രാഷ്ട്രീയ നിഘണ്ടുവില്‍ കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഒരു പുതിയ വാക്കുകൂടി എഴുതിചേര്‍ത്തിരിക്കുന്നു- ‘നീക്കുപോക്ക്.’ കേരളത്തില്‍ ബദ്ധശത്രുക്കളായ, തെരഞ്ഞെടുപ്പില്‍ പരസ്പ്പരം മത്സരിക്കുന്ന കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ബംഗാളില്‍ രാഷ്ട്രീയബന്ധം സ്ഥാപിച്ചിരിക്കുകയാണ്-കയ്യും അരിവാളും ഒന്നിക്കുന്നു. പ്രത്യക്ഷസഖ്യം കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദോഷംചെയ്യും എന്നതിനാലാണ് ബംഗാളിലെ ഈ നീക്കുപോക്കു രാഷ്ട്രീയം എന്ന് എല്ലാവര്‍ക്കുമറിയാം. കേരളത്തിലെ സിപിഎം ഘടകം രൂക്ഷമായി ‘എതിര്‍ത്തിട്ടും’ മമതാ ബാനര്‍ജിയുടെ തൃണമൂലിനെ തുടച്ചുമാറ്റാന്‍ ഇതൊറ്റവഴിയേ ഇടതുപാര്‍ട്ടികള്‍ കാണുന്നുള്ളൂ. അധികാരത്തിനുവേണ്ടി ആദര്‍ശം ബലിക്കല്ലില്‍.
പശ്ചിമബംഗാളില്‍ ഒരിക്കല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അനിഷേധ്യനേതൃത്വം ഉണ്ടായിരുന്നു. പക്ഷെ മമതാ ബാനര്‍ജി അവിശ്വസനീയമാംവിധം ബംഗാളിനെ ചുവപ്പില്നിന്നും മോചിപ്പിച്ചു. ഇപ്പോള്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ എല്ലാ ജനാധിപത്യശക്തികളുമായും യോജിക്കുമെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാചകമടിക്കുന്നത്. കേരളവും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ പുതിയ പുതിയ പാര്‍ട്ടികള്‍ രൂപപ്പെടുകയാണല്ലോ. കോവൂര്‍ കുഞ്ഞുമോന് ആര്‍എസ്പി വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ചുകഴിഞ്ഞു.
പി.സി.ജോര്‍ജിന്റെ പാര്‍ട്ടിയും തെരഞ്ഞെടുപ്പില്‍ തേരോട്ടം നടത്താനുള്ള തയ്യാറെടുപ്പിലാണത്രെ. എന്തിന് വേണ്ടിയാണ് ഈ പടപ്പുറപ്പാട്? ജനങ്ങള്‍ക്ക് വേണ്ടിയല്ലെന്ന് വ്യക്തം. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തുനടന്ന വിവിധതരം അഴിമതികള്‍ ജനങ്ങള്‍ക്കെല്ലാം ബോധ്യമുള്ള കാര്യമാണ്. യുപിഎയുടെ 10 കൊല്ലത്തെ ഭരണത്തില്‍ കര്‍ഷകരോട് കാണിച്ച അനാസ്ഥയാണ് കര്‍ഷകരംഗത്തിന്റെ പ്രതിസന്ധിക്ക് കാരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതിന് പരിഹാരമായിട്ടാണ് അദ്ദേഹം പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന എന്ന പുതിയ വിള ഇന്‍ഷുറന്‍സ് സ്കീം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കൃഷിക്കാരുടെ ദുരിതത്തിന് വിരാമമിടും എന്നാണ് പ്രത്യാശ.
വിള ഇന്‍ഷുറന്‍സ് സ്കീം നിലവില്‍ വരുത്തിയത് ബിജെപിയുടെ ഭരണകാലത്ത് പ്രധാനമന്ത്രിയായിരുന്ന അടല്‍ബിഹാരി വാജ്പേയി ആയിരുന്നല്ലോ. പക്ഷേ സോണിയയുടെ പാവയായ മന്‍മോഹന്‍സിങ് അധികാരത്തില്‍ വന്നപ്പോള്‍ ഈ നിയമത്തില്‍ കൊണ്ടുവന്ന പരിഷ്കാരങ്ങളാണ് കര്‍ഷകര്‍ക്ക് പദ്ധതിയിലുള്ള വിശ്വാസം നശിപ്പിച്ചത്. വെറും 20 ശതമാനം പേര് മാത്രമാണ് പദ്ധതിയില്‍ തുടര്‍ന്നത്. ഇപ്പോള്‍ നരേന്ദ്രമോദിയുടെ ലക്ഷ്യം 50 ശതമാനം കര്‍ഷകരെ എങ്കിലും ഈ പദ്ധതിയില്‍ പങ്കാളികളാക്കുക എന്നതാണ്. നേരത്തെയുണ്ടായിരുന്ന പിഴവുകള്‍ പരിഹരിച്ചാണ് പുതിയ പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്.
കര്‍ഷകര്‍ക്ക് വിള നശിച്ചാല്‍ 50 ശതമാനം മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചിരുന്നത്. ഇപ്പോള്‍ ഇതിലെ നിയമങ്ങള്‍ കുറച്ചുകൂടി ലഘൂകരിച്ച് മൂന്നില്‍ ഒരുഭാഗം മാത്രമേ നാശം സംഭവിച്ചിട്ടുള്ളൂവെങ്കിലും നഷ്ടപരിഹാരം നല്കിയിരിക്കും. ഇപ്പോള്‍ കുട്ടനാട്ടില്‍ കൃഷിനാശം സാധാരണയാണ്. വിളവെടുത്ത് കഴിഞ്ഞശേഷവും നെല്ലുവാങ്ങാന്‍ ആളില്ലാതെ കൊയ്തുവച്ച് പാടത്തുകിടന്നു നശിച്ചാലും ഉമ്മന്‍ചാണ്ടിയുടെ യുഡിഎഫ് സര്‍ക്കാര്‍ തിരിഞ്ഞുനോക്കാറില്ല. മോദിയുടെ പദ്ധതി പ്രകാരം 14 ദിവസം കഴിഞ്ഞിട്ടാണെങ്കിലും ഇന്‍ഷുറന്‍സ് സഹായം ലഭ്യമാക്കും. ഇതൊന്നും ബിജെപി വിരുദ്ധരായ കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളുടെ പരിഗണനയിലുള്ള വിഷയമല്ല.
തെരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യമിടുന്ന കോണ്‍ഗ്രസ്-ഇടതു കക്ഷികള്‍ ജനകീയ പ്രശ്നങ്ങളെ അവഗണിക്കുന്നു എന്നതിന് തെളിവാണ് മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന ജനോപകാരപ്രദമായ പദ്ധതികള്‍ക്കുനേരെ കണ്ണടച്ച് സര്‍ക്കാരിനെതിരെ കുപ്രചാരണം നടത്തുന്നത്. ഇപ്പോള്‍ ബംഗാളില്‍ രൂപപ്പെടുന്ന കോണ്‍ഗ്രസ്-മാര്‍ക്സിസ്റ്റ് സഖ്യത്തിന് വലിയ പ്രചാരം കൊടുക്കേണ്ട എന്ന നിര്‍ദ്ദേശം ഉയര്‍ന്നതും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സിപിഎമ്മിനോട് ചോദിക്കുന്നത് കേരളത്തിലെ മുഖ്യശത്രുവായ കോണ്‍ഗ്രസ് എങ്ങനെ ബംഗാളില്‍ സഖ്യകക്ഷിയാകുന്നു എന്നാണ്. രാഷ്ട്രീയത്തില്‍ സ്ഥിരമായ ബന്ധുക്കളോ ശത്രുക്കളോ ഇല്ല എന്നും രാഷ്ട്രീയം എന്നും അവസരവാദപരമാണെന്നുമുള്ള ധാരണ പൊതുവേയുണ്ട്. പക്ഷെ കേരളത്തില്‍ ബദ്ധശത്രുവായ കോണ്‍ഗ്രസിനെ സഖ്യകക്ഷിയായി അംഗീകരിച്ച മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് വിശ്വാസ്യത നഷ്ടപ്പെടുമെന്നുറപ്പാണ്. ഒരുഭാഗത്ത് അനാശാസ്യത്തിലും കോഴയിലും മുങ്ങിയ കോണ്‍ഗ്രസും മറുവശത്ത് അവസരവാദ രാഷ്ട്രീയം പുലര്‍ത്തുന്ന സിപിഎമ്മും ഒറ്റക്കെട്ടാകുമ്പോള്‍ സാക്ഷര കേരളം ആരെ തെരഞ്ഞെടുക്കും? ബിജെപിയുടെ രാഷ്ട്രീയ-ഭരണ സാധ്യതയിലേക്കാണ് ഈ ചോദ്യം വിരല്‍ചൂണ്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: