തൊടുപുഴ: തമിഴ്നാട്ടില്‍ കോഴിമുട്ട എടുക്കാന്‍ കൊടുത്തയച്ച 4.32 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ മൂന്നംഗസംഘം അറസ്റ്റില്‍. കീരികോട് സ്വദേശി മുനീര്‍, കാരിക്കോട് സ്വദേശി വിഷ്ണു, ഉണ്ടപ്ലാവ് സ്വദേശി ജലീല്‍ എന്നിവരാണ് അറസ്റ്റിലായത്. തൊടുപുഴ മാര്‍ക്കറ്റിലെ വിഎപി സ്റ്റാള്‍ ഉടമ പരീതിന്റെ പണമാണ് നഷ്ടപ്പെട്ടത്. മോഷണത്തിന്റെ മുഖ്യ സൂത്രധാരന്‍ മുനീറാണ്. കടയുടമയുടെ ബന്ധുവാണ് മുനീര്‍. കഴിഞ്ഞ ഒരു മാസമായി നടന്ന അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. തൊടുപുഴയില്‍ നിന്നു പോയ ലോറിയുടെ പിന്നാലെ പോയ വ്യാപാരിയുടെ ബന്ധുവായ മുനീറും മറ്റ പ്രതികളും ദിണ്ഡിഗല്ലില്‍ വെച്ച് ഡ്രൈവര്‍ ഉറങ്ങിയ സമയത്ത് പൂട്ടിയ ഡാഷ് ബോര്‍ഡ് വ്യാജ താക്കോലിട്ട് തുറന്നാണ് മോഷണമെന്ന് പോലീസ് കണ്ടെത്തി. ലോറി സ്ഥിരമായി തമിഴ്നാട്ടില്‍ പച്ചക്കറിയും, മുട്ടയും എടുക്കാന്‍ പോകുന്നതായി കടയില്‍ സഹായിയായി നിന്നിരുന്ന മുനീര്‍ മനസിലാക്കിയിരുന്നു. തുടര്‍ന്നാണ് ജലീലിനെയും കൂട്ടുകാരനായ വിഷ്ണുവിനെയും കൂടെക്കുട്ടി മോഷണ പദ്ധതി ആവിഷ്കരിച്ചത്. പ്രതികള്‍ തൊടുപുഴ മൈതാനത്ത് ലോറി പാര്‍ക്ക് ചെയ്തപ്പോഴാണ് മോഷണം നടത്തിയതെന്നാണ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ പോലീസ് ഇത് മുഖ വിലക്കെടുക്കുന്നില്ല. പല തവണയായി വാഹനം കടന്നു പോകുന്ന വഴിയും ഡ്രൈവര്‍ വിശ്രമിക്കുന്ന ഇടങ്ങളും പ്രതികള്‍ ഇന്നോവ കാറില്‍ പിന്തുടര്ന്ന് കണ്ടെത്തിരുന്നു. ഇതിനു സഹായിച്ചത് വ്യാപാരിയുടെ കടയില്‍ നിന്ന ബന്ധുവായ മൂനീറാണ്. ഇതിനുശേമാണ് വിദഗ്ധമായി പണം തട്ടിയെടുത്തത്. പിന്നീട് ഡ്രൈവര്‍ പണം തട്ടിയെടുത്തെന്ന രീതിയില്‍ കഥ മെനയാനും ഇവര്‍ പദ്ധതി തയ്യാറാക്കി. ജനുവരി 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 28ന് വൈകിട്ട് ലോഡിനാവശ്യമായ തുക ഡ്രൈവറെ എല്പ്പിച്ചിരുന്നു. വാഹനത്തില്‍ കിടന്നുറങ്ങിയ ഡ്രൈവര്‍ രാവിലെ എഴുന്നേറ്റപ്പോള്‍ പണം നഷ്ടപ്പെട്ടുവെന്നാണ് പോലീസിനു മൊഴി നല്‍കിയത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഡ്രൈവറെ പോലീസ് സംശയിച്ചിരുന്നു. 2 തവണ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ പ്രതികളാല്ലായെന്ന് പോലീസ് മനസിലാക്കി. പിന്നീടാണ് രഹസ്യാന്വേഷണം ആരംഭിച്ചത്. മൂവര്‍ സംഘം പോലീസ് പിടിയിലാതോടെ പോലീസിനെ ഞെട്ടിക്കുന്ന കഥകളാണ് പുറത്ത് വരുന്നത്. പ്രതികളെ രക്ഷപെടുത്താന്‍ പോലീസിനു മേല്‍ വന്‍ രാഷ്ട്രിയ സമ്മര്‍ദ്ദം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. സംഘത്തിലെ പ്രധാനിയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി മൊബൈല്‍ ഫോണ്‍ ശനിയാഴ്ച വൈകിട്ട് പിടിച്ചെടുത്തിരുന്നു. ബൈക്കിന്റെ ടാങ്ക് പ്രത്യേക രീതിയില്‍ നിര്‍മ്മിച്ച് ഇതിനുള്ളില്‍ കഞ്ചാവ് കടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ അറസ്റ്റ് ഒഴിവാക്കാനും, പണം തിരികെ നല്കി കേസ് അവസാനിപ്പിക്കാനും ഉന്നത ഇടപെടലുകളാണ് നടന്നത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: