ആധുനികോത്തര കേരളത്തിലെ ഉമ്മന്സര്ക്കാരിന്റെ നില സഹതാപകരമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് സരിതാപകരമായിരിക്കുന്നുവെന്ന് ഉത്തരാധുനിക സാഹിത്യകാരന് എന്‍.എസ്. മാധവന് അഭിപ്രായപ്പെട്ടതായി അറിയുന്നു. ടി.പി. ശ്രീനിവാസനെ മര്‍ദ്ദിച്ച എസ്എഫ്ഐയെ സ്റ്റുഡന്റ്സ് ഫാസിസ്റ്റ് ഓഫ് ഇന്ത്യ എന്ന് വിളിച്ചുകൊണ്ട് എന്‍.എസ്. മാധവന് ട്വീറ്റ് ചെയ്തു. കേരളത്തിലെ സംഭവങ്ങളില്‍ മലയാള സാഹിത്യകാരന്മാര് പ്രതികരിച്ചുതുടങ്ങിയത് ശുഭോദര്‍ക്കം. തൃപ്പൂണിത്തുറയിലും അടൂരും എംജി യൂണിവേഴ്സിറ്റിയിലും നടന്ന പീഡനങ്ങളില്‍ നിശബ്ദത പാലിച്ച മല്ലൂ ബുദ്ധിജീവികള്‍ ഹൈദരാബാദിലെ രോഹിത് വെമുലയെ ഇവിടെ മുഖ്യചര്‍ച്ചാവിഷയമാക്കി.
അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന് എന്ന സംഘടനയുണ്ടാക്കി വെമൂല യാക്കൂബ് മേമനുവേണ്ടി പ്രക്ഷോഭം നടത്തി! ഭാരതത്തില്‍ അംബേദ്ക്കറെപ്പോലുള്ളവര്‍ സൃഷ്ടിച്ച നിയമപ്രകാരമാണ് മേമനെ ശിക്ഷിച്ചത്. അംബേദ്കര്‍ കമ്യൂണിസത്തിന്റെ കടുത്ത വിമര്‍ശകനായിരുന്നു എന്ന കാര്യവും വെമുലയെ വിറ്റ് രാഷ്ട്രീയം കളിക്കുന്ന കമ്യൂണിസ്റ്റുകള്‍ ഓര്‍ക്കേണ്ടതാണ്.
അവസാനം പി. ജയരാജന് റിമാന്‍ഡിലായി. പിണറായിയുടെ പ്രതികരണം ഉടന്‍വന്നു. ഇത് അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാനുള്ള ഗൂഢശ്രമം ആണത്രേ! 1965 ലെ തെരഞ്ഞെടുപ്പില്‍ ജയിലില്‍ കിടന്ന മുപ്പതോളം പ്രവര്‍ത്തകര്‍ വിജയിച്ച കാര്യം പിണറായി ചൂണ്ടിക്കാട്ടുന്നു. അന്ന് പാവപ്പെട്ടവന്റേതായിരുന്നു പാര്‍ട്ടി. ഇന്ന് സമ്പന്നന്റേതായി മാറിയത് പിണറായി വിസ്മരിക്കുന്നു. ചരിത്രം ചികയുന്നവര്‍ ചരിത്രത്തോട് നീതിപുലര്‍ത്തിയോ എന്നുകൂടി ചിന്തിക്കട്ടെ! ഇനിയും നേതാക്കള്‍ പലരും ജയരാജന്റെ വഴിയേ അഴിക്കുള്ളിലേക്ക് പോകാനാണ് സാധ്യത. സഹതാപകരമായിരുന്ന സിപിഎമ്മിന്റെ അവസ്ഥ ഇപ്പോള്‍ ജയരാജകരമായി മാറിയിരിക്കുന്നു. ”ആത്മഹത്യക്കും കൊലക്കും ഇടയിലൂടെ ആര്‍ത്തനാദം പോലെ പായുന്ന ജീവിതം” എന്ന് ചുള്ളിക്കാട് പാടിയതുപോലെ സരിതാപകരമായ കോണ്‍ഗ്രസിനും ജയരാജകരമായ സിപിഎമ്മിനും ഇടയിലൂടെ ആര്‍ത്തനാദംപോലെ പായുകയാണ് മലയാളി ജീവിതം.
എസ്എന്‍ഡിപിയും സംഘപരിവാറുമായുള്ള അടുപ്പം കുമാരനാശാന് തുടങ്ങിവെച്ച ദേശീയതാബോധത്തിന്റെ പിന്തുടര്ച്ചയാണെന്ന് എം.പി. പ്രശാന്ത് ടൈംസ് ഓഫ് ഇന്ത്യയില്‍ (ഫെബ്രു. 13) എഴുതുന്നു. മാപ്പിളലഹളയിലെ അതിക്രമങ്ങള്‍ ‘ദുരവസ്ഥ’യില്‍ ആഖ്യാനം ചെയ്യുന്നതാണ് ലേഖനത്തിന്റെ പ്രമേയം. ജാതികളെ ഒന്നിപ്പിച്ചുകൊണ്ടുള്ള ഹിന്ദു ഐക്യം കുമാരനാശാന്റെ ലക്ഷ്യമായിരുന്നുവെന്ന് നിരൂപകനായ പ്രദീപ് പാമ്പിരിക്കുന്ന് ചൂണ്ടിക്കാട്ടുന്നു. മതപരിവര്‍ത്തനത്തെ ആശാന് എതിര്‍ത്തിരുന്നത് പാമ്പിരിക്കുന്ന് അടിവരയിടുന്നു. എസ്എന്‍ഡിപിയിലെ ഹിന്ദു ഐക്യശ്രമങ്ങളുടെ തുടക്കമായി ദളിത് ബുദ്ധിജീവികള്‍ ‘ദുരവസ്ഥ’യെ അടയാളപ്പെടുത്തുന്നതായി ലേഖനം പറയുന്നു. ഇത്ര ധീരമായ വിശകലനങ്ങള്‍ നടത്താന്‍ മലയാളത്തിലെ മുഖ്യധാരാപത്രങ്ങള്‍ക്ക് ആര്‍ജവമുണ്ടോ എന്നതാണ് ചിന്തനീയം.
സാംസ്കാരിക ഫലിതബിന്ദുക്കള്‍
2013 ല്‍ അന്തരിച്ച ധാബോള്‍ക്കര്‍ ഉള്‍പ്പെടെ അപമൃത്യു സംഭവിച്ച മുഴുവന്‍ സാഹിത്യകാരന്മാരുടെയും ഉത്തരവാദിത്തം നരേന്ദ്ര മോദിയുടെ തലയില്‍ കെട്ടിവെക്കുകയാണ് കേരളത്തിലെ ബുദ്ധിജീവികള്‍. ടി.പി. ചന്ദ്രശേഖരനേക്കാള്‍ മുന്നേ കൊലയാളികളുടെ ലിസ്റ്റില്‍ ഇടംനേടിയ കണ്ണൂരിലെ കവി ഉമേഷ്ബാബു രണ്ടുതവണ വധശ്രമത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടുവെന്നും ഇനിയും വേട്ടയാടപ്പെടുന്നുവെന്നും പച്ചക്കുതിര മാസിക 2012 ഒക്ടോബര്‍ ലക്കം കവര്സ്റ്റോറിയില് പറയുന്നു. ഇടതുബുദ്ധിജീവികള്‍ക്ക് തന്മാത്രാരോഗമോ?
കഥാകൃത്ത് ഉണ്ണി. ആര് പറയുന്നു. ”അഞ്ചാംക്ലാസുമുതല്‍ പത്താംക്ലാസുവരെ ആര്‍എസ്എസ് ശാഖയില്‍ പോയ കുട്ടിയായിരുന്നു ഞാന്‍. പിന്നീട് പുസ്തകങ്ങള്‍ വായിക്കുകയും ലോകത്തെ മനസിലാക്കുകയും ബുദ്ധി വളരുകയും ചെയ്തപ്പോള്‍ ആദ്യം ഉപേക്ഷിച്ചത് ആര്‍എസ്എസ് ബന്ധമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ അനുഭവം പ്രസിദ്ധീകരിച്ചതാണ്. ഇന്നായിരുന്നു അത്തരമൊരു ലേഖനം പ്രസിദ്ധികരിക്കപ്പെടുന്നതെങ്കില് എന്റെ തല കാണില്ലായിരുന്നു.”
ടി.പി. ചന്ദ്രശേഖരന് മുതല്‍ ടി.പി. ശ്രീനിവാസനെ വരെ കണ്ട മലയാളിയുടെ മുന്നില്‍ ഈ നനഞ്ഞ പടക്കം പൊട്ടുമോ?
ശബരിമലയില്‍ സ്ത്രീയെയും പുരുഷനെയും ഒരുപോലെ പരിഗണിക്കണമെന്ന് സുപ്രീംകോടതി.
കഥകളിയില്‍ സ്ത്രീവേഷം അഭിനയിക്കുമ്പോള്‍ പശ്ചാത്തലവാദ്യമായി ചെണ്ട ഉപയോഗിക്കുവാന്‍ പാടില്ലെന്ന് നിയമമുണ്ട്. ഈ സ്ത്രീ വിവേചനംകൂടി ബഹുമാനപ്പെട്ട സുപ്രീംകോടതി അവസാനിപ്പിച്ചുതന്നാല് കേരളത്തിലെ സ്ത്രീകള്‍ രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: