ഇരിട്ടി: കെഎസ്ഇബിയുടെ ഉടമസ്ഥതയില്‍ പണി പൂര്‍ത്തിയായ ബാരാപ്പോള്‍ മിനി ജല വൈദ്യുത പദ്ധതി 29ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കുമെന്ന് അഡ്വ. സണ്ണി ജോസഫ് എംഎല്‍എയും ചീഫ് എഞ്ചിനീയര്‍ പി.സുചിത്രയും പത്രസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതി പ്രദേശമായ പാലത്തിന്‍കടവില്‍ നടക്കുന്ന പരിപാടിയില്‍ ഊര്‍ജ്ജവകുപ്പ് മന്ത്രി ആര്യാടന് മുഹമ്മദ് അദ്ധ്യക്ഷത വഹിക്കും. 4 മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി കെ.സി.ജോസഫ് നിര്‍വഹിക്കും. അഡ്വ.സണ്ണി ജോസഫ് എംഎല് എ, പി..കെ.ശ്രീമതി ടീച്ചര്‍ എംപി എന്നിവര്‍ മുഖ്യഭാഷണം നടത്തും. മുന്‍ എംഎല്‍എമാരായ എ.ഡി.മുസ്തഫ, കെ.കെ.ശൈലജ ടീച്ചര്‍, കെഎസ്ഇ ബോര്‍ഡ് ഡയരക്ടര്‍ ഡി.ബാബു പ്രസാദ്, ജില്ലാ കലക്ടര്‍ ബാലകിരണ്‍, ബ്ലോക്ക് പഞ്ച്ജായത്തു പ്രസിഡന്റ് എന്‍..ടി.റോസമ്മ, അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജ സബാസ്റ്റ്യന്‍ തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.
സുപ്രീംകോടതി നിയമിച്ചിട്ടുള്ള ഉന്നതാധികാര സമിതിയുടെ എല്ലാ നിബന്ധനകളും പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് ബാരാപ്പോള്‍ പദ്ധതി പൂര്ത്തീകരിച്ചിട്ടുള്ളതെന്നു ചീഫ് എഞ്ചിനീയര്‍ സുചിത്ര പറഞ്ഞു. പദ്ധതിയുടെ മറുകരയായ കര്‍ണ്ണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിനോ ഇരുകരയിലുമുള്ള ഭൂപ്രകൃതിക്കോ സസ്യജാലങ്ങല്ക്കോ യാതൊന്നും ബാധിക്കാത്ത നിലയിലുള്ള പരിതസ്ഥിതി സൗഹാര്‍ദ്ദമായ പദ്ധതിയാണിത്. ചെങ്കുത്തായ കുന്നിന് ചെരുവിലൂടെ നിര്‍മ്മിച്ച കനാല്‍ നിര്‍മ്മാണം വലിയ വെല്ലുവിളിയായിരുന്നെങ്കിലും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ സാധിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പുലര്‍ത്തിയത് മൂലം അപകടങ്ങളോ അപകട മരണങ്ങളോ സംഭവിച്ചില്ല.
138.44കോടി രൂപ ഭരണാനുമതി ലഭിച്ച ഈ പദ്ധതിയുടെ 73.95 കോടി രൂപ അടങ്കല്‍ തുകയുള്ള സിവില്‍ ജോലികള്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൗലോസ് ജോര്‍ജ്ജ് കമ്പനിയും, 24.43കോടിരൂപയുടെ ഇലക്ട്രോ മെക്കാനിക്ക് ജോലി പൂനെ ആസ്ഥാനമായ കിര്ലോസ്കര് ബ്രദേഴ്സ് കമ്പനിയുമാണ് നിര്‍വഹിച്ചത്. പദ്ധതിയുടെ സ്വിച്ച് യാര്‍ഡില്‍ നിന്നും ഇരിട്ടി സബ് സ്റ്റെഷനിലേക്കുള്ള ‘ഭൂഗര്‍ഭ‘വൈദ്യത കേബിള്‍ ഇടുന്ന 12.09 കോടി രൂപയുടെ ജോലി നിര്‍വഹിച്ചത് ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെഇഐ എന്ന സ്ഥാപനമാണ്. ഈ പദ്ധതിക്കായി കേന്ദ്ര സര്‍ക്കാറിന്റെ നവീന അക്ഷയ ഊര്‍ജ്ജ് മന്ത്രാലയം അനുവദിച്ച 810 ലക്ഷം രൂപയില്‍ 729 ലക്ഷം രൂപ ഇതുവരെ ലഭിച്ചു കഴിഞ്ഞു.
കൂടാതെ പദ്ധതിയുടെ കനാല്‍ പ്രദേശത്ത് 4മെഗാവാട്ടിന്റെ സൗരോര്‍ജ്ജ പദ്ധതിയും ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി പ്രവര്‍ത്തി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ നിര്‍മ്മാണ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. വിനോദ സഞ്ചാരികള്‍ക്കായി പ്രകൃതി രമണീയമായ പദ്ധതി പ്രദേശത്തെ പരമാവധി ഉപയോഗപ്പെടുത്തി ഹൈഡല്‍ ടൂറിസം പദ്ധതിയും, ഇക്കോ ടൂറിസം പദ്ധതിയും തുടങ്ങാനുള്ള നടപടിയും പുരോഗമിക്കുന്നതായി ഇവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: