സൈനികര്‍ ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടത്തിന് മുന്നില്‍
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പാംപോറില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ കയറിയ ഭീകരരും സൈന്യവും തമ്മില്‍ മൂന്നാം ദിവസവും ഏറ്റുമുട്ടല്‍ തുടരുന്നു. ഒരു ഭീകരനെ സൈന്യം വധിച്ചു. രണ്ട് കരസേന ക്യാപ്റ്റന്മാര്‍ അടക്കം അഞ്ച് ഭടന്മാരാണ് കൊല്ലപ്പെട്ടത്. ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു.
ശ്രീനഗര്‍ ജമ്മു ദേശീയപാതയില്‍ ഓണ്ടര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് അടങ്ങുന്ന സര്‍ക്കാര്‍ കെട്ടിട സമുച്ചയത്തിലാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നത്. സൈനികര്‍ ഭീകര്‍ക്കെതരെ നടത്തിയ പ്രത്യാക്രമണങ്ങളില്‍ ഈ കെട്ടിടങ്ങള്‍ക്ക് തീപിടിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ജീവനക്കാരെയും സമീപ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെയും ഒഴിപ്പിച്ചു.
ക്യാപ്റ്റന്‍ പവന്‍കുമാര്‍, ക്യാപ്റ്റന്‍ തുഷാര്‍ മഹാജന്‍, ലാന്‍സ് നായിക് കമാന്റോ ഓം പ്രകാശ്, സി.ആര്‍.പി.എഫ് കോണ്‍സറ്റബിള്‍മാരായ ആര്‍.കെ.റെയ്‌ന, ഭോലാ സിംഗ്, ഓണ്ടര്‍പ്രണര്‍ഷിപ്പ് ഇന്‍സ്റ്റിറ്റിയൂട്ട് ജിവനക്കാരന്‍ അബ്ദുള്‍ ഗനി മിര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിനിടെ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ പവന്‍കുമാറിന്റെ മൃതദേഹം സ്വദേശമായ ഹരിയാനയിലെ ജിന്ദില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിക്കും.
കരസേന, സി.ആര്‍.പി.എഫ്, ജമ്മുകാശ്മീര്‍ പൊലീസ് എന്നിവരുടെ സംയുക്ത ഓപ്പറേഷനാണ് നടക്കുന്നത്. ശനിയാഴ്ച വൈകീട്ട് സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടവയ്‌പ് നടത്തിയതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പിന്നീട് ഭീകരര്‍ സര്‍ക്കാര്‍ കെട്ടിടത്തിലേയ്‌ക്ക് കയറുകയായിരുന്നു.
















