വാളാട് : വാളാട് വീട് കുത്തിതുറന്ന് പതിനാല് പവനും പതിമൂവായിരം രൂപയും മോഷ്ടാവ് കവര്‍ന്നു. വാളാട് ഹൈസ്കൂളിന് സമീപം കളരിക്കല്‍ പ്രകാശന്റെ വീട്ടിലാണ് കവര്‍ച്ച അരങ്ങേറിയത്. കഴിഞ്ഞ രാത്രി പ്രകാശനും കുടുംബവും ക്ഷേത്രത്തില്‍ ഉത്സവം കാണാന്‍ പോയ സമയത്താണ് മോഷണം നടന്നതെന്ന് കരുതുന്നു. സിമന്റ് ജനല്‍ അടര്‍ത്തിമാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്. വീടിനകത്ത് കടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന പതിമൂവായിരം രൂപയും ബാഗില്‍ സൂക്ഷിച്ചിരുന്ന പതിനാല് പവനുമാണ് അപഹരിച്ചത്. മത്സ്യകച്ചവടക്കാരനായ പ്രകാശന് കച്ചവടാവശ്യത്തിനായി നീക്കി വെച്ചിരുന്ന പണവും മകളുടെ വിവാഹവശ്യത്തിനായി സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവുമാണ് മോഷണം പോയത്. തലപ്പുഴ പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രകാശന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
പ്രദേശത്ത് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ആറോളം വീടുകളിലാണ് കള്ളന് കയറിയത്. എരഞ്ഞിപ്പുറത്ത് വിലാസിനി, സുരേഷ്, സജി എന്നിവരുടെ വീടുകളിലും പാലപ്പുള്ളി സുബ്രഹ്മണ്യന്റെ കടയിലുമാണ് മോഷണം നടന്നത്. വഹനങ്ങളുടെ പാര്‍ട്സുകള്‍ മോഷ്ടിക്കുന്ന സംഭവങ്ങളും വര്‍ദ്ധിക്കുന്നു.
കാപ്പി കുരുമുളക് മോഷണവും പതിവായി കഴിഞ്ഞു. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചും കവര്‍ച്ച അരങ്ങേറുന്നുണ്ട്. മോഷണശ്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊലീസ് വേണ്ടത്ര ജാഗ്രത പാലിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: