ജമ്മു: പാംപോറിലെ ഇഡി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കടന്നകയറിയ ഭീകരരെ സൈന്യം കീഴടക്കി. ഒരു ഭീകരനെ വധിച്ചു. എന്നാല്‍ പോരാട്ടത്തില്‍ അഞ്ച് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി. നൂറിലേറെ സാധാരണക്കാര്‍ തങ്ങിയിരുന്ന കെട്ടിടത്തില്‍നിന്ന് ആര്‍ക്കും പോറല്‍പോലുമേല്‍ക്കാത എല്ലാവരേയും രക്ഷപ്പെടുത്തിയതാണ് സൈന്യത്തിന്റെ വന്‍വിജയം. അതേസമയം സൈനിക താവളത്തില്‍ നടത്താന്‍ ശ്രമിച്ച ഭീകരാക്രമണം പരാജയപ്പെടുത്താനുമായി.
ശനിയാഴ്ച വൈകിട്ട് സൈനിക വാഹനവ്യൂഹത്തിനു നേരേ ആക്രമണത്തോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇന്നലെ വൈകിയാണ് അവസാനിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചത്. അഞ്ചു സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി. ഇവരില്‍ ആര്‍മി ക്യാപ്റ്റന്‍ പവന്‍കുമാറിന്റെ മരണം അദ്ദേഹം ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടത്തില്‍ പ്രവേശിക്കുമ്പോളായിരുന്നു.
ഹരിയാനയിലെ ജിണ്ടില്‍നിന്നുള്ള 22 കാരന്‍ പവന്‍കുമാര്‍ ഏകമകനായിരുന്നു. കരസേനാ ദിനത്തില്‍ ജനിച്ചതുകൊണ്ട് സൈനികനാവുകയായിരുന്നുവെന്ന് അച്ഛന്‍ രജ്ബീര്‍ സിങ് പറഞ്ഞു. അവന് രാജ്യത്തിനു വേണ്ടി വലിയ ബലിദാനമാണ് നടത്തിയത്. അതില്‍ അഭിമാനിക്കുന്നു, അച്ഛന്‍ പറഞ്ഞു. പവന്‍ കുമാറിന്റെ ഭൗതിക ദേഹം ഇന്ന് നാട്ടിലെത്തിക്കും.
ഭീകരര്‍ കയറിപ്പറ്റിയ ഇഡിഐ കെട്ടിടത്തില്‍ തീപ്പിടിച്ചു. തുടര്‍ന്നായിരുന്നു അവസാന പോരാട്ടം. അഞ്ചു ഭീകരരാണുണ്ടായിരുന്നതെന്ന് മുതിര്‍ന്ന സൈനികോദ്യോഗസ്ഥന്‍ പറഞ്ഞു.
















