പല പുതുവല പൊളിച്ച മീന്‍ ഒരു പഴവലയില്‍ കുരുങ്ങുമെന്നാണ് പ്രമാണം. കതിരൂര്‍ മനോജ് വധക്കേസില്‍ കോടതിക്ക് കീഴടങ്ങിയ ‘അമ്പാടിമുക്കിന്റെ ആഭ്യന്തരമന്ത്രി’ ആപ്പ് പിഴുത കുരങ്ങനെപ്പോലെ ചാനലുകള്‍ക്ക് മുന്നില്‍ സര്‍വതും തകര്‍ന്ന് ഹതാശനായി നില്‍ക്കുന്നത് ടെലിവിഷനില്‍ കണ്ടിരിക്കുമ്പോള്‍ ഈ ലേഖകന്റെ വൃദ്ധമാതാവ് ഒരു ചോദ്യം. ”ഇപ്പം ടീവില് സംസാരിക്കുന്നവന് ഏതാ മക്കളേ?”
”അത് ഷംസീറാ, അമ്മൂമ്മേ-ഡിഫി നേതാവ്. ജയരാജനെ ജയിലില്‍ അടപ്പിച്ചവരുടെ മൂക്ക് ചെത്തി ഉപ്പിലിടുമെന്ന് പേടിപ്പിക്കുകയാ പഹയന്.”
”കൊള്ളാം! ചീഞ്ഞ മീന്‍ പുഴുത്ത പുളി. ബിംബം പോയാല്‍പ്പിന്നെ പ്രതിബിംബം നില്‍ക്കുമോ?”
”എന്തുപറ്റി, അമ്മേ..?” ഞാന്‍ ആരാഞ്ഞു.
”അതല്ലെടാ! ഈ ഷംസീറെന്നു പറഞ്ഞ ചെറുക്കനെ എപ്പോഴും ടീവില് കാണാം. എപ്പം നോക്കിയാലും ഈച്ച പറ്റിയിരിക്കുന്നതു മാതിരി ആ കോടിയേരി ബാലകൃഷ്ണന്റെയും പിണറായി വിജയന്റെയും വാലില്‍ തൂങ്ങി ഇവനുമുണ്ടാകും കൂടെ. ഇന്നാളൊരിക്കല് ശ്രീനാരായണഗുരു അവന്റെ വീട്ടുകാരുടെ വകയാണെന്നും പരശുരാമനല്ല, കമ്മ്യൂണിസ്റ്റുകാരാണ് കേരളം സൃഷ്ടിച്ചതെന്നുമൊക്കെ ഈ ചെറുക്കന് ചാനലിലൂടെ വിടുവാ പറയുന്നതുകേട്ടു; അതുകൊണ്ട് ചോദിച്ചതാ.”
”അമ്മൂമ്മേ, സ്ഥലത്തെ പ്രധാന പയ്യന്‍സ് എന്ന സിനിമയില്‍ ജഗതിയങ്കിള്‍ അവതരിപ്പിച്ച കോക്കസ് സലിം എന്ന കഥാപാത്രത്തെ ഓര്‍ക്കുന്നില്ലേ-ജനാര്ദ്ദനനങ്കിളിന്റെ എര്‍ത്തായി നടക്കുന്ന കോക്കസ് സലിമിനെ. അതുപോലെ, ഞാനും മുതലച്ചേട്ടനും കൂടിയെന്ന മട്ടില്‍ പിണറായിയുടെയും കോടിയേരിയുടെയും പത്രസമ്മേളനത്തില്‍ തള്ളിക്കയറി പൊതുജനശ്രദ്ധ ആകര്‍ഷിക്കാന്‍ തത്രപ്പെട്ടു നടക്കുന്ന ഒരു എര്‍ത്താണ് ഈ ഷംസീര്‍. അബ്ദുള്ളക്കുട്ടി പുറത്തായ ഒഴിവില്‍ മുസ്ലിം ക്വോട്ട നികത്താന്‍ വേണ്ടി പാര്‍ട്ടി നടത്തിയ ന്യൂനപക്ഷ റിക്രൂട്ട്മെന്റാണ് കോക്കസ് ഷംസീര്‍. ഈ പഹയന്റെ ഹൃദയം തുറന്നുനോക്കിയാല്‍ അതിനുള്ളില്‍ പോപ്പുലര്‍ ഫ്രണ്ട് ഷംസീറിനെയും ജമാഅത്തെ ഇസ്ലാമി ഷംസീറിനെയും മദനി ഷംസീറിനെയുമൊക്കെ കാണാന്‍ കഴിയും.” കോളേജ് വിദ്യാര്‍ത്ഥിയായ എന്റെ മകന് വിശദീകരിച്ചു.
”ങ്ഹാ! ഇടവപ്പാതി പെയ്യാന്‍ തുടങ്ങുമ്പം ആറ്റില്‍ ഊത്തമീന് പെരുകും. അന്നേരം വലിയ മീനുകളുടെ തണലില്‍ ഇത്തരിപ്പോന്ന കുറെ ഊപ്പമീനുകളും പുഴയില്‍നിന്ന് പാടത്തേക്ക് കയറും. താമസിയാതെ മുഴുത്ത മീനുകള്‍ ആരുടെയെങ്കിലും വലയില്‍ കുടുങ്ങും. അപ്പോള്‍ കാക്കയുടെയോ കൊക്കിന്റെയോ വയറ്റിലകപ്പെടാനോ പാടം വറ്റുമ്പോള്‍ സ്വയം ഒടുങ്ങാനോ ആണ് ഊപ്പമീനുകളുടെ യോഗം. അതാണ് ബിംബം പോയാല്‍ പ്രതിബിംബം നില്‍ക്കുമോയെന്ന് ഞാന്‍ നേരത്തെ ചോദിച്ചത്.”
”ഊന്നുവടിയല്ല, വാഴയല്ലേ കുലയ്ക്കുന്നത്?” ചര്‍ച്ചയില്‍ പങ്കെടുത്ത ഭാര്യയുടെ സംശയം അതായിരുന്നു. പല വാഴകള്‍ക്കും നിവര്‍ന്നുനില്‍ക്കണമെങ്കില്‍ ഇത്തരം ചില ചിന്ന ഊന്നുവടികള്‍ കൂടിയേ തീരൂ എന്ന ചിന്തയോടെ ഈയുള്ളവന് ടെലിവിഷനിലേക്ക് കണ്ണുകള്‍ നട്ടു. കേരളത്തിന്റെ ഭാവി ആഭ്യന്തരമന്ത്രി ജയിലില്‍ ചപ്പാത്തി പരത്താന്‍ പോയ ദുഃഖം സഹിയാതെ ചക്കിലകപ്പെട്ട കൊപ്ര കണക്ക് വീര്‍പ്പുമുട്ടുന്ന എം.വി.ജയരാജന്റെയും പാര്‍ട്ടിയില്‍ നുഴഞ്ഞുകയറിയ പോപ്പുലര്‍ ഫ്രണ്ടുകാരന്റെയുമൊക്കെ മുതലക്കണ്ണീര്കണ്ട് കരളുരുകിയ ലേഖകനും പ്രാര്‍ത്ഥിച്ചു:
”കമ്മ്യൂണിസ്റ്റുകാരുടെ കുലദൈവമായ കാറല്‍ മാര്‍ക്സ് തമ്പുരാനേ, എംഗല്‍സ് അപ്പച്ചാ! ഒറ്റാല് നഷ്ടപ്പെട്ട ഈ കോഴിക്കുഞ്ഞുങ്ങളെ നീ തന്നെ കാത്തോളണേ….”
വാല്‍ക്കഷ്ണം
എന്നാലുമെന്റെ ഒ.കെ.വാസുവണ്ണാ! അങ്ങയുടെ ആത്മീയഗുരുവും വഴികാട്ടിയും നിഷ്കളങ്ക നിരാമയനും പച്ചവെള്ളം ചവച്ചുകുടിക്കുന്നവനുമായ ജയേട്ടന് അകത്തുകിടക്കുന്നതുകണ്ട് അങ്ങെങ്ങനെ സഹിക്കുന്നു, വാസുവണ്ണാ.
ചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: