ഉന്നത വിദ്യാഭ്യാസ കമ്മീഷന് ഉപാദ്ധ്യക്ഷനും നയതന്ത്രവിദഗ്ധനുമായ ടി.പി. ശ്രീനിവാസനെ സഹിഷ്ണുതയുടെ നേരവകാശികള്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ നിന്ന് കേരളം ഇനിയും മുക്തമായിട്ടില്ല. പേരക്കിടാങ്ങളുടെ പ്രായം പോലുമില്ലാത്ത ചെറുപ്പക്കാര്‍ക്കിടയിലേക്ക് സ്നേഹത്തോടെ കടന്നുചെന്ന ആ വലിയ മനുഷ്യന് മുഖത്ത് അടിയേറ്റ് നിസ്സഹായനായി നിലത്ത് വീണുകിടക്കുന്ന വേദനിപ്പിക്കുന്ന കാഴ്ച മലയാളികള്‍ക്ക് മറക്കാനാവില്ല. അപ്പോഴും പിണറായിയുടെ ഭാഗത്തുനിന്നുണ്ടായ വിചിത്രമായ പ്രതികരണം രാഷ്ട്രീയ കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചു.
ശ്രീനിവാസന് നയതന്ത്രരംഗത്ത് അറിയപ്പെടുന്ന വ്യക്തി മാത്രമല്ലെ എന്നായിരുന്നു ചോദ്യം. എന്നുവച്ചാല്‍ ആഗോളവിദ്യാഭ്യാസ സംഗമം നടക്കുന്നിടത്ത് ശ്രീനിവാസനെന്തു കാര്യം? എന്തുകൊണ്ടും ശ്രീനിവാസന് അടികൊള്ളാന്‍ യോഗ്യന്‍ തന്നെയെന്നും ചുരുക്കം! നവകേരള സൃഷ്ടിക്കായി ഇറങ്ങിത്തിരിച്ച മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവില്‍ നിന്നും ഉണ്ടാവേണ്ട പക്വമായ പ്രതികരണം തന്നെ! നേതാക്കന്മാരുടെ ഏത് നെറികേടിനെയും വാമൊഴി വഴക്കത്തിന്റെ പിന്‍ബലത്തില്‍ ജാമ്യത്തിലിറക്കാന്‍ മുന്നിട്ടിറങ്ങാറുള്ള അവസാനത്തെ ബുദ്ധിജീവിയും പിന്വാങ്ങിയതുകൊണ്ടാവാം പിണറായി 24 മണിക്കൂറിനുള്ളില്‍ മലക്കംമറിഞ്ഞ് നിലപാട് മാറ്റി. ഈ പാര്‍ട്ടി എന്നും അങ്ങനെയാണ്. ആദ്യം ന്യായീകരിക്കും പിന്നെ പൂര്‍വ്വകാല പ്രാബല്യത്തോടെ തിരുത്തും. ചുരുക്കത്തില്‍ നേതൃത്വത്തിനെന്നും ഉച്ചകഴിഞ്ഞേ നേരം പുലരൂ!
സ്വാതന്ത്ര്യസമരകാലത്തെ ബ്രിട്ടീഷ് അനുകൂല നിലപാടില്‍ നിന്നും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം ആരംഭിക്കുന്നു. ഈ സത്യം ഭാഗികമായെങ്കിലും അംഗീകരിക്കാന്‍ പി.സി. ജോഷിയുടെ കൈപ്പടയിലുള്ള കത്ത് വെളിച്ചം കാണേണ്ടിവന്നു. സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ബ്രിട്ടീഷ് ബൂര്‍ഷ്വാസിയില്‍ നിന്നും ഇന്ത്യന്‍ ബൂര്‍ഷ്വാസിയിലേക്ക് അധികാര കൈമാറ്റം നടന്നുവെന്നല്ലാതെ ഇന്ത്യ സ്വാതന്ത്ര്യം നേടിയെന്ന സത്യം അംഗീകരിക്കാന്‍ പാര്‍ട്ടി തയ്യാറല്ല.
ഇന്നുവരെ സ്വാതന്ത്ര്യദിനം ആഘോഷിക്കാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനരോഷം ഭയന്ന് അത് തുറന്ന് പറയുന്നില്ലെന്നുമാത്രം. സ്വാതന്ത്ര്യസമരകാലത്തെ ബ്രിട്ടീഷ് അനുകൂല നിലപാട് തുറന്നുപറഞ്ഞ് മാപ്പ് ചോദിക്കാനും സ്വാതന്ത്ര്യദിനം ആഘോഷിക്കാനും ഈ പാര്‍ട്ടി എന്നു തയ്യാറാകുമെന്ന് കണ്ടുതന്നെ വേണം അറിയാന്‍. ചരിത്രത്തില്‍ നിന്നും പാഠം പഠിക്കാത്തവര്‍ ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയപ്പെടും. മാറ്റം മാത്രമാണ് സത്യമെന്ന് ഉദ്ഘോഷിക്കുന്ന ഈ പാര്‍ട്ടി ഇന്നും മാറ്റത്തിനു നേരെ പുറംതിരിഞ്ഞുനില്‍ക്കുന്ന വരട്ടു തത്വവാദത്തിന്റെ പടുകുഴിയിലാണ്. അതെല്ലാം ആ പാര്‍ട്ടിയുടെ അഭ്യന്തര വിഷയങ്ങള്‍. എന്നാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ അധികാരത്തിലിരുന്ന ഇക്കൂട്ടര്‍ കൈക്കൊണ്ട് നിലപാടുകള്‍ ജനങ്ങളെ എങ്ങനെ ബാധിച്ചു. അതിന് ജനങ്ങള്‍ കൊടുത്ത വില എത്ര വലുതായിരുന്നു എന്നത് ഗൗരവത്തോടെ കാണാതെ വയ്യ.
ആഗോള വിദ്യാഭ്യാസ സംഗമത്തിലേക്ക് മടങ്ങിവരാം. ലോകം ഇന്ന് ഒരു കുടക്കുകീഴിലാണ്. ആഗോളതലത്തില്‍ കൊണ്ടും കൊടുത്തും മാത്രമേ ഇനിയുള്ള കാലം നമുക്കു മുന്നോട്ടുപോകാനാവൂ. ഒരുദാഹരണം മാത്രം. ഭാരതത്തില്‍ എന്‍ജിനീയറിംഗ് പാസായി പുറത്തുവരുന്ന 80% പേരും അപ്രാപ്തരായ ‘കേവല ബിരുദധാരികള്‍’ മാത്രമാണെന്ന വാര്‍ത്ത വന്നത് ഈയിടെയാണ്. 300 എന്‍ജിനീയര്‍മാരെ ഇന്റര്‍വ്യൂ ചെയ്ത ഇ.ശ്രീധരന് പ്രാപ്തരായ മൂന്നുപേരെ തെരഞ്ഞെടുക്കാന്‍ നന്നെ ബുദ്ധിമുട്ടേണ്ടി വന്നുവെന്ന വെളിപ്പെടുത്തല്‍ ഇതിനോടു ചേര്‍ത്തു വായിക്കേണ്ടതാണ്. ചുരുക്കത്തില്‍ അന്താരാഷ്ട്രതലത്തില്‍ മത്സരിക്കാന്‍ ആവശ്യമായ കാര്യപ്രാപ്തി ആര്‍ജ്ജിക്കാനായാല്‍ മാത്രമേ നമുക്ക് പിടിച്ചുനില്‍ക്കാനും മുന്നേറാനുമാവൂ. നമ്മുടെ കുട്ടികളുടെ ബൗദ്ധിക നിലവാരം ഒട്ടും കുറവല്ല. പ്രശ്നം അവര്‍ക്ക് അന്തര്‍ദ്ദേശീയ തലത്തില്‍ മത്സരിക്കാന്‍ ആവശ്യമായ പരിശീലനം ലഭിക്കുന്നില്ല എന്നതാണ്. ഇവിടെയാണ് ആഗോള വിദ്യാഭ്യാസ സംഗമത്തിന്റെ പ്രസക്തി. കേരളം ജന്മംകൊണ്ട് ഷഷ്ഠിപൂര്‍ത്തിയിലെത്തി നില്‍ക്കുമ്പോഴും നാളിതുവരെ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഇരുന്നുപോന്ന ഒരു പാര്‍ട്ടി ആഗോവിദ്യാഭ്യാസ സംഗമത്തിനെതിരെ നടത്തുന്ന പേക്കൂത്തുകള്‍ ആരെയാണ് അമ്പരപ്പിക്കാത്തത്? വിദേശികള്‍ നമ്മുടെ അവസരങ്ങള്‍ കവര്‍ന്നെടുക്കുമെന്നാണ് ഭയമെങ്കില്‍ അവിടെ ഭരണകൂടങ്ങളുടെ ഫലപ്രദവും സന്ദര്‍ഭോചിതവുമായ ഇടപെടല്‍ ഉണ്ടാവണം. തലവേദന മാറാന്‍ തലവെട്ടുകയല്ല, ഫലപ്രദമായ ചികിത്സയാണ് വേണ്ടത്.
റവന്യൂ വരുമാനത്തിന്റെ 75% ശമ്പളം കൊടുക്കാനും പെന്ഷന് കൊടുക്കാനും ഉപയോഗിക്കുന്ന കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കാന്‍ പണമില്ലെന്നത് വസ്തുതയാണ്. മലയാളികള്‍ ഒരുകാലത്ത് അഭിമാനത്തോടെ പറഞ്ഞിരുന്ന ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളില്‍ നിന്നെല്ലാം സര്‍ക്കാര്‍ പിന്‍വാങ്ങിക്കഴിഞ്ഞിരിക്കുന്നു. സൗജന്യ വിദ്യാഭ്യാസവും ധര്മ്മാശുപത്രിയുമെല്ലാം പുതിയ തലമുറക്ക് ഇന്ന് അന്യമാണ്. ആളോഹരി കടത്തിന്റെ കാര്യത്തില്‍ ഒന്നാംസ്ഥാനത്തു നില്ക്കുന്ന കേരളം വാങ്ങിയ കടത്തിന്റെ പലിശയടയ്ക്കാന്‍ വീണ്ടും കടം വാങ്ങുന്ന അവസ്ഥയിലാണ്. സിപിഎമ്മിന്റെ വാഴ്ത്തപ്പെട്ട കേരള മോഡല്‍ വികസനം നാടിനെ കൊണ്ടുവന്നെത്തിച്ചിരിക്കുന്നത് ഇവിടെയാണ്. ഈ സാഹചര്യത്തിലാണ് പരമാവധി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വാശ്രയകോളജുകള്‍ എന്ന ആശയം ഉയരുന്നത്. അതിനെ എതിര്‍ത്തവര്‍ ഇന്ന് പരിയാരം മെഡിക്കല്‍ കോളജ് കയ്യടക്കി പച്ചയായ വിദ്യാഭ്യാസ കച്ചവടം നടത്തുകയാണ്. സീതാറാം യച്ചൂരിയുടെ മകള്‍ക്ക് സ്കോട്ട്ലാന്റിലും തോമസ് ഐസക്കിന്റെ മകള്‍ക്ക് അമേരിക്കയിലും പിണറായിയുടെ മകന് ബര്‍മിംഗ്ഹാം യൂണിവേഴ്സിറ്റിയിലും പഠിക്കാമെങ്കില്‍ ഈ ധന്യനേതൃത്വം മലയാളികള്‍ക്ക് എന്തിനാണ് ഈ സൗകര്യങ്ങള്‍ നിഷേധിക്കുന്നത്. കല്ലറയില്‍ കിടക്കുന്ന കൂത്തുപറമ്പിലെ രക്തസാക്ഷികള്‍ പൊറുക്കട്ടെ.
കംപ്യൂട്ടറിനെ എതിര്‍ത്തത് തെറ്റായിപ്പോയെന്ന് നവകേരള യാത്രയില്‍ പിണറായിക്ക് കുമ്പസരിക്കേണ്ടതായി വന്നു. ന്യായീകരിക്കാന്‍ നന്നെ വിയര്‍ത്തുവെങ്കിലും പതിറ്റാണ്ടുകള്‍ക്കുശേഷം അദ്ദേഹത്തിന് സത്യം തുറന്നുപറയേണ്ടിവന്നു. ഈ നയവൈകൃതത്തിന് വിലകൊടുത്തത് കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരാണ്. കംപ്യൂട്ടറുമായി ബന്ധപ്പെട്ട അനന്തസാധ്യതകളുള്ള തൊഴില്‍മേഖലയില്‍ ഒന്നാം സ്ഥാനത്തുവരേണ്ട കേരളം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഏറ്റവും കൂടുതല്‍ അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരുള്ള സംസ്ഥാനമായി കേരളം മാറി. ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കുപോലും അന്നത്തിനു വഴികണ്ടെത്താന്‍ നാടുവിടുകയെ മാര്‍ഗമുള്ളൂ എന്ന നിലവന്നു. ഏതൊരു രക്ഷിതാവും വാര്‍ദ്ധക്യകാലത്ത് മക്കള്‍ ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നതു സ്വാഭാവികം. എന്നാല്‍ നിറഞ്ഞ കണ്ണുകളോടെ മക്കളെ നാടുകടത്തുന്ന നാടായി കേരളം മാറി.
പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളുടെ സാമ്പത്തികാടിത്തറയുടെ രഹസ്യം കാര്‍ഷികമേഖലയുടെ യന്ത്രവല്‍ക്കരണവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാര്‍ഷികരംഗത്ത് കാലാനുസൃതമായ മാറ്റം ഉള്‍ക്കൊള്ളാന്‍ ഇവര്‍ക്കായി. എന്നാല്‍ ഇവിടെ ട്രാക്ടറും മെതിയന്ത്രവും കമ്മ്യൂണിസ്റ്റുകാര്‍ അക്രമമഴിച്ചുവിട്ട് പ്രതിരോധിച്ചു. ഇന്ന് പാടത്ത് വിതക്കാനാളില്ല. വിതച്ചാല്‍ തന്നെ കൊയ്യാനും ആളില്ല. കേരളത്തെ കുത്തുപാളയെടുപ്പിച്ചതാരെന്ന് അന്വേഷിച്ചു പോയാല്‍ കണ്ടെത്തുന്നത് ഈ വിപ്ലവ പാര്‍ട്ടിയെ തന്നെയാണ്. മലയാളിയുടെ അന്നംമുട്ടിച്ചുവെന്നു മാത്രമല്ല, കേരളത്തനിമയെയും ഇക്കൂട്ടര്‍ തകര്‍ത്തു. ലളിത ജീവിതം മുഖമുദ്രയാക്കിയ ഊട്ടുന്നവന്റെ സമ്പന്നമായ ഒരു സംസ്കാരം മലയാളിക്കുണ്ടായിരുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ വിദേശസഞ്ചാരികള്‍ അത് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. പ്രകൃതി ഈശ്വരന്റെ വരദാനമാണെന്നും അത് മനുഷ്യനു മാത്രമല്ല സമസ്ത ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും അവര്‍ വിശ്വസിച്ചു. കായ്കനികള്‍ പറിച്ചെടുക്കുമ്പോള്പ്പോലും അണ്ണാനും കിളിയും പഷ്ണിയാവരുതെന്നു കരുതി സ്വമേധയാ ഒരു പങ്ക് മാറ്റിവെച്ച വിശ്വത്തോളം വിശാലമായൊരു കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചവര്‍. കാര്‍ഷികമേഖലയും അതിലൂടെ ഉരവംകൊണ്ട ഉദാത്തമായൊരു സംസ്കാരവും- മലയാളത്തനിമയും മുച്ചൂടും മുടിച്ചവര്‍ ഇന്നിപ്പോള്‍ ജൈവകൃഷിയും അടുക്കളത്തോട്ടവുമായി ഇറങ്ങിയിരിക്കുകയാണ്.
ദൈവവിശ്വാസം ഇല്ലാതാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് ആവാസവ്യവസ്ഥയെ നിലനിര്‍ത്തിപ്പോന്ന കാവും കുളങ്ങളും വനത്തിന്റെ ചെറുപതിപ്പായ നാഗത്താന് കോട്ടകളും നശിപ്പിച്ചവര്‍ ഇന്ന് പാര്‍ട്ടി സെക്രട്ടറിയുടെ ശനിദശ നീങ്ങിക്കിട്ടാന്‍ തലയില്‍ മുണ്ടിട്ട് കാടാമ്പുഴയില്‍ പോയി പൂമൂടാന്‍ ശീട്ടാക്കുകയാണ്. ഈയടുത്ത കാലത്ത് പാര്‍ട്ടി സമ്മേളനത്തില്‍ ദേവന് നിവേദിച്ച അമ്പലപ്പുഴ പാല്‍പ്പായസം വിളമ്പിയതും പാര്വതീപരമേശ്വരചരിതം ചൊല്ലി ചുവടുവച്ച് തിരുവാതിരക്കളി അരങ്ങേറിയതും നാം കണ്ടു.
എഡിബിയെയും പ്രീഡിഗ്രി ബോര്‍ഡിനെയും എതിര്‍ത്ത് തെരുവിലിറങ്ങി വ്യാപകമായി പൊതുമുതല്‍ നശിപ്പിച്ചവര്‍ ഇന്നു നിലപാടു മാറ്റിയിരിക്കുന്നു. കെട്ടുതാലി പണയം വച്ച് പത്തുപേര്‍ക്ക് തൊഴില്‍ കിട്ടുന്ന സംരംഭങ്ങള്‍ തുടങ്ങിയവരെയെല്ലാം കുത്തക മുതലാളിയെന്നു ചാപ്പകുത്തി നാടുകടത്തിയവര്‍ ഇന്ന് സ്വകാര്യ-വിദേശ നിക്ഷേപത്തെ സ്വാഗതം ചെയ്യുന്നു. എക്സ്പ്രസ് ഹൈവേയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തവര്‍ ഇന്ന് അതിവേഗപാതയുടെ വക്താക്കളായി രംഗപ്രവേശം ചെയ്യുന്നു. ഭരണകക്ഷിയെന്ന നിലയ്ക്ക് വികസനത്തെ ത്വരിതപ്പെടുത്തേണ്ട ഒരു പാര്‍ട്ടി കൈക്കൊണ്ട വികലമായ നിലപാടുകള്‍ ഒരു കുറിപ്പില്‍ ഒതുങ്ങുന്നതല്ല. ഏറ്റവും ഒടുവിലായി കേരളത്തിന്റെ മുഖഛായ തന്നെ മാറ്റുന്ന സ്വപ്നപദ്ധതിയായ വിഴിഞ്ഞം പോര്‍ട്ടിനെ എതിര്‍ത്തവര്‍ വൈകി ഉദിച്ച ബുദ്ധിയുടെ വെളിച്ചത്തില്‍ നാണംകെട്ട് സ്വാഗതം ചെയ്തതും നാം കണ്ടു.
കഴിഞ്ഞ ദിവസം ഒരു ടിവി അവതാരകന് പിണറായിയോട് പ്രസക്തമായ ഒരു ചോദ്യം ചോദിച്ചു. കാലാകാലങ്ങളായി പാര്‍ട്ടി കൈക്കൊണ്ട തീരുമാനങ്ങള്‍ പാര്‍ട്ടിയെത്തന്നെ തിരിഞ്ഞുകുത്തിയില്ലെ എന്നായിരുന്നു ആ ചോദ്യം. അപകടം മണത്ത പിണറായിയുടെ മറുപടി അതിനെയെല്ലാം പ്രതിരോധിക്കാനുള്ള കരുത്ത് പാര്‍ട്ടിക്ക് ഉണ്ടെന്നായിരുന്നു. ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് ആ പാര്‍ട്ടി വിലയിരുത്തട്ടെ. വിപ്ലവം വായ്ത്താരിയില്‍ ഒതുങ്ങുമ്പോള്‍ നഷ്ടപ്പെടുന്നത് ദിശാബോധമാണ്. അതിന്റെ തിക്തഫലമനുഭവിക്കുന്നത് ജനങ്ങളും. വൈകിയവേളയിലും ഈ പാര്‍ട്ടിയില്‍ നിന്ന് ആശാവഹമായി ഒന്നുമുണ്ടാകുന്നില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ടി.പി. ശ്രീനിവാസനെതിരെ നടന്ന കയ്യേറ്റം. സാക്ഷരകേരളത്തിന്റെ മുഖത്തു കരിതേച്ച ക്രിമിനലിനെ സംഘടനയില്‍ നിന്നു പുറത്താക്കുന്നതിനു പകരം സ്ഥാനത്തുനിന്നു മാറ്റി മുഖം മിനുക്കാന്‍ ശ്രമിച്ച പാര്‍ട്ടി നേതൃത്വത്തിന്റെ വിചിത്രമായ നടപടി ഈ ആശങ്കയ്ക്കു വീണ്ടും അടിവരയിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: