ന്യൂദല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി ദല്‍ഹി പോലീസ് അറസ്റ്റു ചെയ്ത ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റും എഐഎസ്എഫ് നേതാവുമായ കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി ഈ മാസം 29ലേക്ക്(തിങ്കളാഴ്ച) മാറ്റി.
ഇന്നലെ കേസില്‍ വാദം തുടങ്ങിയ ഉടന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത , കനയ്യയെ കസ്റ്റഡിയില്‍ ലഭിക്കേണ്ടതിന്റെ ആവശ്യകത കോടതിയില്‍ ചൂണ്ടിക്കാട്ടി. കുറ്റാരോപിതനെ 15 ദിവസം കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസിന് നിയമപരമായ അവകാശമുണ്ട്. പുതിയ സംഭവ വികാസങ്ങള്‍ കൂടി കണക്കിലെടുത്താല്‍ കനയ്യയെ കസ്റ്റഡിയില്‍ കിട്ടേണ്ടത് അത്യാവശ്യമാണ്. അദ്ദേഹം വാദിച്ചു.
കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട രണ്ടു പേര്‍ പോലീസില്‍ കീഴടങ്ങി. അവര്‍ സുരക്ഷിതരാണ്.അവരെ ഇനിയും റിമാന്‍ഡ് ചെയ്യേണ്ടതുണ്ട്. പുതിയ സംഭവവികസങ്ങളുടെ പശ്ചാത്തലത്തില്‍, ഞങ്ങളുടെ നിയമപരമായ അവകാശങ്ങളുടെ അടിസ്ഥാനത്തില്‍ കനയ്യ കുമാറിനെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യണം. അയാളെ ഉമര്‍ ഖാലീദ്, അനില്‍ബെന്‍ ഭട്ടാചാര്യ എന്നിവര്‍ക്കൊപ്പമരുത്തി ചോദ്യം ചെയ്യേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ അവകാശം വെട്ടിച്ചുരുക്കാന്‍ ആവില്ല. അതിനാല്‍ ജാമ്യാപേക്ഷ മാറ്റിവയ്‌ക്കണം. അഡീ.സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.
എന്നാല്‍ ഇക്കുറി ഒരാളുടെ ശരീരത്തിലും ഒരു പോറല്‍ ഉണ്ടാകാന്‍ പോലും അനുവദിക്കാന്‍ കഴിയില്ല. ഞങ്ങള്‍ക്ക് അതുറപ്പാക്കേണ്ടിയിരിക്കുന്നു. പാട്യാല ഹൗസ് കോടതിയിലുണ്ടായ അക്രമങ്ങള്‍ പ്രതിഭാഗം അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കോടതി പറഞ്ഞു. കഴിഞ്ഞ ദിവസം ഉണ്ടായതു പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് പോലീസും ദല്‍ഹി ഹൈക്കോടതി രജിസ്ട്രാറും ഉറപ്പാക്കണം. കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചത്.
കനയ്യ ഭാരത വിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ടിലെന്ന് കനയ്യക്കു വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു.അതിനാല്‍ കനയ്യക്ക് ജാമ്യം നല്‍കണം. അദ്ദേഹം വാദിച്ചു. എന്നാല്‍ കനയ്യയെ അറസ്റ്റിലായ മറ്റു രണ്ടു പേര്‍ക്ക് ഒപ്പം ചോദ്യം ചെയ്യേണ്ടതുണ്ട്. അതിനാല്‍ ജാമ്യം നല്‍കരുത്. അഡീ. സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.
അതിനിടെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് എടുത്ത ജെഎന്‍യു വിദ്യാര്‍ഥി നേതാക്കളായ ഉമര്‍ ഖാലീദ്( ഡിഎസ്‌യു) അനിര്‍ബെന്‍ ഭട്ടാചാര്യ എന്നിവര്‍ ചൊവ്വാഴ്ച രാത്രി നാടകീയമായി പോലീസില്‍ കീഴടങ്ങി. ഇവര്‍ കീഴടങ്ങാന്‍ ദല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
ഇതേത്തുടര്‍ന്നായിരുന്നു ഇവരുടെ കീഴടങ്ങല്‍. ഇവര്‍ ഇതുവരെ ജെഎന്‍യു കാമ്പസില്‍ തന്നെ ഒരു വിഭാഗം വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. ഇവരെ എന്ന്, ഏതു കോടതിയില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിക്കും. ഇവരെ കനയ്യ കുമാറിനൊപ്പമിരുത്തി പോലീസ് ചോദ്യം ചെയ്യും.
പോലീസ് തേടുന്ന അനന്ത് പ്രകാശ് നാരായണ്‍, ആശുതോഷ് കുമാര്‍, രാമനാഗ എന്നിവര്‍ ഇപ്പോഴും കാമ്പസില്‍ കഴിയുകയാണ്.
















