വിഘടനവാദവും ഭാരതവിരുദ്ധ പ്രചാരണങ്ങളും ഭീകരവാദ പ്രവര്‍ത്തനങ്ങളും അരങ്ങുതകര്‍ക്കുന്ന ദല്‍ഹിയിലെ ജെഎന്‍യു ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ ദേശസ്നേഹികളെ ഞെട്ടിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമാണ്. ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനാഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളും ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍നിന്നും ഉയര്‍ന്നുവരുന്ന ആപത്കരമായ സ്ഥിതിയെക്കുറിച്ച് അറിയാനും ചെറുത്തു തോല്‍പ്പിക്കാനും ബാധ്യസ്ഥരാണ്. ”ഭാരതത്തിന്റെ നാശം കാണാതെ ഈ സമരം അവസാനിക്കില്ല.” (ജംഗ് രഹേങ്കി….ജംഗ് രഹേങ്കി…ഭാരത് കി ബര്‍ബായി തക് ജംഗ് രഹേങ്കി) എന്നുതുടങ്ങി ”ഓരോ വീടുകളിലും അഫ്സല് ഗുരുമാര്‍ ഉയിര്ത്തെഴുന്നേല്ക്കുമെന്നും” മറ്റുമുള്ള മുദ്രാവാക്യങ്ങളാണ് ജെഎന്‍യുവില്‍ ചില അദ്ധ്യാപകരുടെ അനുഗ്രഹാശിസുകളിലൂടെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയത്.
ഈ മുദ്രാവാക്യം ഉയര്‍ത്തിയ രാജ്യവിരുദ്ധ ശക്തികളെ തൊടാന്‍ പാടില്ലെന്നും അവര്‍ പ്രോത്സാഹനം അര്‍ഹിക്കുന്നുവെന്നുമാണ് കോണ്‍ഗ്രസ്-സിപിഎം കക്ഷികള്‍ ഇപ്പോള്‍ പറയുന്നത്. ദേശീയതയ്ക്കും രാജ്യതാല്പര്യങ്ങള്ക്കുംവേണ്ടി നിലക്കൊള്ളുന്നതിന്റെപേരില് സംഘപരിവാര്‍ വീണ്ടും അധിക്ഷേപത്തിനു വിധേയമായിക്കൊണ്ടിരിക്കയാണ്. നാടിനുവേണ്ടിയുള്ള ഈ പോരാട്ടത്തില്‍ സംഘപ്രസ്ഥാനങ്ങള്‍ക്ക് അഭിമാനിക്കാവുന്നതാണ്.
ഭാരതീയ ജനതാ പാര്‍ട്ടിയും കേന്ദ്ര ഭരണകൂടവും രാജ്യദ്രോഹശക്തികള്ക്കു മുമ്പില്‍ ശഠനോട് ശാഠ്യമെന്ന നിലപാട് സ്വീകരിക്കാന്‍ ഉറച്ചുതീരുമാനിച്ചിരിക്കയാണ്. ബിജെപിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രം ഒന്നാമത്തേതും രാഷ്ട്രീയം രണ്ടാമത്തേതുമാണ്. ഭാരതമെന്ന ചുമര് ഉണ്ടെങ്കില്‍ മാത്രമേ ചിത്രം വരയ്ക്കാനാവൂ എന്ന സത്യം സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കറിയാം. മറ്റെന്തിനോടും സന്ധിയാവാം പക്ഷേ രാഷ്ട്രത്തിന് ക്ഷതം സംഭവിക്കുന്ന കാര്യത്തില്‍ അതായിക്കൂടാ എന്നുള്ളത് ബിജെപിയുടെ സുചിന്തിതമായ നിലപാടാണ്. കശ്മീരില്‍ പാകിസ്ഥാന്റെ പിന്തുണയോടെ നടക്കുന്നത് സ്വാതന്ത്ര്യസമരമാണെന്നും കശ്മീരിന്റെ മോചനം വേണമെന്നുമാണ് ഫെബ്രുവരി 9 ന് ജെഎന്‍യുവില്‍ മുഴങ്ങികേട്ട ഒരാവശ്യം.
ദേശസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള അപകടകരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയിട്ടും അതിന് തടയിടാന്‍ ശ്രമിക്കാത്തവര്‍ യൂണിയന് ചെയര്‍മാനായാലും ഇടതുപക്ഷ പാര്‍ട്ടിക്കാരായാലും അവരോട് സന്ധിചെയ്യാനാവില്ല എന്നതു തന്നെയാണ് ദേശസ്നേഹികളുടെ നിലപാട്. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി പ്രശ്നം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ കഴിഞ്ഞ ഒമ്പതിന് നടന്ന അഫ്സല്‍ഗുരു അനുസ്മരണ പരിപാടി ആര്‍ക്കും വിസ്മരിക്കാനാവില്ല. അഫ്സല്‍ഗുരു മരിച്ച മൂന്നാം കൊല്ലം ആസൂത്രിതമായി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചു എന്ന ഒറ്റക്കാരണംകൊണ്ടുതന്നെ ഇടതുപക്ഷ പുരോഗമനക്കാര്‍ ഭാരതത്തോട് കൊടുംപാതകമാണ് ചെയ്തിട്ടുള്ളത്.
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ ജനങ്ങളുടെ കണ്ണ് തുറപ്പിക്കേണ്ട ഒന്നാണ്. ജെഎന്‍യുവിലും ദല്‍ഹിയിലെ പട്യാലാഹൗസ് കോടതിയിലും അരങ്ങേറിയ അക്രമസംഭവങ്ങള്‍ ആര്‍ക്കും ന്യായീകരിക്കാവുന്നതല്ല. നിയമവാഴ്ചയെ കാറ്റില്‍ പറത്തികൊണ്ട് കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നിലയിലേക്കു കാര്യങ്ങള്‍ വഴുതിപോകുന്നത് ജനാധിപത്യത്തിനും സമാധാനപരമായ ജനജീവിതത്തിനും ആപത്കരം തന്നെയാണ്. ഇത്തരം പ്രശ്നങ്ങളില്‍ നിയമം നിയമത്തിന്റെതായ വഴികളിലൂടെ കര്‍ശനമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതുണ്ട്. രാജ്യത്ത് ആരും രാഷ്ട്രത്തിനും നിയമത്തിനും അതീതരല്ലെന്ന അടിസ്ഥാന സങ്കല്‍പ്പം ലംഘിക്കപ്പെട്ടുകൂടാ. ജെഎന്‍യുവില്‍ ആസൂത്രിതമാംവിധം ഭാരതവിരുദ്ധ മുദ്രാവാക്യങ്ങളുയരുന്നതും പ്രവര്‍ത്തനപരമായി പാകിസ്ഥാന് അനുകൂല നടപടികളുണ്ടാവുന്നതും ഒരു നിലയ്ക്കും അനുവദിക്കപ്പെട്ടുകൂടാ. രാജ്യത്തിന്റെ പൊതുഖജനാവില്‍നിന്ന് ഏറ്റവും കൂടുതല്‍ തുകചിലവഴിച്ച് വിദ്യാര്‍ത്ഥികള്‍ അതിന്റെ ഗുണഭോക്താക്കളായി നേട്ടങ്ങള്‍ അനുഭവിക്കുന്ന ക്യാമ്പസാണ് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയുടേത്. അവര്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് രാഷ്ട്രത്തിനോടുള്ള ഉത്തരവാദിത്വം എന്ന അര്‍ത്ഥവും നാട്ടുകാരോടുള്ള പ്രതിബദ്ധത എന്ന ആശയവും കൂട്ടിചേര്‍ക്കേണ്ടതുണ്ട്.
ജാര്‍ഖണ്ഡില്‍ നാടിനുവേണ്ടി ജീവനെ പണയപ്പെടുത്തി പോരാട്ടം നടത്തിയ 75 ഓളം അര്‍ദ്ധ സൈനികര്‍ മാവോയിസ്റ്റ് ഭീകരരുടെ അക്രമത്തില്‍ ജീവത്യാഗം ചെയ്യേണ്ടി വന്നപ്പോള്‍ ആ അരുംകൊല നടത്തിയ രാഷ്ട്രവിരുദ്ധര്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിച്ച് പരിപാടി നടന്ന ക്യാമ്പസാണ് ജെഎന്‍യുവിലേത്. ഇത്തരം പ്രവണതകള്‍ ദേശസ്നേഹികളെ അത്യധികം ഉത്കണ്ഠാകുലരാക്കിയിട്ടുണ്ട്. ഈ ആശങ്ക സ്വാഭാവികമാണ്. രാഷ്ട്രം ഒന്നാമത്തേതും രാഷ്ട്രീയം രണ്ടാമത്തേതുമെന്ന നിലയില്‍ കാര്യങ്ങള്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്.
ഭാരതത്തിന്റെ പരമാധികാരത്തെ ചോദ്യംചെയ്തുകൊണ്ട് നടക്കുന്ന ഏത് കുത്സിത പ്രവര്‍ത്തനങ്ങളെയും യുദ്ധകാല പരിതസ്ഥിതിപോലെ കണ്ട് രാജ്യം കൈകാര്യം ചെയ്യുന്നതില്‍ തെറ്റില്ല. പക്ഷേ കഴിയുന്നത്ര മനുഷ്യാവകാശ വ്യവസ്ഥകള്‍ പാലിക്കപ്പെടുകയും വേണം. ഭരണഘടനയുടെയും ജനാധിപത്യ സങ്കല്പ്പത്തിന്റെയും നിയമവാഴ്ചയുടെയും അടിത്തറതന്നെ ക്ഷേമരാഷ്ട്രസങ്കല്പ്പത്തിലധിഷ്ഠിതമാണ്. ജെഎന്‍യുവില്‍ നിയമാധിഷ്ഠിത മാര്‍ഗ്ഗത്തിലൂടെ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുകയാണ് വേണ്ടത്. അക്രമത്തിന്റെ മാര്‍ഗ്ഗം അവലംബിക്കുന്നതില്‍ അര്‍ത്ഥമില്ല. ശത്രുരാജ്യമായ പാകിസ്ഥാനുവേണ്ടി നിലക്കൊള്ളുന്നു എന്നാക്ഷേപിച്ച് ജെഎന്‍യുവിനെ ശത്രുതയോടെ കണ്ടുകൊണ്ട് അവര്‍ക്കെതിരെ വൈരനിര്യാതന ബുദ്ധ്യാ പെരുമാറുന്നതും അഭിലഷണീയമല്ല.
പാര്‍ലമെന്റ് അക്രമണ കേസില്‍ നീതിപീഠങ്ങള്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സംവിധാനങ്ങള്‍ ഒന്നടങ്കം കുറ്റക്കാരനെന്നു കണ്ടെത്തി മൂന്നുവര്‍ഷം മുമ്പ് വധശിക്ഷയ്ക്കു വിധേയനായ ഒരാളിനെ വാഴ്ത്തിക്കൊണ്ടുള്ള ഒരു പരിപാടി ജെഎന്‍യു കാമ്പസ്സില്‍ നടത്തിയത് അക്ഷന്തവ്യമായ അപരാധമാണ്. സാംസ്കാരിക പരിപാടിക്ക് അനുമതി സമ്പാദിച്ചശേഷം അത് അഫ്സല്‍ഗുരു അനുസ്മരണമാക്കാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ യൂണിവേഴ്സിറ്റി തന്നെ നേരത്തെ നല്‍കിയിരുന്ന അനുമതി പിന്‍വലിക്കുകയാണുണ്ടായത്. പക്ഷേ നിയമവിരുദ്ധമായിട്ടും പേശീബലത്താല്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥികള്‍ സംഘടിതമായി പ്രസ്തുത പരിപാടി നടത്തുകയാണുണ്ടായത്. പുറത്തുനിന്നുള്ള ഭീകരരുടെ പിന്തുണയും ഇവര്‍ക്കുണ്ടായിരുന്നു.
ഇതാണ് യഥാര്‍ത്ഥത്തില്‍ അനിഷ്ഠ സംഭവങ്ങള്‍ക്കിടയാക്കിയത്. അഫ്സല്ഗുരുവിന്റെ ശിക്ഷാ നടപടിക്കെതിരെ നടത്തിയ ജെഎന്‍യുവിലെ പരിപാടി ഭരണഘടനയെ ചോദ്യം ചെയ്യുന്ന നടപടി തന്നെയാണ്. ഇത്തരം ദേശവിരുദ്ധ-നിയമ വിരുദ്ധ നടപടികളെ ചോദ്യംചെയ്യാനും ചെറുത്തുതോല്‍പ്പിക്കാനും ഏതൊരു പൗരനും അവകാശമുണ്ട്. എന്നാല്‍ കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ് നേതാക്കന്മാര് ഓടിയെത്തി ദേശവിരുദ്ധ നടപടിക്കാരെ വെള്ളപൂശുകയും പിന്തുണയ്ക്കുകയുമാണുണ്ടായത്. ദേശീയകക്ഷിയായ കോണ്‍ഗ്രസ് കാട്ടിയ ഹിമാലയന്‍ മണ്ടത്തരമായി ഈ പിന്തുണ മാറിക്കഴിഞ്ഞിട്ടുണ്ട്.
ഭീകരരുടെ പിന്‍ബലത്തോടെ പാകിസ്ഥാന് ജയ് വിളിച്ചുകൊണ്ട് ഭാരതത്തെ തകര്‍ക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു പരിപാടിക്ക് അരങ്ങും അണിയറയുമൊരുക്കിയ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും അതിനെ എതിര്‍ക്കാതിരുന്ന കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് പാര്‍ട്ടി നിലപാടുകളും അങ്ങേയറ്റം അധിക്ഷേപാര്‍ഹമാണ്. യൂണിവേഴ്സിറ്റി യൂണിയന് ചെയര്മാന് കനയ്യകുമാറിന്റെ പേരിലാരോപിച്ച കുറ്റം നിലനില്‍ക്കുമോ എന്ന കാര്യം കോടതി തീരുമാനിക്കേണ്ട വിഷയമാണ്. പുറംലോകത്തിനു മുന്പില് കനയ്യകുമാറിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ചുവെന്നും പോലീസ് മോശമായി പെരുമാറിയെന്നും ഇടതുകക്ഷികളും ഒരു വിഭാഗം മാധ്യമങ്ങളും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ കനയ്യകുമാര്‍ കോടതി മുമ്പാകെ ഇങ്ങനെയൊരാക്ഷേപം ഉന്നയിച്ചിട്ടില്ല.
കോടതി പ്രതിയെ റിമാര്‍ഡു ചെയ്തതും വൈദ്യപരിശോധനയ്ക്ക് അയക്കാതിരുന്നതും മാധ്യമ ആരോപണത്തിന്റെ മുനയൊടിക്കുന്നതാണ്. 1962 ലെ കേദാര്‍നാഥ് സിംഗ് കേസും, 2003 ലെ നെടുമാരന് കേസും, 200 ലെ ബല്‍ബീര്‍സിംഗ് കേസുമൊക്കെ പരിശോധിക്കുമ്പോള്‍ 124(എ) ഐപിസി നിലനില്ക്കത്തക്ക നിയമമാണെന്ന് വരുന്നുണ്ടെങ്കിലും, കേവലമൊരു മുദ്രാവാക്യം വിളികൊണ്ടുമാത്രം രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് പരമോന്നത നീതിപീഠം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാഷ്ട്രത്തിന്റെ പൊതുധാരയെ ഉള്‍ക്കൊള്ളുന്ന ആരെയും രാജ്യദ്രോഹിയാക്കി ചിത്രീകരിക്കാതിരിക്കുകയാണുവേണ്ടത്.
കഴിഞ്ഞ കൊല്ലത്തെ മേമന്വധ ശിക്ഷ നടപ്പാക്കുമ്പോഴും ഇപ്പോള്‍ ജെഎന്‍യു സംഭവമുണ്ടായപ്പോഴും സിപിഎം- സിപിഐ കക്ഷികള്‍ സ്വീകരിച്ച നിലപാട് ആപത്കരവും ആശങ്കാജനകവുമാണ്. കോണ്‍ഗ്രസ് ഇതിനെ പിന്താങ്ങിയതും തെറ്റാണ്. സ്വാതന്ത്ര്യസമര കാലത്ത് ഗാന്ധിജിയെയും കോണ്‍ഗ്രസ്സിനെയും എതിര്‍ത്ത് ദേശീയതയെ വികലമാക്കാന്‍ സ്വീകരിച്ച കാലഹരണപ്പെട്ട പഴയ രീതി ഇപ്പോള്‍ വീണ്ടും സിപിഎം-സിപിഐ കക്ഷികള്‍ അവലംബിക്കാന്‍ തുടങ്ങിയിരിക്കുന്നു. കോണ്‍ഗ്രസും വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഈ പ്രശ്നത്തില്‍ രാജ്യതാല്‍പ്പര്യങ്ങളെ അട്ടിമറിക്കുകയാണ്. ആരും രാജ്യതാല്‍പ്പര്യത്തേക്കാള്‍ വലിയവരെല്ലെന്ന സത്യം ഇക്കൂട്ടര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: