ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പത്തുനാള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് ഇന്നലെ കൊടിയേറി. വൈകീട്ട് ഏഴരയോടെ ആചാരാനുഷ്ഠാനങ്ങളോടെ നടന്ന ചടങ്ങില്‍ തന്ത്രി സപ്തവര്ണ്ണക്കൊടിയേറ്റി. 29നാണ് ആറാട്ട്. ഉത്സവാഘോഷത്തിന്റെ ആരംഭം കുറിച്ച് ഐതിഹ്യപെരുമയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നലെ ആനയില്ലാ ശീവേലി നടന്നു.
ക്ഷേത്രത്തില്‍ 56-ആനകള്‍ സ്വന്തമായി ഉണ്ടായിരുന്നിട്ടും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉത്സവാരംഭ ദിവസം ആനയെ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ആനയില്ലാതെ നടത്തിയ ശീവേലി ചടങ്ങിന്റെ സ്മരണ ഉണര്‍ത്തിയാണ് ഇപ്പോഴും ഉത്സവത്തിന്റെ തുടക്കദിവസം രാവിലേയുള്ള ശീവേലി ചടങ്ങ് ആനയില്ലാതെ നടത്തുന്നത്.
കഴകക്കാരായ വരിയര്‍ കുടുംബത്തിലെ അംഗങ്ങള്‍ വെള്ളികുത്തുവിളക്കുകളില്‍ ദീപംതെളിയിച്ച് ശീവേലിക്ക് അണി നിരന്നപ്പോള്‍, ശാന്തിയേറ്റ കീഴ്ശാന്തി നാകേരി കേശവന്‍നമ്പൂതിരി ശ്രീഗുരുവായൂരപ്പന്റെ ചൈതന്യപൂര്‍ണ്ണമായ തങ്കതിടമ്പ് കരങ്ങളിലേറ്റി മാറോട് ചേര്‍ത്ത് പിടിച്ച് ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം വലംവെച്ച് ചടങ്ങ് നടത്തി.
ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് നാന്ദികുറിച്ചുകൊണ്ട് ഇന്നലെ ഉച്ചക്ക് മൂന്നിന് നടന്ന ആനയോട്ട മത്സരത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തിലെ 39-കാരനായ കൊമ്പന് ഗോപീകണ്ണന് വിജയിച്ചു. ഒന്നാമനായി ഓടിയെത്തി ക്ഷേത്രമതില്കെട്ടിനകത്തുകയറിയ ഗോപീകണ്ണന് ഇതോടെ മൂന്നാംതവണയാണ് ആനയോട്ട മത്സരത്തില്‍ വിജയിക്കുന്നത്. ഇതിനുമുമ്പ് 2003-ലും, 2004-ലും ഗോപീകണ്ണന് വിജയിച്ചിട്ടുണ്ട്. ഇന്നലെ നടന്ന ആനയോട്ടമത്സരത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തിലെ 25-ആനകള്‍ പങ്കെടുത്തു.
ഓട്ടമത്സരത്തില്‍ പങ്കെടുത്ത കണ്ണന്, രാമന്‍കുട്ടി, ചെന്താമരാക്ഷന്, അച്ച്യുതന്‍ എന്നിവരെ പിന്തള്ളിയാണ് ഗോപീകണ്ണന് ഒന്നാമനായത്. ഗോപീകണ്ണന് തൊട്ടു പുറകിലായി ചെന്താമരാക്ഷനും, മൂന്നാമനായി കണ്ണനും ക്ഷേത്രത്തിനകത്തുകയറി. 2001-സപ്തംബര്‍ 3-നാണ് ഗോപൂനന്ദിലത്ത് അന്ന് 24-കാരനായ ഗോപീകണ്ണനെ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നടയിരുത്തിയത്. ആനയോട്ടത്തിന് ശേഷം പങ്കെടുത്ത മുഴുവന്‍ ആനകളേയും ആനപ്രേമികള്‍ക്ക് കാണുന്നതിന് വേണ്ടി ക്ഷേത്രകുളത്തിന്ന് കിഴക്കുഭാഗത്തായി നിരത്തി നിര്‍ത്തി ആനയൂട്ടും നടത്തി.
വിജയിയായ ഗോപീകണ്ണന് ഉത്സവസമാപനദിവസം വരെ ക്ഷേത്രമതില്‍ കെട്ടിന് പുറത്ത് പോകില്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകളില്ലാതിരുന്ന കാലത്ത് നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാര് തമ്മില്‍ നടന്ന കിടമത്സരത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ആനയെ നല്കാതിരുന്നപ്പോള്, തൃക്കണാമതിലകം എന്ന സ്ഥലത്തുനിന്നും മണികെട്ടിയ ആനകള്‍ ഗുരുവായൂരിലേക്ക് ഓടിവന്നുവെന്ന ഐതിഹ്യത്തിന്റെ ഭാഗമായിട്ടാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്സവാരംഭദിവസം ആനയോട്ടം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: