പുരോഗമന വിപ്ലവകാരിയും നവോത്ഥാനനായകനും കേരളത്തിന്റെ കന്നയ്യ കുമാറെന്ന് വാഴ്ത്താവുന്നവനുമായ രാഹുല്‍ പശുപാലനും സഹചാരിണി രശ്മിനായരും ജാമ്യത്തിലിറങ്ങിയത്രെ. സാമ്രാജ്യത്ത പോലീസിന്റെ തടങ്കലിലായിരുന്നു ഇക്കാലയളവില്‍ ഈ സ്വാതന്ത്ര്യസമരപോരാളികള്‍. ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ കന്നയ്യ കുമാറും സംഘവും സര്വസ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം നടത്തുന്നതിന് വീറും വീര്യവും പകര്‍ന്ന് മലയാളം ടെലിവിഷന്‍ ചാനലുകളില്‍ നിറഞ്ഞാടേണ്ട കാലത്ത് ഈ വിപ്ലവകാരികള്‍ അകത്തായിപ്പോയതിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കരങ്ങളുണ്ടോ എന്ന് പ്രമോദ് രാമനും സംഘത്തിനും നിശ്ചയമായി പരിശോധിക്കാവുന്നതാണ്. എന്തായാലും ദാദ്രിയിലെ പോത്തുത്സവവും ഫരീദാബാദ് മുതല്‍ ഹൈദരാബാദ് വരെ നീളുന്ന അയിത്തോച്ചാടനമഹോത്സവവും പിന്നിട്ട് ഇപ്പോള്‍ ജെഎന്‍യുവിലെ അഫ്സല് ഫെസ്റ്റില്‍ പൂണ്ടുവിളയാടുകയാണ് ഇടതുപാര്‍ട്ടികളും രാജ്യവിരുദ്ധമാധ്യമങ്ങളും.
കന്നയ്യകുമാറെന്ന വിദ്യാര്‍ത്ഥിയുടെ നിരപരാധിത്തം ചൂണ്ടിക്കാട്ടിയാണ് പതിവ് മോദിവിരുദ്ധ പ്രചാരണത്തിന് ഇപ്പറഞ്ഞ ദേശദ്രോഹികള്‍ മൂര്‍ച്ചകൂട്ടുന്നത്. ദാദ്രിയിലെ അഖ്ലഖിനെപ്പോലെ, ഫരീദാബാദില്‍ വെന്തുമരിച്ച പിഞ്ചുകുഞ്ഞുങ്ങളെപ്പോലെ, ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് വിമുലയെപ്പോലെ കന്നയ്യകുമാറും ഈ രാജ്യദ്രോഹികളുടെ പ്രചാരണോപാധിയാകുന്നു എന്ന് മാത്രം. ബീഹാറിലെ ബിഹത് ഗ്രാമവാസിയാണ് കന്നയ്യകുമാര്‍. തളര്‍ന്ന് കിടക്കുന്ന അച്ഛന് ജയശങ്കര്‍ സിങ്ങിന്റെയും അങ്കണവാടി അദ്ധ്യാപികയായ മീനാദേവിയുടെയും ജീവിതപ്രതീക്ഷകള്ക്ക് തുണയാകേണ്ടവന്‍. സിപിഐക്ക് ശക്തിയുള്ള ബീഹാറിലെ തെഗ്ര അസംബ്ലിമണ്ഡലത്തിലാണ് കന്നയ്യയുടെ ജന്മഗ്രാമം. പ്രശ്നം കന്നയ്യകുമാറല്ല എന്ന് അയാളുടെ ജീവിതപശ്ചാത്തലം നമ്മോടു വിളിച്ചുപറയുന്നുണ്ട്. കന്നയ്യയും രോഹിത് വിമുലയുമടക്കം ഉന്നതവിദ്യാഭ്യാസത്തിനായി സര്വകലാശാലകളിലെത്തപ്പെടുന്ന യുവാക്കള്‍ രാജ്യവിരുദ്ധശക്തികളുടെ കളിപ്പാവയാക്കപ്പെടുന്നതാണ് പ്രശ്നം.
ഹൈദരാബാദ് സര്‍വകലാശാലയില്‍ യാക്കൂബ് മേമന് മയ്യത്ത് നമസ്കാരം, ജെഎന്‍യുവില്‍ അഫ്സല്‍ഗുരുവിന് അനുസ്മരണസമ്മേളനം, കേരളനിയമസഭയില്‍ അബ്ദുള്‍ നാസര്‍മദനിക്ക് ഐക്യദാര്‍ഢ്യം, ദല്‍ഹിയിലെ തെരുവോരത്ത് മാവോയിസ്റ്റ് ഭീകരര്‍ക്ക് പിന്തുണയുമായി പ്രകടനം….. എല്ലാറ്റിനും പേര് പുരോഗമനവിപ്ലവം. താലിപൊട്ടിക്കലും തെരുവുചുംബനവും അടക്കം അരാജകത്വത്തിന്റെ സമരമുഖങ്ങള്‍ വേറെയും. അതിനിടയിലാണ് എംപിമാരുടെയും എംഎല്‍എമാരുടെയും നേതൃത്വത്തില്‍ പോത്തിറച്ചി മഹോത്സവങ്ങളും അതോടനുബന്ധിച്ചുള്ള കെട്ടുകാഴ്ചകളും. ശബരിമല മുതല്‍ ശനിസിംഗനാപ്പൂര് വരെയുള്ള ഹൈന്ദവക്ഷേത്രങ്ങള്ക്കെതിരെ ആചാരവിരുദ്ധസമരമുഖം….. ആരും ഒന്നും ചോദ്യംചെയ്യാന്‍ പാടില്ല. ചോദ്യം ചെയ്യുന്നവനെ തെരഞ്ഞുപിടിച്ച് ഫാസിസ്റ്റാക്കിക്കളയും നമ്മുടെ മാധ്യമപശുപാലന്മാര്.
കന്നയ്യകുമാറിനുവേണ്ടി വാദിക്കുന്ന സഖാക്കന്മാര് പറയുന്നത് കന്നയ്യ ഭാരതവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നാണ്. ആ വാദം അതുസംബന്ധിച്ച് വ്യക്തമായ വീഡിയോടേപ്പുമായി ബിജെപി വക്താവ് സംബത്ത് പാത്ര ടെലിവിഷന്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ടതോടെ പൊളിഞ്ഞു. ഇനി വിളിച്ചിട്ടില്ലെന്ന് തന്നെയിരിക്കട്ടെ സര്‍വകലാശാലയില്‍ അഫ്സല്‍ഗുരു അനുസ്മരണം സംഘടിപ്പിച്ച വിദ്യാര്‍ത്ഥിസംഘടനയുടെ നേതാവാണയാള്‍. അയാളുടെ നേതൃത്വത്തിലാണ് ഇടത് ചട്ടുകങ്ങളായി മാറിയ വിദ്യാര്‍ത്ഥികള്‍ രാജ്യം നശിക്കുന്നതുവരെ സമരം ചെയ്യുമെന്ന് മുദ്രാവാക്യം വിളിച്ചത്. കശ്മീരിനും മണിപ്പൂരിനും നാഗാലാന്‍ഡിനും മാത്രമല്ല കേരളത്തിനും വേണം സ്വാതന്ത്ര്യം എന്ന് മുദ്രാവാക്യം വിളി മുഴങ്ങി. പച്ചയായ വിഘടനവാദത്തിന് ഒരു സര്‍വകലാശാല കാമ്പസ് കൊടിപിടിക്കുമ്പോള്‍ പൊതുസമൂഹം മിണ്ടാതെയിരിക്കുമെന്ന് എങ്ങനെയാണ് യെച്ചൂരി സ്വപ്നം കണ്ടത്.
ജെഎന്‍യുവിലെ ഭാരതവിരുദ്ധ മുറവിളി ഒറ്റപ്പെട്ടതല്ല. കേരളം നമ്മുടെ മാതൃഭൂമി എന്ന് പുസ്തകം എഴുതിയ മുന്തിയ സഖാവിന്റെ നാടാണിത്. അതേ കാലയളവിലാണ് അവരുടെ ദേശീയസമ്മേളനം ഭാരതം പതിനാറ് കഷ്ണങ്ങളാക്കി വിഘടിപ്പിക്കണമെന്ന് വാദിച്ചത്. 1947 ആഗസ്റ്റ് 15ന് ഭാരതത്തിന് ലഭിച്ച സ്വാതന്ത്ര്യം അംഗീകരിക്കാത്തവര്‍, ക്വിറ്റ് ഇന്ത്യാസമരത്തെ ഒറ്റുകൊടുത്ത അഞ്ചാംപത്തികള്‍, ആഗസ്റ്റ് 15 ആപത്ത് 15 എന്ന് മുദ്രാവാക്യം വിളിച്ചവര്‍, സ്വാതന്ത്ര്യദിനത്തില്‍ കരിങ്കൊടി ഉയര്‍ത്തി രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചവര്‍, ഗാന്ധിജിക്കും സുഭാഷ്ചന്ദ്രബോസിനുമെതിരെ തെരുവില്‍ മുദ്രാവാക്യം വിളിച്ച് അലഞ്ഞുനടന്നവര്‍, ചൈന ഭാരതത്തെ ആക്രമിച്ചപ്പോള്‍ ചൈനയ്ക്കുവേണ്ടി നാടെങ്ങും പ്രചാരവേല നടത്തിയവര്‍, രാജ്യദ്രോഹക്കുറ്റത്തിന് സ്വതന്ത്രഭാരതത്തില്‍ ജയിലിലടയ്ക്കപ്പെട്ടവര്‍, സദ്ദാം ഹുസൈന് വധിക്കപ്പെട്ടപ്പോള്‍ ഹര്‍ത്താല്‍ ആചരിച്ച് പ്രതിഷേധിച്ചവര്‍, കൊടുംഭീകരന് യാക്കൂബ് മേമന് മതപരിരക്ഷ വേണമെന്ന് വാദിച്ചവര്‍, അബ്ദുള്‍നാസര്‍ മദനിക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയവര്‍….. രാജ്യദ്രോഹികള്‍ നയിക്കുന്ന ഭീകരസംഘടനയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ എന്നതിന് ഇനിയും എത്രയോ തെളിവുകള്‍…. നിയമംമൂലം പണ്ടേ നിരോധിച്ചുകളയേണ്ട സാധനമാണത്. ജനാധിപത്യപ്രക്രിയയുടെ ആനുകൂല്യം മുതലാക്കി ഇത്രകാലം തുടര്‍ന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയങ്ങോട്ട് വലിയ പിന്തുണ കാമ്പസുകളില്‍ നിന്ന് കിട്ടില്ലെന്ന് ഭാരതമാസകലം അടിക്കുന്ന പ്രതിഷേധത്തിരകളില് നിന്ന് യെച്ചൂരിയും കൂട്ടരും മനസ്സിലാക്കുന്നത് നല്ലതാണ്.
ജെഎന്‍യുവില്‍ മാത്രമല്ല സമൂഹത്തിന്റെ എല്ലാ തുറകളിലും രാജ്യദ്രോഹികള്‍ക്കെതിരെ ശബ്ദമുയരും. പട്യാല കോടതിയുടെ മുറ്റത്ത് കണ്ടത് അതിന്റെ തെളിവാണ്. ആയിരത്താണ്ടിന്റെ അടിമത്തത്തെ ജീവിതം ഹോമിച്ച് തകര്‍ത്തെറിഞ്ഞ ധീരദേശാഭിമാനികളുടെ പരമ്പരയാണ് ഈ മണ്ണിന്റെ അഭിമാനം കാത്തുസൂക്ഷിച്ചത്. അവരുടെ മുഖത്തുനോക്കിയാണ് ഈ ചുവപ്പന്‍ ഭീകരര്‍ വിഘടനവാദത്തിന്റെ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത്. അതിര്‍ത്തി കാക്കുന്ന പട്ടാളക്കാര്‍ അവര്‍ക്ക് ശത്രുക്കളാണ്. ലാന്‍സ് നായിക്ക് ഹനുമന്തയ്ക്ക് ആദരാഞ്ജലിയര്പ്പിക്കാത്തവര് അഫ്സല്‍ഗുരുവിന് അനുസ്മരണം നടത്തുന്നുവെങ്കില്‍ അതിന്റെ അര്‍ത്ഥമെന്താണ്?
കഴിഞ്ഞ ദിവസം ഒരു ചോദ്യവുമായി അര്‍ണബ് ഗോസ്വാമി തന്റെ ചാനലില്‍ ചര്‍ച്ചയ്ക്കെത്തിയ ഇടതുബുദ്ധിജീവികളുടെ പിന്നാലെ അലയുന്നത് കണ്ടു. മറുപടിയില്ലാതെ പോയ ആ ചോദ്യമിതാണ്, ”ദന്തേവാദയില്‍ മാവോയിസ്റ്റുകള്‍ എഴുപത്തഞ്ച് സിആര്‍പിഎഫ് ഭടന്മാരെ കൊന്നപ്പോള്‍ ആഹ്ലാദപ്രകടനം നടത്തിയവര്‍, യാക്കൂബ് മേമന് തൂക്കിക്കൊല്ലപ്പെട്ടത് മുസ്ലിമായതുകൊണ്ടാണെന്ന് വാദിച്ചവര്‍, അഫ്സല്‍ഗുരുവിനുവേണ്ടി അനുസ്മരണച്ചടങ്ങ് നടത്തിയവര്‍, കൂടംകുളം അടക്കം രാജ്യത്തിന്റെ വികസനപദ്ധതികള്‍ക്കെതിരെ പ്രകടനം നടത്തുന്നവര്‍…. ഇവരെല്ലാം ഒരേ വിഭാഗക്കാരാവുന്നതെന്തുകൊണ്ടാണ്? യാക്കൂബിനും അഫ്സല്‍ഗുരുവിനും മാവോയിസ്റ്റുകള്‍ക്കും ഞാന്‍ കാണുന്ന സമാനത രാജ്യത്തിന്റെ ശത്രുക്കള്‍ എന്നതാണ്. അവര്‍ക്കുവേണ്ടി പ്രചാരവേല നടത്തുന്നവരെ പൊതുവായി നയിക്കുന്ന ഘടകമെന്താണ്?”
ഉത്തരം അവര്‍ പറയില്ല, പറയാനാവില്ല. ഒരുകാര്യം ഉറപ്പാണ്. കന്നയ്യമാരുടെ പേരില്‍ രാജ്യവിരുദ്ധപ്രചാരണവുമായി ഏറ്റവുംകൂടുതല്‍ തെരുവോരസമ്മേളനങ്ങള് നടമാടാന് പോകുന്ന ഇടം നമ്മുടെ കേരളമാണ്. അത്തരം സമ്മേളനങ്ങള്‍ മാത്രമല്ല അതിന്റെ ചരടുപിടിക്കുന്ന മാര്‍ക്സിസ്റ്റ് പ്രസ്ഥാനത്തെത്തന്നെ കൂട്ടത്തോടെ ബഹിഷ്കരിച്ചുകളയേണ്ട ബാധ്യതയുണ്ട് കേരളത്തിന്. ജനാധിപത്യത്തിന്റെ ആട്ടിന്‍തോലണിഞ്ഞാണ് അമ്പത്തേഴില് ഈ രാജ്യവിരുദ്ധര്‍ അധികാരത്തിലേറിയത്. അതിനെ വേരോടെ പിഴുതെറിഞ്ഞ് പ്രായശ്ചിത്തം ചെയ്യുകയേ ഇനി കേരളത്തിന് കരണീയമായിട്ടുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: