ഭാഷ ആശയവിനിമയത്തിനുള്ള ഉപാധിയാണ്. ഇന്നത്തെ ലോകത്ത് മനുഷ്യന്റെ കയ്യിലെ ഏറ്റവും ശക്തമായ ആയുധവും. ഭാഷയിലുള്ള പ്രാവീണ്യം വ്യക്തിയുടെ ഏറ്റവും വലിയ മൂലധനമായി ഇന്ന് കണക്കാക്കുന്നു. ഭാഷയിലുള്ള നൈപുണ്യം ‘ചില ഭാഷയില്‍’ മാത്രം നേടാന്‍ ഇന്ന് എല്ലാവരും പരക്കം പായുകയാണ്. ജനിക്കുമ്പോള്‍ തന്നെ ഈ ഭാഷാ പ്രാവീണ്യം നേടാന്‍ ഭാര്യയുടെ പ്രസവം ഇംഗ്ലണ്ടിലാക്കാന്‍ കൊതിക്കുന്ന മലയാളി മനസ്സിനെ തൊട്ടറിഞ്ഞ കവിയുടെ ചിന്തകള്‍ നമുക്കൊരു നേരമ്പോക്ക് മാത്രം! ഭാഷ ആശയവിനിമയോപാധി മാത്രമല്ല. അത് സംസ്കാരത്തിന്റെ ആവിഷ്കാരവുമാണ്. അതിനാല്‍ അതൊരു വികാരമാണ്. അവാച്യമായ അനുഭൂതിയുടെ!
ഭാഷ സൃഷ്ടിക്കുന്ന വെറളിക്കും വികാരത്തിനും അപ്പുറത്തേക്ക് വിചാരം ചെയ്യാന്‍ നമുക്ക് കഴിയണം. ചില ഭാഷകള്‍ക്ക് പിറകില്‍ വെറളിപൂണ്ട് പോകുന്ന വര്‍ത്തമാനകാലത്താണ് ഭാഷ ഒരു വികാരമായി സ്വീകരിച്ച് ജീവിതം ഹോമിച്ചവരുടെ ഓര്മയാല് വിതുമ്പുന്ന ഫെബ്രുവരി 21 നെ ഐക്യരാഷ്ട്ര സഭ ‘ലോക ഭാഷ ദിന’മായി പ്രഖ്യാപിച്ചത്. അത് ഒരു വികാരത്തിന്റെ പുറത്തല്ല. വിചാരത്തിന്റെ, അല്ല ഒരു വീണ്ടുവിചാരത്തിന്റെ തുടക്കമായാണ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിന്റെ പ്രത്യേകിച്ചും രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകത്തുണ്ടായ മാറ്റങ്ങളില്‍ ഭാഷക്ക് വലിയ പങ്കുണ്ട്. ഭാഷ വികസനത്തിന്റെ ചാലകശക്തിയാണ്. അവികസനത്തിന്റെ പിറകിലെ കാരണവും ഭാഷ തന്നെ! ഭാഷാ ആസൂത്രണം വികസനത്തില്‍ സാമ്പത്തിക ആസൂത്രണത്തെക്കാള്‍ മുന്‍ഗണന അര്‍ഹിക്കുന്നു. കാരണം സമഗ്രവികസനത്തിന്റെ മേഖലകള്‍ ആയ വിദ്യാഭ്യാസ-സാമ്പത്തിക-സാമൂഹിക വികസനത്തിന്റെ അടിസ്ഥാനം ഭാഷാ വികസനമാണ്. ജനാധിപത്യ സംവിധാനത്തില്‍ പ്രത്യേകിച്ചും.
ഭാരതീയ ഭാഷകള്‍ക്ക് ഇന്ന് എല്ലാ രംഗങ്ങളിലും അയിത്തം കല്‍പ്പിച്ചിരിക്കയാണ്. സ്വാതന്ത്ര്യത്തിന്റെ മാത്രമല്ല റിപ്പബ്ലിക്കിന്റെയും (ജനാധിപത്യ പരമാധികാര പ്രഖ്യാപനം) അറുപതാണ്ടുകള്‍ പിന്നിട്ടുകഴിഞ്ഞു. നിയമനിര്‍മാണത്തിന്റെയും നീതിനിര്‍വഹണത്തിന്റെയും ശ്രീകോവിലുകള്‍ ആയ നിയമനിര്‍മാണസഭകളിലും ഹൈക്കോടതികളിലും സുപ്രീംകോടതിയിലും ഭാരതീയ ഭാഷകള്‍ക്ക് പ്രവേശനം ഇല്ല. ഭരണം അടിമുടി ആംഗലേയം! പിന്നെ എന്തിന് നമ്മുടെ കുട്ടികള്‍ മലയാളത്തിലും തമിഴിലും ബംഗാളിയിലും പഠിക്കണം. ശാസ്ത്ര വിഷയങ്ങളോ, മെഡിക്കല്‍-എഞ്ചിനീയറിങ് കോഴ്സുകളോ ഭാരതീയ ഭാഷകളില്‍ പഠിക്കാന്‍ ഭാരതത്തില്‍ അനുവാദമില്ല. വേണമെങ്കില്‍ ചില മാനവീയ വിഷയങ്ങള്‍ ആവാം! കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ മലയാളത്തില്‍ പഠിപ്പിക്കാന്‍ തുടങ്ങണം. അപ്പോഴെ മലയാളത്തിന് ശ്രേഷ്ഠത കൈവരൂ. അന്ന് താനെ ഇംഗ്ലീഷ് മീഡിയം ഭ്രാന്ത് അവസാനിക്കും.
ഭാരതത്തിലെ ഭാഷകള്‍ എല്ലാം ദേശീയ ഭാഷകള്‍ ആണ്. ഒന്ന് മറ്റൊന്നിന്റെ മുകളിലൊ താഴെയോ അല്ല. എല്ലാ ഭാഷകളും ഒരേ സംസ്കാരത്തിന്റെ സൗരഭ്യം പരത്തുന്ന പൂക്കള്‍. എല്ലാ ഭാഷകളും ഉയിര്‍കൊണ്ടതും പ്രചോദിതമായതും ഒരേ സാംസ്കാരികധാരയില്‍. ഈ ദേശീയ ഐക്യത്തിന്റെ ഉള്ളിലെ സുവര്‍ണ നൂലാണ് സംസ്കൃതം. ഈ ഭാഷാ സങ്കല്‍പ്പം കൂടുതല്‍ ശക്തമാകേണ്ടതുണ്ട്. ജനജാഗരണത്തിന് നേതൃത്വം നല്‍കേണ്ടതുണ്ട്.
ജനജാഗരണത്തിന് നേതൃത്വം നല്‍കേണ്ടതുണ്ട്. ഭാരതീയ ഭാഷകള്‍ക്ക് ഇടക്ക് ഒരു ഊഷ്മളമായ അന്തര്സംവാദത്തിന്റെ ഒരു അന്തരീക്ഷം സംജാതമായിട്ടുണ്ട്. അതിന്റെ പരിണതഫലമാണ് ഭാരതീയ ഭാഷാ മഞ്ചിന്റെയും ഭാരതീയ ഭാഷ അഭിയാന്റെയുമൊക്കെ രംഗപ്രവേശം. ഭാരതീയ ഭാഷകള്‍ക്ക് ഭരണഘടന നല്കുന്ന അവകാശങ്ങളും സംരക്ഷണങ്ങളും ഉറപ്പുവരുത്താനുള്ള നിയമപോരാട്ടമായിരിക്കും പ്രധാനമായും ഭാരതീയ ഭാഷാ അഭിയാനിലൂടെ നടക്കുക. അതില്‍ നിയമവിശാരതരായ അഭിഭാഷകര്‍ മാത്രമല്ല, ന്യായാധിപന്മാരും നിയമവിദ്യാര്‍ത്ഥികളും നിയമമേഖലയിലെ അധ്യാപകരും പ്രമുഖ സ്ഥാപനങ്ങളും ഒന്നിക്കുന്നു.
ഭാഷാ ആസൂത്രണത്തെ വികസനവുമായും ജനാധിപത്യ സംവിധാനവുമായും ബന്ധിപ്പിച്ച് ലോക സാഹചര്യങ്ങളെയും ഭാരതീയ വസ്തുതകളെയും ആഴത്തില്‍ വിശകലനം ചെയ്യുന്ന ശ്രദ്ധേയമായ പഠനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. മൈക്രോ സോഫ്റ്റില്‍നിന്നും പുറത്തുവന്ന സംഗ്രാം സാനുവും കേരളത്തിലെ ഐപിഎസ് ഓഫീസറും മൂന്നാറിലെ തോട്ടം തൊഴിലാളി കുടുംബത്തില്‍നിന്ന് വളര്‍ന്നുവന്ന വ്യക്തിയുമായ കെ.സേതുരാമനും അവതരിപ്പിക്കുന്ന വസ്തുതകള്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ ഭാരതത്തിലെ വികസന മുരടിപ്പിന്റെയും അഴിമതിയുടെയും ഭരണരംഗത്തെ ചുവപ്പുനാടയുടെയും എല്ലാം കെട്ടുപൊട്ടിക്കാന്‍ കഴിയും.
കേരളത്തില്‍ ഔദ്യോഗിക ഭാഷാ നിയമം പൊളിച്ചെഴുതിയത് ഏറെ ആശാവഹമാണ്. 1969 ലെ ഔദ്യോഗിക ഭാഷാ നിയമം (1973 ഭേദഗതി അടക്കം) റദ്ദ് ചെയ്താണ് മലയാളം മാത്രം ഔദ്യോഗിക ഭാഷയായുള്ള പുതിയനിയമം കൊണ്ടുവന്നിരിക്കുന്നത്. എന്നാല്‍ നിയമനിര്മാണങ്ങള്കൊണ്ടോ സര്‍ക്കാര്‍ ഉത്തരവുകള്കൊണ്ടൊ മാത്രം വേണ്ടത്ര ഫലം ഉണ്ടാവുകയില്ല. ഉദാഹരണത്തിന് മൂന്ന് വര്‍ഷംമുമ്പ് കേരളത്തില്‍ പ്രഖ്യാപിച്ച ഒന്നാംഭാഷ മലയാളം എന്ന ആശയം ഇന്നും സര്‍ക്കാര്‍ ഉത്തരവില്‍ തന്നെ നില്ക്കുന്നു. എസ്എസ്എല്‍സി പരീക്ഷക്ക് ചോദ്യം വരുമ്പോള്‍ അറബിയും മറ്റ് ഭാഷകളും ഒന്നാം ഭാഷയും മലയാളം പഴയ ഉപപാഠം എന്ന സങ്കല്‍പ്പത്തില്‍തന്നെ തുടരുകയും ചെയ്യുന്നു. ഭാഷക്ക് സര്‍ക്കാര്‍ സംരക്ഷണവും പ്രോത്സാഹനവും ലഭിക്കുന്നതോടൊപ്പം ഭാഷ ഉപയോഗിക്കാന്‍ എല്ലാവരും തയ്യാറാവണം.
ഭാരതീയ ഭാഷകള്‍ക്ക് വേണ്ടി ഒരു പൊതുവേദി രൂപപ്പെട്ടുവരുന്നു എന്നതാണ് ഏറെ ആശാവഹമായ മറ്റൊരു കാര്യം. ഇന്നേവരെ ഭാഷകളെ ദേശീയതയെ തുരങ്കംവയ്ക്കാനാണ് ആഭ്യന്തരവും ബാഹ്യവുമായ ശക്തികള്‍ ഉപയോഗിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഭാരതീയ ഭാഷാ മഞ്ചിന്റെ ആഹ്വാനപ്രകാരം ഭാരതം മുഴുവന്‍ ഭാഷാ ദേശീയ ഏകതക്ക് എന്ന സന്ദേശത്തോടെ പരിപാടികള്‍ നടത്താന്‍ ഭാഷാ സ്നേഹികള്‍ ഒന്നിച്ചുമുന്നോട്ടുവരുന്ന സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: