കോഴിക്കോട്: ജനകീയ പങ്കാളിത്തത്തോടെ കോഴിക്കോട് കോര്പ്പറേഷന് നടപ്പാക്കുന്ന ഉറവിട മാലിന്യസംസ്ക്കരണ ബൃഹത് പദ്ധ തിക്ക് തുടക്കമായി. വീടുകളിലെ ഉറവിട മാലിന്യ സംസ്കരണ പദ്ധതി പ്രാഥമികഘട്ടത്തില്‍ കോര്‍പ്പറേഷനിലെ ആറു ഡിവിഷനുകളിലാണ് നടപ്പാക്കുന്നത്. സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഇന്‍ ഹെല്‍ത്ത് ഹൈജീന്‍ ആന്റ് എന്വയേണ്മെന്റ് (സിആര്‍ ഡിഎച്ച്എച്ച്ഇ)എന്ന സ്ഥാപ നത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. ഇവര്‍ സമര്‍പ്പിച്ച പദ്ധതി കഴിഞ്ഞദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗം അംഗീകരിച്ചിരുന്നു. കോര്പ്പറേഷന് സാമ്പത്തിക ബാധ്യതയില്ലാത്ത രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.
വീടുകളില്‍ ബയോബിന്‍ സ്ഥാപിക്കാനും പൊതുസ്ഥലങ്ങളില്‍ മാലിന്യസംസ്ക്കരണത്തിനായി തുമ്പൂര്‍മുഴി മോഡല്‍ കമ്പോസ്റ്റ് സ്ഥാപിക്കാനുമാണ് തീരുമാനം. ഫ്ളാറ്റുകളിലെ മാലിന്യ സംസ്ക്കരണത്തിന് ക്രെഡായിയെയാണ് ചുമതലപ്പെടുത്തിയിരുക്കുന്നത്. ക്രെഡായി നല്കിയ പ്രൊപ്പോസലും ശനിയാഴ്ച ചേര്‍ന്ന കൗ ണ്‍സില്‍ യോഗം അംഗീകരിച്ചിരുന്നു. 64,65,66,68, 69,71 എന്നീ ഡിവിഷനുകളിലാണ് വീടുകളിലെ മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കുന്നത്.
ശ്രീനാരായണ സെന്റിനറി ഹാളില്‍ ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ ഡോ. തോമസ് ഐസക് എംഎല് എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് മാലിന്യ സംസ്കരണമെന്ന് തോമസ് ഐസക് അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ആരോഗ്യം മാത്രമല്ല, കേരളത്തിന്റെ ഭാവി വളര്‍ച്ചയും ശുചിത്വത്തെ ആശ്രയിച്ചിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജീവിതശൈലിയിലുണ്ടായ മാറ്റമാണ് മാലിന്യങ്ങളുടെ അളവ് കൂടുന്നതിനുള്ള കാരണമായത്. ഭൂവിസ്തൃതിയുടെ 16% പ്രദേശം മാത്രമാണ് നഗരങ്ങളുള്ളത്. എന്നാല്‍ ഈ 16% പ്രദേശത്താണ് 50% ജനങ്ങള്‍ വസിക്കുന്നത്. ജൈവ മാലിന്യങ്ങള്‍ക്കൊപ്പം അജൈവമാലിന്യത്തിന്റെ അളവും കുത്തനെ ഉയര്‍ന്നു. മാലിന്യങ്ങള്‍ ആളില്ലാത്ത പ്രദേശങ്ങളില്‍ കൊണ്ടു പോയി തള്ളുന്ന രീതിയാണ് നാം സ്വീകരിച്ചുവന്നിരുന്നത്. എന്നാല്‍ ഇനി വരുന്ന കാലത്ത് അത് സാദ്ധ്യമല്ല. ജനവാസമില്ലാത്ത പ്രദേശങ്ങള്‍ കണ്ടെത്തുക പ്രയാസമാണ്. മാലിന്യങ്ങള്‍ നിക്ഷപിക്കുന്നതിന് മുമ്പ് തന്നെ പ്രതിഷേധം ഉയരുകയാണ്. ഈയൊരു സാഹചര്യത്തില്‍ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുകയാണ് വേണ്ടത്. ഉറവിട മാലിന്യ സംസ്കരണമാണ് അതിന് നല്ലത്. മനുഷ്യന്റെ മനസ്സിനുള്ളിലാണ് ആദ്യം മാറ്റം വരേണ്ടത്.
ഓരോവിധം മാലിന്യങ്ങളും സംസ്കരിക്കേണ്ടത് ഓരോവിധമാണ്. കൃത്യമായി വേര്‍തിരിക്കാന്‍ കഴിഞ്ഞാല്‍ മാലിന്യങ്ങള്‍ക്ക് നല്ല വിലയും ലഭിക്കും. വിവാഹ ആവശ്യത്തിനും മറ്റു ആഘോഷങ്ങള്‍ക്കും ഡിസ്പോസിബിള്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കിയാല്‍ ഒരു പരിധിവരെ പ്രശ്നം കുറയ്ക്കാം. എന്തൊക്കെ നടപ്പാക്കിയാലും ജനങ്ങളുടെ പിന്തുണയില്ലാതെ ഒന്നും മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയില്ല. അതിന് ജനങ്ങള്‍ക്ക് പ്രതിബദ്ധതയും അവബോധവും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേയര്‍ വി.കെ.സി. മമ്മദ്കോയ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. റീന അനില്‍കുമാര്‍(സിആര്ഡിഎച്ച്എച്ച്ഇ), ബാബു(ക്രെഡായ്) എന്നിവര്‍ പദ്ധതി വിശദീകരിച്ചു. എ. പ്രദീപ്കുമാര്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക്, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാ ന്മാരായ കെ.വി. ബാബുരാജ്, ആശാ ശശാങ്കന്, രാധാകൃഷ്ണന് മാസ്റ്റര്‍, പി.സി. രാജന്, ലളിതപ്രഭ, എം.സി. അനില്‍കുമാര്‍, ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്, കൗണ്‍സിലര്‍മാരായ സി. അബ്ദുറഹിമാന്, പി. കിഷന്‍ചന്ദ്, എച്ച്ഒ വിജയന് തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍, കുടുംബശ്രീ – വിവിധസന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി ബോധവല്‍ക്കരണ ക്ലാസും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: