ചടയമംഗലം: ഗ്രാമ ന്യായാലയങ്ങളിലൂടെ സാധാരണക്കാരന് നീതി വീട്ടുപടിക്കല്‍ എത്തുമെന്ന് ജസ്റ്റിസ് പി.ആര്. രാമചന്ദ്രമേനോന്‍ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ ഗ്രാമ ന്യായാലയം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നൂ അദ്ദേഹം സംസ്ഥാനത്ത് 30 ഗ്രാമ ന്യായാലയങ്ങളാണ് അനുവദിച്ചത്. ജില്ലയില്‍ അനുവദിച്ച ചിറ്റുമല- കുണ്ടറ, ചവറ എന്നിവിടങ്ങളിലെ ഗ്രാമകോടതികള്‍ സൗകര്യങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ആരംഭിക്കും 2000 ചതുരശ്ര അടിയുള്ള കെട്ടിടവും മൂന്ന് ലക്ഷം രൂപയുടെ ഫര്ണ്ണിച്ചറുമാണ് ന്യായാലയത്തിന് ഒരുക്കേണ്ടത്. മറ്റു കോടതികളില്‍നിന്നും വ്യത്യസ്തമായി ആര്‍ട്ടിക്കിള്‍ 39 എ പ്രകാരമുള്ള പ്രവര്‍ത്തനങ്ങളാണ് ഗ്രാമന്യായാലയങ്ങള്‍ നടത്തുന്നതെന്നും ജസ്റ്റിസ് രാമചന്ദ്രമേനോന്‍ പറഞ്ഞു.
കേസുകള്‍ കൂടുന്നതുകൊണ്ട് സാധാരണക്കാരന് നീതി ലഭ്യമാക്കാന്‍ കാലതാമസമുണ്ട്. ഇന്ത്യയില്‍ 2.7 കോടിയും കേരളത്തില്‍ 13.8 ലക്ഷവും കേസുകളാണ് കെട്ടിക്കിടക്കുന്നത്. ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ മാത്രമേ കേസുകളില്‍ വേഗം തീര്‍പ്പ് കല്പ്പിക്കാന് കഴിയൂ. നിയമത്തിന്റെ നൂലാമാലകള്‍ മറികടന്ന് പെട്ടെന്ന് നീതി ലഭ്യമാക്കാന്‍ ഗ്രാമ കോടതികള്‍ക്ക് കഴിയും.
സംസ്ഥാന ബജറ്റില്‍ 2015 -16 വര്‍ഷം 486 കോടിയാണ് ജുഡീഷ്യറിക്ക് നീക്കിവച്ചത്. എന്നാല്‍ ഈ തുക ചെലവഴിക്കാന്‍ നിയമവകുപ്പിന് അധികാരമില്ല. ഇത് പരിശോധിക്കണമെന്നും ജസ്റ്റിസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: