ഇരിട്ടി: പായം ഗ്രാമപഞ്ചായത്തിനെ ജൈവപച്ചക്കറി ഗ്രാമമാക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി പതിനായിരം ഗ്രോബാഗുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എന്‍ അശോകന് ഉദ്ഘാടനം നിര്‍വഹിച്ചു. ആറുലക്ഷം പഞ്ചായത്ത് വിഹിതവും രണ്ട് ലക്ഷം ഗുണഭോക്തൃ വിഹിതവുമായി എട്ടുലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. ആയിരം കുടുംബങ്ങള്‍ക്ക് ഗ്രോബാഗില്‍ മുളപ്പിച്ച വഴുതന, പയര്‍, വെണ്ട, മുളക്, തക്കാളി എന്നിവയുടെ പത്തു വീതം തൈകള്‍ നല്‍കും. വിപണിയില്‍ 80 രൂപയുള്ള ഗ്രോബാഗിന് ഗുണഭോക്താക്കള്‍ പദ്ധതി പ്രകാരം 20 രൂപ മാത്രം നല്കിയാല് മതി. പഞ്ചായത്തിലെ എല്ലാ കുടുബങ്ങളെയും ജൈവപച്ചക്കറി കൃഷിയിലേക്ക് നയിക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഒരു വാര്‍ഡില്‍ കര്‍ഷകരുടെ അഞ്ച് വീതം ഗ്രൂപ്പുകള്‍ രൂപീകരിച്ച് വിപുലമായ രീതിയില്‍ പച്ചക്കറി കൃഷി നടത്തി ഉല്പന്നങ്ങള് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തുടങ്ങുന്ന വിഷുചന്തയിലൂടെ ലഭ്യമാക്കാനും പദ്ധതിയുണ്ട്. കുടുംബശ്രീ അംഗങ്ങളുടെ സേവനവും വിനിയോഗിക്കും. ഉദ്ഘാടനച്ചടങ്ങില്‍ വാര്‍ഡ് അംഗം ഓമന മലയില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ വി.കെ.ചന്തു വൈദ്യര്, കെ.മീന, വി.ഷീബ, കൃഷി ഓഫീസര്‍ രേഖ, എന്‍.എം.സജി, ചന്ദ്രന് പുന്നത്താനത്ത്, കെ എം പത്മാവതി, സ്മിത മധുസൂദനന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: