച്ചി: സംസ്ഥാനത്തെ അധ്യാപകരടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദീര്‍ഘകാല അവധിയെടുക്കാമെന്ന കേരള സര്‍വീസ് ചട്ടത്തിലെ വ്യവസ്ഥ പുന:പരിശോധിക്കേണ്ട കാലമായെന്ന് ഹൈക്കോടതി വ്യക്തമാക്കി.വിദേശത്തു ജോലിനോക്കുന്ന ഭര്‍ത്താവിന്റെയടുത്തേക്ക് പോകാന്‍ ദീര്‍ഘകാല അവധിക്കു അപേക്ഷിച്ചത് കോളേജ് മാനേജ്മെന്റ് നിരസിച്ചതിനെതിരെ എറണാകുളം കളമശേരി സ്വദേശിനിയും അധ്യാപികയുമായ ബിനി ജോണ്‍ നല്കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്റെ ഉത്തരവ്.
ജീവനക്കാര്‍ക്ക് ഒരു തവണ പരമാവധി അഞ്ചു വര്‍ഷം വരെ എന്ന കണക്കില്‍ നാലു തവണ ദീര്‍ഘകാല അവധിയെടുക്കാമെന്ന വ്യവസ്ഥ 1980 ലാണ് സര്‍വീസ് ചട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. അക്കാലത്ത് വിദേശനാണ്യം ഇന്ത്യയില്‍ എത്തിക്കാനായി ആളുകള്‍ വിദേശത്തു ജോലി തേടിപ്പോകുന്നതിനെ പ്രോത്സാഹിപ്പിക്കാന്‍ അത്തരമൊരു വ്യവസ്ഥ വേണ്ടിയിരുന്നു. മൂന്നു പതിറ്റാണ്ടുകള്‍ക്കിപ്പുറം സ്ഥിതിഗതികള്‍ ഏറെ പുരോഗമിച്ചു. രാജ്യാന്തര വിപണിയില്‍ ഭാരതം സാന്നിദ്ധ്യം തെളിയിച്ച സാഹചര്യത്തില്‍ ഈ വ്യവസ്ഥ തുടരേണ്ട സാഹചര്യമില്ല. ഒരു സര്‍ക്കാര്‍ ജീവനക്കാരന് ഇരുപതു വര്‍ഷത്തേക്ക് അവധിയെടുത്ത് രാജ്യം വിട്ടു പോകുന്നത് ആ തസ്തികയില്‍ ശൂന്യത സൃഷ്ടിക്കുമെന്നും ഈ തസ്തികയില്‍ താല്കാലിക ജീവനക്കാരെ നിയമിക്കുന്നത് പൊതുസേവനത്തിന്റെ നിലവാരം കുറയ്ക്കുമെന്നും വിധിന്യായത്തില്‍ പറയുന്നു.
ഹര്‍ജി തള്ളിക്കൊണ്ടാണ് സിംഗിള്‍ബെഞ്ച് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. അധ്യാപനത്തെ ഇതര ജോലിപോലെ ജീവനോപാധിയായി മാത്രം കാണരുത്.
അധ്യാപകര്‍ക്ക് തൊഴില്‍ സ്ഥാപനത്തോടെന്നപോലെ വിദ്യാര്‍ത്ഥികളോടും കടപ്പാടുണ്ട്. സ്വന്തം യോഗ്യത കൊണ്ടാണ് ജോലി ലഭിച്ചതെങ്കില്‍ പോലും തൊഴിലില്ലായ്മ ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങളില്‍ ഉഴലുന്ന ഈ ദരിദ്രരാജ്യത്ത് ജോലി നോക്കുന്ന ഹര്‍ജിക്കാരി അമേരിക്കയിലുള്ള ഭര്‍ത്താവിന്റെയടുത്തേക്ക് പോകാനാണ് അവധി തേടുന്നത്. തന്റെ ഒഴിവിലേക്ക് ഗസ്റ്റ് ലക്ചററെ നിയമിക്കാനും ഹര്‍ജിക്കാരി നിര്‍ദ്ദേശിക്കുന്നുണ്ട്. ഇത്തരത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നത് സ്ഥിര നിയമനമല്ലാത്തതിനാല്‍ അവരില്‍ നിന്ന് പ്രതിബദ്ധത പ്രതീക്ഷിക്കാനാവില്ലെന്ന് കോളേജ് മാനേജ്മെന്റ് ചൂണ്ടിക്കാട്ടുന്നു.
ഈ ആശങ്കയ്ക്കു നേരെ കണ്ണടയ്ക്കാന്‍ കോടതിക്കു കഴിയില്ലെന്നും സിംഗിള്‍ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. കേരള സര്‍വീസ് ചട്ടത്തിലെ വ്യവസ്ഥ പുനപരിശോധിക്കണമെന്ന നിര്‍ദ്ദേശമുള്ളതിനാല്‍ വിധിന്യായത്തിന്റെ പകര്‍പ്പ് ചീഫ് സെക്രട്ടറിക്കും നിയമവകുപ്പ് സെക്രട്ടറിക്കും നല്‍കണമെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: