പുളിയാർമല:പുളിയാർമല ശ്രീ അനന്തനാഥ സ്വാമി ക്ഷേത്രം വാർഷികോത്സവത്തിന്റെ ഭാഗമായി നടത്തിയ ധാർമികസമ്മേളനം കമ്പദഹള്ളി മഠാധിപതി സ്വസ്തിശ്രീ ഭാനുകീർത്തി ഭട്ടാരക പട്ടാചാര്യവര്യ സ്വാമിജി ഉദ്ഘാടനം ചെയ്യുന്നു
കല്പറ്റ: മനസ്സും വാക്കും കർമവും ശുദ്ധമാവുമ്പോൾ മാത്രമാണ് ഒരാൾ മഹാത്മാവുന്നതെന്ന് കമ്പദഹള്ളി മഠാധിപതി സ്വസ്തിശ്രീ ഭാനുകീർത്തി ഭട്ടാരക പട്ടാചാര്യവര്യ സ്വാമിജി പറഞ്ഞു.
പുളിയാർമല ശ്രീ അനന്തനാഥ സ്വാമി ക്ഷേത്രത്തിലെ 83-ാം വാർഷികോത്സവത്തിന്റെ ഭാഗമായി നടത്തിയ ധാർമികസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമിജി. വാക്കും കർമവും ശുദ്ധമല്ലെങ്കിൽ ദുരാത്മാവാകും. ദേവപൂജ, ഗുരുസേവ, ആത്മാവിനെ പരമാത്മാവാകുവാൻ സഹായിക്കുന്ന സ്വാധ്യായം, ദാനം തുടങ്ങിയ കർമങ്ങൾ ആചരിക്കുന്നതിലൂടെ ദുഷ്കർമങ്ങൾ ഇല്ലാതാകുന്നുവെന്നും സ്വാമിജി പറഞ്ഞു.
സാഹിത്യത്തിന് ദേശവും മതവും ജാതിയുമില്ലെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത പ്രൊഫ. ഹംപനാഗരാജയ്യ പറഞ്ഞു. മാനവീകതയും മനുഷ്യത്വവുമാണ് സാഹിത്യത്തിന് വേണ്ടത്. മലയാള കന്നഡ സാഹിത്യത്തെ പരിഷോഷിപ്പിച്ചവരാണ് വയനാടൻ ജനതയെന്നും അദ്ദേഹം പറഞ്ഞു. കർണാടക സാഹിത്യത്തിന് വയനാട് മികച്ച സംഭാവന നല്കിയിട്ടുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ശ്രീ അനന്തനാഥ സ്വാമി ദേവസ്വം ട്രസ്റ്റ് അംഗം വി.വി. ജിനേന്ദ്രപ്രസാദ് പറഞ്ഞു. 80 വർഷം മുമ്പ് മണിയങ്കോട് കൃഷ്ണഗൗഡർ പ്രസിദ്ധീകരിച്ച ജൈനമഹാപുരാണം അതിനുതെളിവാണ്.
വനിതകൾക്ക് വിദ്യാഭ്യാസം നല്കണമെന്ന് പ്രഥമ തീർത്ഥങ്കരനായ വൃഷഭൻ പെൺമക്കൾക്ക് വിദ്യാഭ്യാസം നല്കി തെളിയിച്ചുവെന്ന് പ്രൊഫ. കമലഹംപന പറഞ്ഞു. . എം.പി. ശാന്തിവർമ ജൈനിന്റെ സ്മരണാർത്ഥം മകൾ സുഷേണഅനൂപ് പ്രസിദ്ധീകരിച്ച സുബ്ബണ്ണജൈനിന്റെ ‘ജിനഭക്തി ഗീതാഞ്ജലി’ സ്വാമിജി പ്രകാശനം ചെയ്തു.
എ.ഡി. യശോധരൻ, ഡി. സുബ്ബണ്ണ ജൈൻ എന്നിവർ സംസാരിച്ചു. ശനിയാഴ്ച എട്ടുമണിമുതൽ 108 കലശമഹാഭിഷേക പൂജയോടെ വാർഷികോത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: