തലശ്ശേരി: മനോജ് വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന പി.ജയരാജന്റെ കസ്റ്റഡി ആവശ്യപ്പെട്ട് ജില്ലാ സെഷന്‍സ് കോടതിയില്‍ സിബിഐ സമര്‍പ്പിച്ച ഹരജി ജഡ്ജ് വി.ജി.അനില്‍ കുമാര്‍ 28 ലേക്ക് മാറ്റി. ജയരാജന്റെ ആരോഗ്യ പുരോഗതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് 22 ന് നല്കാന് കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രസ്തുത റിപ്പോര്‍ട്ട് വിശദമായി പഠിക്കേണ്ടതിനാലാണ് കസ്റ്റഡി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി 23 ലേക്ക് ജഡ്ജ് മാറ്റിയത്. അതിനിടെ വ്യാഴാഴ്ച കോടതിക്ക് ജയരാജനെ പരിശോധിക്കുന്ന മെഡിക്കല്‍ സംഘം ഫാക്സ് വഴി അയച്ച റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന് ഗുരുതരമോ ഗൗരവതരമോ ആയ ആരോഗ്യ പ്രശ്നമില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് സൂചനയുണ്ട്. ന്യൂറോ, ജനറല്‍ മെഡിസിന്, ഇഎന്‍ടി, ഫിസിക്കല്‍ മെഡിസിന്, ഹൃദ്രോഗ വിദഗ്ധര്‍ ഉള്‍പ്പെടെ ഏഴുപേരടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡാണ് പി.ജയരാജനെ വിദഗ്ധ പരിശോധനക്ക് വിധേയനാക്കിയ ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ദീര്‍ഘകാലമായി ഹൃദയസംബന്ധമായ അസുഖം അനുഭവിക്കുന്ന വ്യക്തിയാണ് പി.ജയരാജനെന്നും ഇദ്ദേഹത്തെ വിവിധ ഘട്ടങ്ങളിലായി ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ വിഭാഗത്തിന്റെയും ജനറല്‍ മെഡിസിന് വിഭാഗത്തിന്റെയും പരിശോധനയില്‍ അദ്ദേഹത്തിന് നേരത്തെ ഹൈപ്പര്‍ ടെന്‍ഷന്‍, ഹൈപ്പോ തൈറോയ്ഡ് എന്നിവയും ഗുരുതരമായ ഹൃദ്രോഗവും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് ആന്‍ജിയോ പ്ലാസ്റ്റി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ നടത്തുകയും ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 16 ന് മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ വിഭാഗം യൂണിറ്റിലെ മൂന്ന് ഡോക്ടര്‍മാരും ജനറല്‍ മെഡിസിനിലെ സംഘവും ഇദ്ദേഹത്തിന്റെ തുടര്‍ച്ചയായുണ്ടാകുന്ന നെഞ്ചുവേദന സംബന്ധിച്ച് വിശദമായി പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ അദ്ദേഹത്തിന്റെ ഇസിജി ഉള്‍പ്പെടെയുള്ള ശാരീരികാവസ്ഥ പൂര്‍ണമായും തൃപ്തികരമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എങ്കിലും ഇദ്ദേഹത്തിന് തുടര്‍യായി നെഞ്ചുവേദന അനുഭവപ്പെടുന്നതായി പറയുന്നുണ്ട്. തുടര്‍ച്ചയായ പരിശോധനയിലോ നിരീക്ഷണങ്ങളിലോ എന്തെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇവര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഹൃദയത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്ന പ്രത്യേക രാസ ഘടകങ്ങളെ ഹൃദയത്തിലേക്ക് തന്നെ തിരിച്ചു കടത്തിവിട്ടുള്ള പരീക്ഷണത്തിലും നേരിയ തോതിലുള്ള വ്യത്യാസങ്ങള്‍ പോലും ആധുനിക വൈദ്യോപകരണങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയിലും കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഹൃദയത്തിന് പുറമെ തലകറക്കവും ചെവിയില്‍ നിന്നും ഉണ്ടാകുന്ന നീരൊലിപ്പും ഉണ്ടെന്ന് ജയരാജന് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തലച്ചോറും ചെവിയും വിശദമായ പരിശോധനക്ക് ആധുനിക വൈദ്യോപകരങ്ങളുപയോഗിച്ച് പരിശോധിപ്പിച്ചിരുന്നു. എന്നാല്‍ അസാധാരണമായതോ അപകടസൂചന നല്കുന്നതോ ആയ എന്തെങ്കിലും അടയാളം കണ്ടെത്താനായിട്ടില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് കോടതിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയതായി അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: