കേരളത്തിലെ അധികാര രാഷ്‌ട്രീയത്തിന്റെ സമവാക്യങ്ങള്‍ തിരുത്താന്‍ നവരാഷ്‌ട്രീയം ഉദയംചെയ്തതിന്റെ പ്രഖ്യാപനവുമായാണ് വിമോചനയാത്ര സമാപിച്ചത്. രാഷ്‌ട്രീയ യാത്രകളുടെ വേലിയേറ്റത്തിനിടെയാണ് വിമോചനയാത്ര തുടങ്ങിയത്. അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്ന മുദ്രാവാക്യം കേട്ടപ്പോള്‍ പലരും സംശയിച്ചിരുന്നു. കക്ഷിരാഷ്‌ട്രീയത്തിന്റെ കള്ളികളിലൊതുങ്ങാത്ത മുദ്രാവാക്യങ്ങള്‍ക്ക് ജനങ്ങളെ ആകര്‍ഷിക്കാനാകുമോ?
ഇരുമുന്നണികളെയും പ്രതിക്കൂട്ടിലാക്കുന്ന അഴിമതിയുടെയും അക്രമത്തിന്റെയും നാറുന്ന നൂറുകണക്കിന് വിവാദങ്ങള്‍ കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ മലീമസമാക്കുമ്പോള്‍ രാഷ്‌ട്രീയയാത്രകളില്‍ പതിവില്ലാത്ത മുദ്രാവാക്യം രാഷ്‌ട്രീയമായി നേട്ടമുണ്ടാക്കുമോയെന്ന സംശയം. എന്നാല്‍ നടപ്പുരാഷ്‌ട്രീയ ശീലുകള്‍ക്ക് വഴങ്ങാത്ത മുദ്രാവാക്യം തന്നെയായിരുന്നു വിമോചന യാത്രയുടെ ഹൃദയം എന്നുപറയാനാകും.
കേരളത്തിന്റെ ഭാവിരാഷ്‌ട്രീയത്തെ അടയാളപ്പെടുത്തിയാണ് ഓരോ ജില്ലയിലൂടെയും യാത്ര കടന്നുപോയത്. വിമോചനയാത്ര കേരളം എത്രമാത്രം നെഞ്ചേറ്റിയിരുന്നുവെന്നതിന്റെ ഉദാഹരണമായിരുന്നു സ്വീകരണ കേന്ദ്രങ്ങളിലെ ജനപങ്കാളിത്തം. നാല് മണിക്കൂറിലേറെ വൈകി സ്വീകരണ കേന്ദ്രങ്ങളിലെത്തുമ്പോഴും ജനങ്ങള്‍ കാത്തുനിന്നു.
സ്വീകരണ വേദിയില്‍ ശുചിത്വ, സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം, ചികിത്സക്കും വീടുപണിയാനും വീദ്യാഭ്യാസത്തിനും ധനസഹായം, യാത്രയ്‌ക്കിടയിലെ ഭക്ഷണം അനാഥാലയങ്ങളിലും ആശ്രമങ്ങളലും കോളനികളിലും ലയങ്ങളിലും തുടങ്ങി ഏറെ വ്യത്യസ്തതകളുമായാണ് യാത്ര പ്രയാണം നടത്തിയത്. അശരണരുടെ കണ്ണീരൊപ്പി ജീവകാരുണ്യ പദ്ധതികള്‍ നടപ്പിലാക്കിയാണ് യാത്ര മുന്നേറിയത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികള്‍ക്ക് സഹായം നല്‍കി തുടങ്ങിയ ജാഥ കല്യാശേരിയിലെത്തിയപ്പോള്‍ അനാഥമന്ദിരത്തിലെ അന്തേവാസികള്‍ക്ക് അടിസ്ഥാന സൗകര്യം എത്തിച്ചു. കണ്ണൂരിലെ ഇരിക്കൂറിയിലെത്തിയപ്പോള്‍ സര്‍ക്കാര്‍ പ്രാഥമിക ആരോഗ്യത്തിന് ആവശ്യമായ കസേരകളാണ് നല്‍കിയത്.
കണ്ണൂരിലെ രഞ്ജിത്തിനും കല്‍പ്പറ്റയിലെ തങ്കമണിക്കും തൃപ്പുണിത്തുറയിലെ ബാലചന്ദ്രനും അമൃതലാലിനും കുട്ടനാട്ടിലെ ഷാജനും ഇരവിപുരത്തെ നജീമുദ്ദീനുമായി ലക്ഷക്കണക്കിന് രൂപയുടെ ചികിത്സാസഹായം എത്തിക്കാന്‍ യാത്രയ്‌ക്കിടയായി. താമരശ്ശേരിയിലെ ഹംസ മുസലിയാര്‍, ശനിന്‍കുമാര്‍, പുതുക്കാട് മണ്ഡലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ മത്സരിച്ചതിന് അവര്‍ ബോംബെറിഞ്ഞ് വീട് തകര്‍ത്ത പുഷ്പാഗോപി എന്നിവര്‍ക്ക് വീട് വയ്‌ക്കാനും അമ്പലപ്പുഴയിലെ വിജയമ്മയുടെ മകളുടെ വിവാഹത്തിനും ധനസഹായം നല്‍കിയും വിമോചനയാത്ര വ്യത്യസ്തമായി.
മാലിന്യത്തില്‍നിന്ന് വിശപ്പടക്കേണ്ടിവന്ന കുഞ്ഞുങ്ങള്‍ താമസിക്കുന്ന പേരാവൂരിലെ തിരുവോണപ്പുറം അമ്പലക്കുഴി പണിയ കോളനിയിലായിരുന്നു വിമോചനയാത്രയുടെ ഒരുദിവസത്തെ ഉച്ചഭക്ഷണം. കോളനിയുടെ ശോച്യാവസ്ഥ കണ്ടറിഞ്ഞ് ജാഥക്കൊപ്പമുള്ള ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനും എലത്തുരെ പുരുഷോത്തമനും ആഭരണങ്ങള്‍ ഊരി നല്‍കി വിമോചന യാത്രയുടെ മാനുഷിക മുഖത്തിന് സ്വര്‍ണത്തിളക്കമേകി. ഇവിടുത്തെ കുട്ടികള്‍ക്ക് സ്വയം തൊഴിലിനുള്ള പദ്ധതി പ്രഖ്യാപിക്കാനായത് വിമോചനയാത്രയുടെ മുദ്രാവാക്യത്തിന് മാറ്റുകൂട്ടി.
നെന്മാറയിലെത്തിയപ്പോള്‍ കൊല്ലങ്കോട് വാഹനാപകടത്തില്‍ മരിച്ച ഹരിദാസിന്റെ പറക്കമുറ്റാത്ത രണ്ട് പെണ്‍മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും ജാഥക്കായി. 15 വര്‍ഷമായി സര്‍ക്കാര്‍ ഫയലുകളില്‍ ഉറങ്ങുന്ന പദ്ധതി ഇനി ഒരിക്കലും യാഥാര്‍ത്ഥ്യമാകില്ലെന്ന് തിരിച്ചറിഞ്ഞ ഒറ്റപ്പാലത്തെ ബിജെപി പ്രവര്‍ത്തകര്‍ നാലുലക്ഷം രൂപ മുടക്കി 125 കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിച്ചത് അവിസ്മരണീയ അനുഭവമായിരുന്നു.
ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍പോലും ഇടമില്ലാതെ ദുരിതക്കയത്തില്‍ മുങ്ങിത്താഴുന്ന കാഴ്ച ഇടത് – വലത് മുന്നണികളുടെ മുഖത്തേറ്റ അടിയാണ്. ഇതിന് പരിഹാരമുണ്ടാക്കാനായത് വിമോചനയാത്ര എന്നപേരുതന്നെ അന്വര്‍ത്ഥമാക്കി. ലയങ്ങള്‍ക്ക് കക്കൂസ് നിര്‍മ്മിച്ച് നല്‍കുമെന്ന വിമോചന നായകന്റെ വാഗ്ദാനം നാല് ദിവസത്തിനുള്ളില്‍ നിറവേറ്റി ഇടുക്കിയിലെ പ്രവര്‍ത്തകര്‍ വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതാണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞു.
ലയങ്ങളുടെ മേല്‍ക്കൂര മാറ്റാനും അടുക്കളത്തോട്ടം നിര്‍മ്മിക്കാനുമുള്ള തീരുമാനവുമായി ഇവിടുത്തെ പ്രവര്‍ത്തകര്‍ മുന്നോട്ട് നീങ്ങുന്നത് പൊതുപ്രവര്‍ത്തനത്തിനുതന്നെ മാതൃകയാണ്.വിമോചനയാത്രയുടെ വരവറിയിച്ച് നാടെങ്ങും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനായി. നൂറ് കണക്കിനാളുകള്‍ക്കും അഗതിമന്ദിരങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കിയും യാത്ര വ്യത്യസ്തമായി. കഴിവ് തെളിയിച്ചവരെ അംഗീകരിക്കാനും മറന്നില്ല. ജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കി പ്രത്യേക വാഹനം, യാത്രയുടെ ലക്ഷ്യം വ്യക്തമാക്കുന്നതും ബിജെപിക്കും മോദി സര്‍ക്കാരിനുമെതിരെ പ്രചരിപ്പിക്കുന്ന അപവാദങ്ങള്‍ക്ക് മറുപടി പറയുന്നതുമായ പുസ്തകങ്ങളുമായി പുസ്തകവണ്ടികള്‍. എന്നിവയൊക്കെ വിമോചനയാത്രക്ക് വേറിട്ട മാനം നല്‍കി.
സമൂഹത്തിന്റെ പരിഛേദമായിരുന്നു യാത്രയില്‍ കണ്ടത്. അരിപ്പ ഭൂസമരനായകന്‍ ശ്രീരാമന്‍ കൊയ്യോന്‍, എന്‍ഡോസള്‍ഫാന്‍ സമരനായിക ലീലാകുമാരിയമ്മ, കേന്ദ്രമന്ത്രിമാര്‍, ആത്മീയ നേതാക്കള്‍, മതപുരോഹിതര്‍ തുടങ്ങി വിവിധ രംഗത്തുള്ളവര്‍ യാത്രയെ അനുഗ്രഹിക്കാനെത്തി. പുനലൂരില്‍ അരിപ്പയുടെ മക്കള്‍ പാട്ടുപാടിയാണ് യാത്രയെ വരവേറ്റത്. .കോണ്‍ഗ്രസ്, സിപിഎം, കേരള കോണ്‍ഗ്രസ്, ആര്‍എസ്പി, ജനതാദള്‍ ,സിപിഐ തുടങ്ങിയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധിപ്പേരാണ് വിമോചനയാത്ര സ്വീകരണ സമ്മേളന വേദിയിലെത്തി ബിജെപിയില്‍ ചേര്‍ന്നത്.
മറ്റെല്ലാ യാത്രകളും ജനങ്ങളെ അഭിവാദ്യം ചെയ്തു. എന്നാല്‍ വിമോചന യാത്രയെ ജനങ്ങള്‍ അഭിവാദ്യം ചെയ്തു. പതിവ് രാഷ്‌ട്രീയ രീതികള്‍ക്ക് ഒരു തിരുത്തായി യാത്ര മാറി. പതിറ്റാണ്ടുകളോളം ഭരിച്ച് കേരളത്തെ ഭൂതകാലത്തില്‍ തളച്ചിട്ടവര്‍ നവകേരളം സൃഷ്ടിക്കാനിറങ്ങുമ്പോള്‍, സ്വന്തം പാര്‍ട്ടിയുടെ മുഖ്യമന്ത്രിക്ക് കേരളത്തെ രക്ഷിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞവര്‍ രാഷ്‌ട്രീയ നാടകം കളിക്കുമ്പോള്‍ ഇരുമുന്നണികളും മറന്ന ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളായിരുന്നു വിമോചനയാത്ര മുന്നോട്ടുവെച്ചത്.
ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം കണ്ടുമടുത്ത ജനങ്ങള്‍ തങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആരുണ്ടെന്ന് ആകുലപ്പെടുമ്പോഴാണ് അവരുടെ ഭാഷയില്‍ സംസാരിച്ച് കേരളരാഷ്‌ട്രീയത്തിലേക്ക് വിമോചന യാത്ര കടന്നുവന്നത്. വര്‍ഷങ്ങളോളം ഭരണം കുത്തകയാക്കിയവര്‍ ജനങ്ങള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍പോലും നിഷേധിച്ചതിന്റെ ഹൃദയഭേദകമായ കാഴ്ചകളിലൂടെയാണ് യാത്ര സഞ്ചരിച്ചത്. അവരുടെ ശബ്ദമായിരുന്നു യാത്രയില്‍ മുഴങ്ങിയത്.
കേരളത്തിന്റെ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടുപോകുന്ന ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ ഊര്‍ജ്ജം പകരാന്‍ വിമോചനയാത്രയ്‌ക്ക് ലഭിച്ച സ്വീകാര്യ സഹായകമാകും
യാത്രയുമായി സഹകരിച്ച മുഴുവന്‍ ജനങ്ങള്‍ക്കും സഹായിച്ച മാധ്യമങ്ങള്‍ക്കും ബിജെപി ഹൃദയം തുറന്ന് നന്ദി രേഖപ്പടുത്തുന്നു.
















