ന്യൂദല്‍ഹി: രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസില്‍ അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വിട്ടയക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഭരണഘടനയുടെ 32 വകുപ്പു പ്രകാരം കനയ്യയുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടെന്നും തെളിവുകളില്ലാതെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്നും ആരോപിച്ചാണ് ഹര്‍ജി.
അതിനിടെ കേസില്‍ ദല്‍ഹി ഹൈക്കോടതിയെ മറികടന്ന് ഇടപെട്ടതില്‍ സുപ്രീംകോടതി ന്യായാധിപന്മാര്ക്കിടയില് അഭിപ്രായ ഭിന്നത ശക്തമായെന്നും സൂചനയുണ്ട്. പട്യാല ഹൗസ് കോടതി വിഷയത്തില്‍ ദല്‍ഹി ഹൈക്കോടതിയാണ് ഇടപെടേണ്ടിയിരുന്നതെന്നും അനാവശ്യമായി സുപ്രീംകോടതി ഇടപെട്ടുവെന്നുമാണ് ഭൂരിപക്ഷ അഭിപ്രായം.
മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനത്തിന്റെ പേരില്‍ ധൃതിപിടിച്ച് നടപടികള്‍ സുപ്രീംകോടതി സ്വീകരിക്കേണ്ടിയിരുന്നില്ലെന്നാണ് മുതിര്‍ന്ന ന്യായാധിപരുടെ അഭിപ്രായമെന്ന് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് പറഞ്ഞു. പരമോന്നത കോടതിയെന്ന നിലയില്‍ കേസിന്റെ മേല്‍നോട്ടം മാത്രം സുപ്രീംകോടതി നിര്‍വഹിച്ചാല്‍ മതിയായിരുന്നു താനും. എന്നാല്‍ കേസ് ഹൈക്കോടതിയെ മറികടന്ന് പരിഗണിക്കുക വഴി കേസില്‍ സുപ്രീംകോടതി നേരിട്ട് കക്ഷിചേര്‍ന്ന സ്ഥിതി സംജാതമായത്.
കനയ്യയുടെ അഭിഭാഷക വൃന്ദ ഗ്രോവറാണ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. യാക്കൂബ് മേമന് കേസില്‍ വധശിക്ഷ നടപ്പാക്കുന്നത് തടയാന്‍ തലേന്ന് രംഗത്തെത്തിയ അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്, രാജു രാമചന്ദ്രന്, വൃന്ദ ഗ്രോവര്‍ തുടങ്ങിയവരാണ് കനയ്യ കേസിലും സുപ്രീംകോടതിയില്‍ വാദിക്കുന്നത്.
ആര്‍ട്ടിക്കിള്‍ 226 പ്രകാരം കനയ്യയുടെ അഭിഭാഷകര്‍ക്ക് ദല്‍ഹി ഹൈക്കോടതിയെ സമീപിക്കാമെന്നിരിക്കെ നേരിട്ട് സുപ്രീംകോടതിയെ തന്നെ സമീപിച്ചതില്‍ ചില ക്രമപ്രശ്നങ്ങള്‍ നിയമവിദഗ്ധര്‍ കാണുന്നുണ്ട്.
പട്യാല ഹൗസ് കോടതിയില്‍ ക്രമസമാധാന പ്രശ്നമുള്ളതിനാല്‍ സുപ്രീംകോടതി കേസ് പരിഗണിക്കണമെന്നാണ് കനയ്യയുടെ അഭിഭാഷകരുടെ വാദം. ദല്‍ഹി ഹൈക്കോടതിയെ മറികടന്ന് നേരിട്ട് സുപ്രീംകോടതിയെ തന്നെ സമീപിക്കാന്‍ അഭിഭാഷകര്‍ക്ക് ചില രാഷ്ട്രീയപാര്‍ട്ടികളുടെ നിര്‍ദ്ദേശവുമുണ്ടായിരുന്നു. സുപ്രീംകോടതി പട്യാല ഹൗസ് കോടതിയിലെ അക്രമസംഭവങ്ങളെപ്പറ്റി അന്വേഷിക്കാന്‍ നിയോഗിച്ച ആറംഗ സംഘം ഏകപക്ഷീയമായ ചിന്താഗതികള്‍ വെച്ചുപുലര്‍ത്തുന്നവരാണെന്ന ആക്ഷേപവും അഭിഭാഷകര്‍ ഉന്നയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: