കണ്ണൂര്‍: ഉത്തരമലബാറിന് പ്രത്യേകിച്ച് കണ്ണൂരിന് ലഭിക്കുന്ന ഏറ്റവും വലിയ വികസനമാണ് വിമാനത്താവളമെന്നും അതിനാല്‍ എല്ലാവരും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും മ്രന്ത്രി കെ.സി.ജോസഫ് പറഞ്ഞു. മട്ടന്നൂര്‍ വിമാനത്താവളത്തിന്റെ പരീക്ഷണ പറക്കലിന്റെ ഒരുക്കം വിലയിരുത്താന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരുടെയും സഹകരണമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിനായി എന്ത് വിട്ടുവീഴ്ചക്കും സര്‍ക്കാര്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. ആശങ്കകള്‍ക്കൊന്നും അടിസ്ഥാനമില്ല. ഇപ്പോള്‍ പരീക്ഷണപ്പറക്കല്‍ മാത്രമാണ് നടക്കുന്നത്. പ്രവൃത്തികളെല്ലാം പൂര്‍ത്തിയാക്കി സപ്തംബറില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിക്കും. ഗ്രീന്‍ഫീല്‍ഡ് റോഡ് ഉള്‍പ്പെടെയുള്ള അനുബന്ധറോഡുകളുടെ നിര്‍മാണം, ഒഴിപ്പിക്കപ്പെട്ടവരുടെ പ്രശ്നം, വീടുകള്‍ക്ക് കേടുപാട് സംഭവിച്ചവരുടെ പ്രശ്നം എന്നിവയെല്ലാം വാഗ്ദാനം ചെയ്ത രൂപത്തില്‍ തന്നെ പരിഹരിക്കും. ഇക്കാര്യത്തില്‍ പിറകോട്ട് പോകുന്ന പ്രശ്നമില്ല.
ഉത്തരമലബാറിന്റെ വികസനക്കുതിപ്പിന് സാക്ഷ്യം വഹിച്ചുകൊണ്ട് 29 ന് രാവിലെ 9 മണിക്ക് കണ്ണൂരിന്റെ മണ്ണില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും മന്ത്രിമാരുടേയും സമുന്നത നേതാക്കന്മാരുടേയും സാന്നിധ്യത്തില്‍ ആദ്യവിമാനമിറങ്ങും. ഈ ചരിത്രമുഹൂര്‍ത്തം സാക്ഷ്യം വഹിക്കുവാന്‍ എല്ലാവരെയും മന്ത്രി സ്വാഗതം ചെയ്തു.
സമയബന്ധിതമായാണ് കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. 1892 കോടി രൂപയാണ് പദ്ധതി ചെലവ്. ജിസിസി രാജ്യങ്ങളിലെയും ഏഷ്യന്‍ രാജ്യങ്ങളിലെയും പ്രധാന എയര്‍ക്രാഫ്റ്റുകള്‍ ഇവിടെ എത്തിച്ചേരാന്‍ ഏര്‍പ്പാടുകള്‍ ചെയ്യുന്നുണ്ട്. രണ്ടാം ഘട്ടത്തില്‍ 3400 മീറ്ററും തുടര്‍ന്ന് മൂന്നാം ഘട്ടത്തില്‍ 4000 മീറ്ററും റണ്‍വെ നിര്‍മ്മിക്കാനാണ് ഉദ്ദേശം. ഡിജിസിഎ അധികൃതര്‍ ഗഹനമായ സാങ്കേതിക പഠനങ്ങള്‍ നടത്തിയാണ് പരീക്ഷണ പറക്കലിന് അനുമതി നല്‍കിയത്. പ്രതിരോധ മന്ത്രാലയത്തിന്റെ എയര്‍ക്രാഫ്റ്റ് ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഈ പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കാനുദ്ദേശിച്ച 2200 ഏക്കര്‍ ഭൂമിയില്‍ 1278.89 ഏക്കര്‍ ഭൂമി ഒന്നും രണ്ടും ഘട്ടങ്ങളിലായി ഏറ്റെടുക്കുകയുണ്ടായി. മൂന്നാം ഘട്ട സ്ഥലമെടുപ്പിന്റെ ഭാഗമായി ഏറ്റെടുക്കാനുണ്ടായിരുന്ന 785 ഏക്കര്‍ ഭൂമിയില്‍ 612.12 ഏക്കര്‍ ഏറ്റെടുത്തുകഴിഞ്ഞു. അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയിലാണ്.
പദ്ധതിയുടെ ഉദ്ഘാടനം 2014 ഫെബ്രുവരി 2 ന് മട്ടന്നൂര്‍ നിവാസികളെ സാക്ഷിയാക്കി എ.കെ.ആന്റണിയാണ് നിര്‍വ്വഹിച്ചത്. ടെര്‍മിനല്‍ ബില്‍ഡിങ്ങിന്റെ നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 2014 ജൂലൈ 5 ന് നിര്‍വ്വഹിച്ചു. കിയാല്‍ പ്രൊജക്ട് ഓഫീസ് 2012 ഡിസംബര്‍ 6 ന് മട്ടന്നൂരില്‍ പ്രവര്‍ത്തനം തുടങ്ങി. വിമാനത്താവളത്തിലെ ഗ്രീന്‍ ബെല്‍റ്റ് പ്രോഗ്രാം 2013 ആഗസ്ത് 20 നും ഉദ്ഘാടനം ചെയ്യപ്പെട്ടു.
റണ്‍വെ, ടാക്സിവെ, ഏപ്രണ്‍ എന്നിവ ഉള്‍പ്പെടുന്ന ഒന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 694 കോടി രൂപയുടെ പദ്ധതിയായി വിഭാവനം ചെയ്തിരിക്കുന്നു. എയര്‍ പോര്‍ട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ റണ്‍വെ, എയര്‍ സൈഡ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാര്‍ സുതാര്യമായ ടെന്റ്ര് നടപടികളിലൂടെ 2013 നവംബര്‍ 25 നും ഇന്റ്ര്‍ഗ്രേറ്റഡ് ടെര്‍മിനല്‍ ബില്‍ഡിങ്, എ.ടി.സി. ടവര്‍, ടെക്നിക്കല്‍ ബില്‍ഡിങ്, ഇ ആന്റ് എം ഉപകരണങ്ങള്‍ തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തികളുടെ 498.70 കോടി രൂപക്കുള്ള കരാര്‍ 2014 ആഗസ്ത് 25 നും ലാര്സണ് ആന്റ് ട്രൂബ്രോ കമ്പനിക്ക് നല്കി. ലിഫ്റ്റ്, എസ്കലേറ്റര്‍, ഫയര്‍ ടെന്റര്‍ തുടങ്ങിയവയുടെ നിര്‍മ്മാണ പ്രവര്‍ത്തികളും അവാര്‍ഡ് ചെയ്തു കഴിഞ്ഞു.
കണ്ണൂര്‍ വിമാനത്താവള കമ്പനിയില്‍ സംസ്ഥാന സര്‍ക്കാര്‍-35%, പൊതുമേഖലാ സ്ഥാപനങ്ങള്‍-25%, എയര്‍പോര്‍ട്ട് പിഎസ്യു-10%, സ്വകാര്യപങ്കാളിത്തം-30% എന്നിങ്ങനെയാണ് ഓഹരികള്‍. കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ ഓഹരി മൂലധനമായി 1000 കോടി രൂപയുടെ സമാഹരണത്തിനായി 2014 ഏപ്രില്‍ 4 നാണ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രമോഷന് സൊസൈറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. കാനറാ ബാങ്ക് നയിക്കുന്നതും ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവ പങ്കാളികളുമായ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നും വായ്പയിനത്തിലുള്ള 892 കോടി രൂപ സമാഹരിക്കുന്നതിന് ധാരണാപത്രം 2015 മെയ് 21 ന് ഒപ്പുവെച്ചു. ബി.പി.സി.എല്ലുമായി 170 കോടിരൂപയുടെ ഇക്വിറ്റി പാര്‍ട്ടിസിപ്പേഷനുള്ള ധാരണാപത്രം 2012 ജൂലൈ 24നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി 100 കോടി രൂപക്കുള്ള ധാരണാപത്രം 2015 ജൂണ്‍ 24 നും മെറ്റീരിയോളജിക്കല്‍ സര്‍വ്വീസിന് വേണ്ടി മെറ്റീരിയോളജിക്കല്‍ വകുപ്പുമായി ധാരണാപത്രം 2014 സെപ്തംബര്‍ 17 നും ഒപ്പുവെച്ചു. എ.ടി.എഫ് എയര്‍ക്രാഫ്റ്റ് ഫ്യൂവല്‍-ഫാം നടത്തുന്നതിനായി ബിസിപിഎല്‍-കിയാല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഒരു ജോയിന്റ് വെന്‍ഞ്ച്വര്‍ കമ്പനി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നു.
2014 -15 ല്‍ സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നുമായി യാത്ര ചെയ്തവരുടെ എണ്ണം 1.30 കോടിയാണ്. പാസഞ്ചര്‍ ട്രാഫിക്കില്‍ 8.6% വളര്‍ച്ചയാണ് ഡി.ജി.സി.എ കണക്കാക്കിയിരിക്കുന്നത്. ഈ വസ്തുതകള്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഭാവിയെക്കുറിച്ച് നമുക്ക് ശുഭപ്രതീക്ഷ നല്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനങ്ങള്‍ക്ക് നല്കിയ ഒരു വാഗ്ദാനം കൂടി ഇതോടെ യാഥാര്‍ത്ഥ്യമാകുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിരന്തരമായ മാര്‍ഗ്ഗനിര്‍ദ്ദേശവും മേല്‍നോട്ടവും കൊണ്ടാണ് ഈ സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. മന്ത്രി കെ ബാബു നല്കിയ നേതൃത്വം പദ്ധതി പ്രവര്‍ത്തനം ത്വരിതപ്പെടുത്തുവാന്‍ സഹായകമായതായും മന്ത്രി പറഞ്ഞു.
പരീക്ഷണ പറക്കല്‍ കാണാന്‍ എല്ലാവര്ക്കും പ്രവേശനം ഉണ്ടാവുമെന്ന് കിയാല്‍ എംഡി അറിയിച്ചു. ഇരിട്ടി, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് വിമാനത്താവളത്തിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ അറിയിച്ചു. 4000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലും ഒരുക്കും.
യോഗത്തില്‍ എംഎല്‍എമാരായ സണ്ണി ജോസഫ്, എ.പി.അബ്ദുള്ളക്കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, കിയാല്‍ എംഡി ജി.ചന്ദ്രമൗലി, ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍, അസി. കലക്ടര്‍ എസ്.ചന്ദ്രശേഖര്‍, കെ.സുരേന്ദ്രന്, എ.ഡി.മുസ്തഫ, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: