തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ശ്രീകൃഷണ ജയന്തി ദിവസം ഉറയടി മഹോത്സവം നടത്തുമെന്ന് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷണന് അറിയിച്ചു. വരുന്ന ശിവരാത്രി ദിവസം ഭക്തജനങ്ങളുടെ കൂട്ടായ്മയോടെ പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിക്കും. കഴിഞ്ഞ മകര വിളക്കിന് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നടത്തിയ ദീപക്കാഴ്ചയുടെ വിജയത്തെതുടര്‍ന്നാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്.
ഹൈന്ദവര്‍ മതത്തെക്കുറിച്ച് പഠിക്കുന്നില്ല. സനാതന ധര്മ്മത്തിന് മൂല്യച്യുതി സംഭവിക്കുന്നു. അതിനാല്‍ ക്ഷേത്രങ്ങളില്‍ മുന്‍ കാലങ്ങളില്‍ നടത്തിവന്നിരുന്ന മതപാഠശാല വീണ്ടും നടപ്പിലാക്കും. പീരുമേട്ടിലെ പാഞ്ചാലിക്കുന്നില് വള്ളിയന്കാവ് ക്ഷേത്രത്തിന് 267 ഏക്കര്‍ സ്ഥലമുണ്ട്. ഇവിടെ വേദ വേദാന്ത വിദ്യാലയം ബോര്‍ഡിന്റെ കീഴില്‍ സ്ഥാപിക്കും. ഭൂമിയുടെ അതിരു നിര്‍ണ്ണയത്തില്‍ ചില തര്‍ക്കങ്ങള്‍ നടക്കുന്നുണ്ട്. റവന്യൂവകുപ്പില്‍ നിന്നും കൈവശാവകാശ രേഖകള്‍ ലഭ്യമായാല്‍ വിദ്യാലയം സ്ഥാപിക്കുന്നതിന് വേണ്ട നടപടികള്‍ തുടങ്ങും.
ക്ഷേത്ര ഉപദേശകസമിതികളില്‍ മത്സരിക്കണമെങ്കില്‍ ക്ഷേത്ര സബ്ഗ്രൂപ്പ് ഓഫീസുകളില്‍ സൂക്ഷിച്ചിരിക്കുന്ന രജിസ്റ്ററില്‍ ആഴ്ചയില്‍ കുറഞ്ഞത് രണ്ടു പ്രാവശ്യമെങ്കിലും ഒപ്പിട്ടിരിക്കണം. ക്ഷേത്രത്തില്‍ വരാത്തവര്‍ പോലും ഉപദേശക സമിതികളില്‍ കടന്നു കൂടുന്നത് തടയാനാണിതെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: