കണ്ണൂര്‍: സിബിഐ ഡിവൈഎസ്പി ഹരി ഓം പ്രകാശിന്റെ കാര്യം പോക്കാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ ആക്ടിംഗ് സെക്രട്ടറി എം.വി.ജയരാജന്. ഡിവൈഎഫ്ഐ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജയരാജന്. ഇത് സി.പി.എമ്മിന്റെ ഭീഷണിയല്ല. കോടതി തന്നെ ഇക്കാര്യം തിരിച്ചറിഞ്ഞ് തീരുമാനമെടുക്കുമെന്നാണ് വിശ്വാസം. മനുഷ്യനു ലഭിക്കേണ്ട ചികിത്സ പോലും ജയരാജനു നിഷേധിക്കുകയായിരുന്നു. ജയില്‍ ചട്ടം 196 (1) പ്രകാരം സര്‍ക്കാര്‍ ഉത്തരവിട്ടാല്‍ ജയരാജനു പരിയാരത്തു തന്നെ ചികിത്സ ലഭ്യമാക്കാമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിനു തയ്യാറായില്ല. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. ജയിലില്‍ നിന്നും കടലാസു പോലും ലഭിക്കുന്നതിനു മുമ്പേ, കാക്കിയിട്ട ഖദര്‍ധാരികളായ ചില പോലീസുകാര്‍ ആംബുലന്‍സുമായി പരിയാരത്തെത്തുകയായിരുന്നു. ഗാന്ധിജിയുടെ ഖദറല്ല ഇവര്‍ യഥാര്‍ഥത്തില്‍ ധരിച്ചത്. സുധാകരന്റെ കള്ളപ്പോലീസുകരായിരുന്നു ഇവരെന്നും ജയരാജന് ആരോപിച്ചു. നിയമസഭയില്‍ ബജറ്റവതരണ വേളയില്‍ മുഖ്യമന്ത്രി പറഞ്ഞത് പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തുവെന്നാണ്. അങ്ങിനെയാണെങ്കില്‍ ജയില്‍ ചട്ട പ്രകാരം അവിടെത്തന്നെ ചികിത്സ ലഭ്യമാക്കാമായിരുന്നു. ജയരാജനു അസുഖമുണ്ടെന്നു പറഞ്ഞ ഡോക്ടര്‍മാരെ മൂന്നാം മുറ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി രോഗം ഇല്ലെന്നു വരുത്തി തീര്‍ക്കുന്നതിനാണ് സിബിഐ ശ്രമിച്ചതെന്നും ജയരാജന് ആരോപിച്ചു. നേരത്തേയും നിരവധി തവണ കോടതിക്കെതിരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയും പരസ്യ ഭീഷണി ഉയര്‍ത്തിയ നേതാവാണ് എം.വി.ജയരാജന്. കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎമ്മിന്റെ നേതാക്കളടക്കം ജയിലിലായ സാഹചര്യത്തിലാണ് ജയരാജന്റെ ഭീഷണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: