ന്യുദല്‍ഹി: പൗരാണികശാസ്ത്ര പഠനത്തിനായി ഐഐടി ഉള്‍പെടുന്ന കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രത്യേക സംസ്‌കൃത സെല്‍ ആരംഭിക്കുന്നു. വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച എന്‍ ഗോപാലസ്വാമി ഐഎഎസ് അദ്ധ്യക്ഷനായുള്ള സമിതിയാണ് നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയി തുടങ്ങി വച്ച പദ്ധതിയായിരുന്നു ഇത്. സംസ്‌കൃത ഭാഷയുടെ വളര്‍ച്ചയ്‌ക്കായി പത്ത് വര്‍ഷത്തെ പദ്ധതിയാണ് സമിതി മുന്നോട്ട് വച്ചിരിക്കുന്നത്. സര്‍വ്വകലാശാലകളില്‍ പഠനഭാഗമായി പുറത്തുനിന്നുള്ള സംസ്‌കൃത വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടവിഷയങ്ങള്‍ തെരഞ്ഞെടുത്ത് പഠിക്കാനും, സാമ്പത്തിക സഹായം നല്‍കാനും സമിതി നിര്‍ദ്ദേശിക്കുന്നുണ്ട്.
യുജി തലത്തില്‍ സംസ്‌കൃതം ഒരു ഐച്ഛിക വിഷയമായി തെരഞ്ഞെടുക്കാനും മറ്റു വിഷയങ്ങളുമായി സമന്വയിപ്പിക്കുവാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്‌കൃത സാഹിത്യത്തിലെ ശാസ്ത്ര-സാങ്കേതിക പഠനം സുഗമമാക്കാനും, വിവിധ ആധുനിക വിഷയങ്ങളിലും അതിന് തത്തുല്യമായി സംസ്‌കൃത സാഹിത്യത്തിലെ വിഷയങ്ങളെ പറ്റിയുള്ള പഠനത്തിനായുമാണ് സെല്‍ രൂപീകരിക്കുന്നത്.
അധര്‍വ്വവേദ, വൈശേഷിക ദര്‍ശന അടക്കമുള്ളവയുടെ ശാസ്ത്രീയ വശത്തിലൂടെയുള്ള പഠനത്തിനും അനുമതിയുണ്ട്. സിദ്ധാന്ത ശിരോമണി, വൃക്ഷായുര്‍വേദ അടക്കമുള്ള നൂറുകണക്കിന് പ്രാവര്‍ത്തീകമായ വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് അനുവദിച്ചതെന്ന് ഗോപാലസ്വാമി പാനല്‍ പറഞ്ഞു. നേരത്തെ ദല്‍ഹി ഐഐടിയില്‍ യുജി വിദ്യാര്‍ത്ഥികള്‍ക്കായി സംസ്‌കൃത കോഴ്‌സുകള്‍ തുടങ്ങിയിരുന്നു.
സംസ്ഥാനങ്ങളിലായി സംസ്‌കൃതം മീഡിയം സ്‌കൂള്‍ വേണമെന്നും കമ്മീഷന്‍ വാദിക്കുന്നു. മുന്‍സാംസ്‌കാരിക സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നീ നിലകളില്‍ ഗോപാലസ്വാമി പ്രവര്‍ത്തിച്ചിട്ടുണ്ട്.
















