കായംകുളം: കുട്ടനാട് പാക്കേജില്‍ ഉല്‍പ്പെട്ട തോടുകളുടെ നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയെന്ന് ആരോപണം. ഏവൂര്‍ കണ്ണമംഗലം ഉള്ളിട്ടപുഞ്ചയിലെ തോട്, പള്ളിപ്പാട്, ആറാട്ടുപുഴ, ചിങ്ങോലി, കണ്ടല്ലൂര്‍ എന്നിവിടങ്ങളിലെ തോടുകളുടെ ഇരുവശങ്ങളിലായി ഭിത്തികള്‍ നിര്‍മ്മിക്കുന്നതിലാണ് വന്‍ ക്രമക്കേട് നടന്നിട്ടുള്ളതായി ആരോപണം ഉയരുന്നത്.
ഏകദേശം പത്ത് കോടി രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതി പ്രദേശത്ത് നടക്കുന്നത്. നിര്‍മ്മാണ ചുമതല ഹരിപ്പാട് കരുവാറ്റ സെക്ഷന്‍ പരിധിയിലുള്ള കുട്ടനാട് ഡെവലപ്മെന്റ് ഓഫീസിനാണ്. നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ കരാറുകാരും, ഉദ്യോഗസ്ഥരും ചേര്‍ന്ന് വന്‍ ക്രമക്കേടാണ് നടത്തുന്നതെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.
തോട്ടില്‍ നിന്നും ജെസിബി ഉപയോഗിച്ച് മണ്ണെടുത്ത് ഇരുകരകളിലും ഇട്ടാണ് ആഴം കൂട്ടുന്നത്. മഴക്കാലമായാല്‍ ഈ മണ്‍കൂനകള്‍ വീണ്ടും തോട്ടിലേക്ക് ഒഴുകി ഇറങ്ങും. ബാക്കിയുള്ളവ സ്വകാര്യവ്യക്തികളുടെ ഇരുവശങ്ങളിലുമുള്ള പാടത്തേക്കുമാണ് ഒലിച്ചിറങ്ങുന്നത്.
തോടിന്റെ ഇരുഭാഗങ്ങളില്കൂടി ജനസഞ്ചാര യോഗ്യമായ തരത്തില്‍ പാര്‍ശ്വഭിത്തികളും കെട്ടി സംരക്ഷിക്കണമെന്നിരിക്കേ കോടികള്‍ ചിലവഴിച്ച് നടത്തുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സാമൂഹിക നന്മയക്ക് ഉതകുന്നതല്ലെന്നാണ് നാട്ടുകാരുടെ വിലയിരുത്തല്‍. യഥേഷ്ടം മത്സ്യസമ്പത്തുള്ള തോടുകളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലെ അപാകത മൂലം നാടന്‍ രീതികളില്‍ മത്സ്യം പിടിക്കുവാനുള്ള സൗകര്യവും നഷ്ടപ്പെട്ടതായി മത്സ്യം വിറ്റ് ഉപജീവനം നടത്തുന്നവര്‍ പറയുന്നു.
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ പലഭാഗങ്ങളിലും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച നിലയിലുമാണ്. ഇത്തരത്തില്‍ അശാസ്ത്രീയമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തി ഉദ്യോഗസ്ഥരും, കരാറുകാരും കോടികള്‍ തട്ടിയെടുക്കുകയാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: