മുഹമ്മ: സത്യത്തെ ക്രൂശിലേറ്റിയ കാലം ഇതുപോലെ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്ന് ജില്ലാസംഘചാലക് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍. മുഹമ്മ വേദവ്യാസ വിദ്യാപീഠം നിര്‍മിക്കുന്ന വിവേകാനന്ദ ബ്ലോക്കിന്റെയും പത്മശ്രീ പി പരമേശ്വരന്‍ നവതി ഹാളിന്റെയും ശിലാസ്ഥാപനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നേരായ കാര്യങ്ങളല്ല ഇന്ന് നടക്കുന്നത്. ജനാധിപത്യം തെറ്റായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. പരമേശ്വര്‍ജിയെ പോലെ നേരായ ചിന്ത വെച്ചുപുലര്‍ത്തുന്ന കുറേപേരെങ്കിലും ഉണ്ടെന്നത് ആശ്വാസകരമാണ്. കേരളത്തിന്റെ മാത്രമല്ല ഭാരതത്തിന്റെ പൊതു സ്വത്താണ് പരമേശ്വര്‍ജി. നാടിന്റെ നവേത്ഥാനത്തിന് വേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതമാണ് അദ്ദേഹത്തിന്റേത്. ചെറുപ്പത്തിലെ വയലാറിനെപോലെ നല്ല കവിതകള്‍ എഴുതിയിരുന്ന അദ്ദേഹത്തിന്റെ പഠന ഗ്രന്ഥങ്ങള്‍ പുതുദര്‍ശനം നല്‍കുന്നവയാണ്.
ഭാരതം എന്താണെന്നും സാംസ്‌ക്കാരിക മൂല്യങ്ങള്‍ എന്താണെന്നും പരമേശ്വര്‍ജി നമുക്ക് കാണിച്ചുതരുന്നുവെന്നും ഡോ. ഗോപകുമാര്‍ പറഞ്ഞു. നാടിന്റെ ധാര്‍മികതയ്‌ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹത്തിന് ദീര്‍ഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
വൈസ് പ്രിന്‍സിപ്പള്‍ മായ എസ്. നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിഎച്ച്പി ജില്ലാപ്രസിഡന്റ് ആര്‍. രുദ്രന്‍, വിഎച്ച്പി ജില്ലാസെക്രട്ടറി വി.ആര്‍.എം ബാബു, ധനലക്ഷ്മി ബാങ്ക് മാനേജര്‍ നിഖില്‍, പി.ആര്‍. ശിവശങ്കരന്‍നായര്‍, പ്രൊഫ. ശ്രീകുമാര്‍, ജയകൃഷ്ണന്‍, പി. സാബു, ബി.വി.എന്‍. ചേര്‍ത്തല സങ്കുല്‍ സംയോജക് സി.എസ്. രജികുമാര്‍, പിടിഎ പ്രസിഡന്റ് ടി.എസ്. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഡി. രമേശന്‍ സ്വാഗതവും സ്റ്റാഫ് പ്രതിനിധി മോഹന്‍ദാസ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് സ്‌കൂള്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. രാവിലെ ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് പി.ഡി. കേശവന്‍ നമ്പൂതിരി പതാക ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: