തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില നിര്‍ണ്ണയത്തിലുണ്ടായ അപാകതകള്‍ പരിഹരിക്കപ്പെട്ടില്ല. റവന്യൂ വിഭാഗം 2010 ല്‍ പുറത്തിറക്കിയ വിലനിര്ണ്ണയത്തിലാണ് വ്യാപക പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്. കേരളത്തിലെ 314 ഓളം സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ പരിധിയില്‍ വരുന്ന 1100 ല്‍പ്പരം വില്ലേജുകളിലെ ഒട്ടുമിക്ക വസ്തുക്കളുടേയും സര്‍വ്വേ നമ്പറുകള്‍ ന്യായവില രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടില്ല.
ന്യായവില രജിസ്റ്ററില്‍ സര്‍വ്വേ നമ്പര്‍ ചേര്‍ത്തിട്ടില്ലാത്തതിനാല്‍ പലരുടേയും വസ്തുക്കള്‍ ഇപ്പോള്‍ കൈമാറ്റം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. വിലനിര്‍ണ്ണയത്തില്‍ ഏറ്റക്കുറച്ചിലുണ്ടായപ്പോള്‍ നിരവധി ആളുകള്‍ പരാതിയുമായി റവന്യൂ അധികൃതരെ സമീപിച്ചിരുന്നു. തുടര്‍ന്ന് 2010 ലെ ഭൂമിവില അന്‍പത് ശതമാനം വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ രജിസ്റ്ററില്‍ വിട്ടുപോയ സര്‍വ്വേ നമ്പര്‍ ചേര്‍ക്കുന്നതിന് അഞ്ചുവര്‍ഷം പിന്നിട്ടിട്ടും നടപടിയുണ്ടായില്ല.
സംസ്ഥാനത്തെ മിക്ക വില്ലേജുകളിലും പത്തു മുതല്‍ എണ്‍പതുവരെ സര്‍വ്വേ നമ്പറുകള്‍ ന്യായവില രജിസ്റ്ററില്‍ നിന്ന് വിട്ടുപോയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. വസ്തു കൈമാറ്റത്തിനായി പൊതുജനങ്ങള്‍ രജിസ്ട്രാര്‍ ഓഫീസുകളില്‍ എത്തുമ്പോഴാണ് തങ്ങളുടെ വസ്തുവിന് വില നിശ്ചയിച്ചിട്ടില്ലെന്ന് മനസിലാക്കുന്നത്. പലരും മക്കളുടെ വിവാഹത്തിനും മറ്റ് അത്യാവശ്യങ്ങള്‍ക്കും ഭൂമി വില്ക്കുവാന് എത്തുമ്പോഴാണ് ആധാരം രജിസ്റ്ററാക്കാന്‍ കഴിയില്ലെന്ന് അറിയുന്നത്. വില്ലേജ് ഓഫീസര്‍ മുതല്‍ വകുപ്പ് മന്ത്രിക്കുവരെ പരാതി നല്‍കിയെങ്കിലും അപാകത പരിഹരിക്കപ്പെട്ടില്ലെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: