ശബരിമലയിലെ ആചാരപരിഷ്ക്കരണം സുപ്രീംകോടതിയുടെ ചര്‍ച്ചയിലെത്തിയിരിക്കുന്നു. പത്തിനും അമ്പതിനും മദ്ധ്യേ പ്രായമുള്ള സ്ത്രീകളുടെ ശബരിമല പ്രവേശനമാണ് ഇന്ന് സുപ്രീംകോടതിയിലുള്ളത്.
കേരളത്തിലെ ഒരു ക്ഷേത്രത്തിലെ അനുഷ്ഠാനം താന്ത്രികവിധിപ്രകാരമാണെന്നും അതില്‍ ഇടപെടാന്‍, സര്‍ക്കാരിനോ കോടതിക്കോ അധികാരമില്ലെന്ന വാദം ശക്തമാണ്. ഒരു ക്ഷേത്രത്തിന്റെ ആചാരത്തില്‍ സര്‍ക്കാര്‍ ഇടപെട്ടാല്‍ മറ്റു മതസ്വാതന്ത്ര്യങ്ങളിലും ഇടപെടുമെന്നും, സെക്യുലര്‍ സര്‍ക്കാര്‍ അങ്ങനെ ചെയ്യാന്‍ പാടില്ലെന്നുമുള്ള വാദം ശക്തമാണ്. അതിനെ സമ്മതിച്ചുകൊണ്ട്, ചില വാദമുഖങ്ങള്‍ ഉന്നയിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
തിരുവിതാംകൂറില്‍ രാജഭരണം നടക്കുമ്പോള്‍ അവിടെ സെക്യുലര്‍ എന്ന വാദത്തിനു പ്രസക്തിയില്ലായിരുന്നു. ഭരണാധികാരി ഹിന്ദുരാജാവ്, ഭൂസ്വത്തും ക്ഷേത്രവും രാജാവിന്റേത്. പ്രജകള്‍ നികുതികൊടുത്ത് വസ്തു അനുഭവിച്ചിരുന്നു. ക്ഷേത്രസ്വത്ത് കവര്‍ന്നെടുത്ത്, പുതിയ നിയമം കൊണ്ടുവന്നത് മെക്കാളെയെന്ന വിദേശിയാണ്. അതിന് സ്വദേശീയര്‍ ഉത്തരവാദിയല്ല. സര്‍ക്കാരും ക്ഷേത്രവും ജനങ്ങളും എല്ലാ ഈശ്വരവിശ്വാസികളും പൊതുവേ പറഞ്ഞാല്‍ ഹിന്ദുക്കളുമായിരുന്നു. മതംമാറ്റം വരുകയും, മറ്റുമതക്കാരും അവരുടെ ആരാധനാലയങ്ങളും വന്നപ്പോഴാണ് സെക്യുലര്‍ എന്ന വാക്കുവേണ്ടിവന്നത്. അത് പരമ്പരഗതമായ വാക്കല്ല. കേരളത്തിനും ഭാരതത്തിനും ഇതുതന്നെ പാരമ്പര്യം. മതംമാറിയവര്‍ ആരും വിദേശത്തുനിന്ന് വന്നവരല്ല, ആരാധനാ സമ്പ്രദായം മാത്രമാണ് മാറിയത്. ആരാധനാ സമ്പ്രദായം മാറിയാല്‍, ദേശീയതയും പാരമ്പര്യവും മാറ്റേണ്ടതില്ല. ഈ നിശ്ചയം പൊതുവേ സ്വീകരിച്ചാല്‍ ഇന്നത്തെ ന്യൂനപക്ഷ-ഭൂരിപക്ഷ ചിന്തയോ വിഭജനവാദമോ പ്രസക്തമല്ല.
ഇവിടെ ശബരിമലയിലെ ആചാരമാറ്റമാണ് ചര്‍ച്ചാവിഷയം. ആചാരം കാലാനുഗതമാണ്. മനുഷ്യന്റെ പലആചാരങ്ങളും കാലത്തിന്റെയും ജീവിതശൈലിയുടെയും പശ്ചാത്തലത്തില്‍ മാറ്റിയിട്ടുണ്ട്. ജീവിതശൈലിയില്‍ മാറ്റംവരുമ്പോള്‍ പഴയ തലമുറ എതിര്‍ക്കും, പുതിയ തലമുറ സ്വീകരിക്കും. കാലക്രമേണ പൊതുശൈലിയായി മാറും.
ഇവിടെ ശബരിമല അയ്യപ്പന്റെ സ്വാധീനത്തെക്കുറിച്ചുകൂടി ചിന്തിക്കേണ്ടതുണ്ട്. ഇത്രയും ‘സര്‍വ സമത്വവാദി’ ആയ ഒരു ദേവന് എവിടെയുമുണ്ടാകുമെന്നു തോന്നുന്നില്ല. അയ്യപ്പദര്‍ശനത്തിന് പോകുന്നവര്‍ക്ക് ജാതിയും മതവും ഭാഷയും പ്രദേശവും ബാധകമല്ല. ശബരിമലയ്ക്ക് പോകുന്നവര്‍ക്ക് നിശ്ചിതകാലം വ്രതാനുഷ്ഠാനം വേണമെന്നുമാത്രം. വ്രതം തുടങ്ങിയാല്‍ എല്ലാവരിലും അയ്യപ്പചൈതന്യം ദര്‍ശിക്കുന്ന പാരമ്പര്യമാണ്. സര്‍വചരാചരങ്ങളിലും ഈശ്വരസങ്കല്പം വളര്‍ത്തുന്ന ദേവനാണ് ശ്രീ അയ്യപ്പന്.
സ്വഭാവത്തിലും പെരുമാറ്റത്തിലും വിശാലഹൃദയം അനിവാര്യമാണ്. 41 ദിവസത്തെ വ്രതം പണ്ട് ആചരിച്ചുവന്നു. ഇന്നു പലരും അങ്ങനെ ചെയ്യുന്നില്ല. എങ്കിലും മലയ്ക്കുപോകുന്നവരെല്ലാം അയ്യപ്പന്മാര്. അവര്‍ക്ക് മറ്റുള്ളവരും അയ്യപ്പന്മാര്. ഈ ഭാവം മനുഷ്യനെ ഏകോപിപ്പിക്കുന്ന ശബരിമല അയ്യപ്പന്റെ ശക്തിയാണ്. ഈ പ്രത്യേകതയാണ് ശബരിമലയ്ക്ക് ഇത്ര പ്രാധാന്യമുണ്ടാകാന്‍ കാരണം. ശബരിമല, ഇന്ന് ഒരു സാധാരണ ക്ഷേത്രമല്ല, ഏറ്റവും കൂടുതല്‍ ഭക്തജനങ്ങളെ ആകര്‍ഷിക്കുന്ന, ഏറ്റവും സ്വതന്ത്രനാണ് ശ്രീ അയ്യപ്പന്, ലോകത്തെ വാരിപ്പുണരാന്‍ ശ്രീ അയ്യപ്പന് തയ്യാറാണ്. ആ അയ്യപ്പന്റെ ശക്തിയും പ്രത്യേകതയും ആരും കുറച്ചുകാണിക്കരുത്. അയ്യപ്പന്റെ വിശാലവീക്ഷണത്തിന് ആരും തടസ്സംനില്‍ക്കരുത്.
ശ്രീ അയ്യപ്പന് എന്തിന് കാട്ടുമൃഗങ്ങളുള്ള മലമുകളില്‍ പോയിരുന്നു എന്ന ചോദ്യം പ്രസക്തമാണ്. ഒരുകാലത്ത് ശബരിമലയാത്ര ദുഷ്ക്കരമായിരുന്നു. മലയ്ക്കുപോയാല് തിരിച്ചുവരുമെന്നുറപ്പുണ്ടായിരുന്നില്ല. അയ്യപ്പഭക്തി ഒന്നു മാത്രമാണ് ഭക്തന്മാരെ ആകര്‍ഷിച്ചിരുന്നത്. അതായത് ഈശ്വരഭയം. അകമഴിഞ്ഞ ഭക്തിയും എല്ലാവരേയും ആശ്ലേഷിക്കുന്ന ഈശ്വരഭാവവുമാണ് ശബരിമലയുടെ പ്രത്യേകത. അതിനു കളങ്കംവരുത്തുന്നതൊന്നും നിയമംമൂലം അടിച്ചേല്‍പ്പിക്കരുത് എന്നു മാത്രമേ ഈ സാഹചര്യത്തില്‍ പറയാനുള്ളൂ.
മലമുകളില്‍ കഴിയുന്നത് ജനസാമാന്യത്തിന്റെ മാലിന്യങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും, ഈശ്വരദര്‍ശനം സാഹസികമായിരിക്കണമെന്നുമുള്ള തത്ത്വം ബോധ്യപ്പെടുത്തുവാനുമാണ്. അതുകൊണ്ട് ശബരിമലയെ നഗരവല്ക്കരിക്കരുത്; കഴിവതും മാലിന്യങ്ങളുമായി മലചവിട്ടരുത്.കഷ്ടപ്പാടു സഹിക്കാന്‍ തയ്യാറാകണം. അതില്ലാത്തവര്‍ പോകണ്ട എന്ന നിശ്ചയിക്കണം. തീര്‍ത്ഥാടനമാണ്, വിനോദയാത്രയല്ല. സുഖവാസകേന്ദ്രത്തിന്റെ ഒരു കാര്യവും ചെയ്യരുത്. സിമന്റ് മന്ദിരങ്ങള്‍ ഒഴിവാക്കണം, പടവുകള്പോലും പാറകൊണ്ടാകണം. ഭക്തജനവര്ദ്ധനവിനനുസരിച്ച് പരിഷ്ക്കാരങ്ങള്‍ വരുത്തിയാല്‍ ചില ആചാരങ്ങള്‍ മാറ്റാന്‍ അധികാരികള്‍ തയ്യാറാകണം. എല്ലാവരും വരണമെന്ന് അയ്യപ്പന് ആഗ്രഹിച്ചാല്‍, അധികാരികള്‍ അതിനു തടസ്സം നില്‍ക്കരുത്. ലോകത്തിന്റെ നാനാദിക്കില്‍ നിന്നും വരുന്ന ഭക്തജനങ്ങള്‍ക്ക് ശബരിമലദര്‍ശനത്തിനു സൗകര്യമൊരുക്കണം.
ദേവപ്രശ്നംവഴി പല നടപടിക്രമങ്ങള്‍ക്കും മാറ്റംവരുത്താം. പതിനെട്ടാംപടിയുടെ വീതി കൂട്ടാമോ എന്നുചിന്തിക്കാം. അവിടുത്തെ പൂജാവിധികളും ക്ഷേത്രദര്‍ശനവും നടക്കുന്ന സമയത്തിന് മാറ്റംവരുത്തണോ എന്നു ചിന്തിക്കാം. മണ്ഡലക്കാലവും മകരവിളക്കും പോലെ, വിഷുവിനും മറ്റുസമയങ്ങളിലും, വേണ്ടിവന്നാല്‍ 365 ദിവസവും ക്ഷേത്രദര്ശനത്തിനവസരം കൊടുക്കരുതോ എന്നു ചിന്തിക്കണം. അയ്യപ്പദര്‍ശനത്തിന് നാടിന്റെ നാനാഭാഗത്തുനിന്നും വരുന്നവര്‍ക്കെല്ലാം ഏതുകാലാവസ്ഥയിലും സൗകര്യം ഒരുക്കിക്കൊണ്ട്, വനനശീകരണത്തിനിടകൊടുക്കാതെ ഭക്തജനങ്ങള്‍ വന്നുകൊണ്ടിരിക്കട്ടെ. അയ്യപ്പദര്‍ശനത്തിന് ലോകമെങ്ങുമുള്ളവര്‍ക്ക് ജാതിമത വ്യത്യാസമില്ലാതെ അവസരം നല്കട്ടെ. ഇങ്ങനെയൊരു മാറ്റംവരുത്താന്‍ അയ്യപ്പഭക്തന്മാര് തയ്യാറാകണം. കേരളത്തിലെ അയ്യപ്പന് എല്ലാവരുടെയും ദേവനാണ്. എല്ലാവര്ക്കും, അയ്യപ്പഭക്തന്മാര്ക്കെല്ലാം വന്നുദര്ശിക്കാന് അവസരമുണ്ടാകേണ്ടതുണ്ട്. അയ്യപ്പഭക്തന്മാരാണ്. സര്‍ക്കാരല്ല, ഹിന്ദുവെന്നുപറയുന്ന സംഘടനയുമല്ല, അയ്യപ്പന്റെ ഇച്ഛയറിയുന്ന അയ്യപ്പഭക്തന്മാര് ലോകമെങ്ങുമുള്ളവരെ ആകര്‍ഷിക്കട്ടെ.
ഇന്നത്തെ പ്രശ്നം, പ്രത്യേക പ്രായത്തില്‍പ്പെട്ട സ്ത്രീകള്‍ ശബരിമല കയറുന്നതു ശരിയോ തെറ്റോ എന്നതാണ്. സ്ത്രീകള്‍ ഒരു പ്രത്യേക സമയത്ത് ഒരു ദേവാലയത്തിലും ദര്‍ശനത്തിനു പോകാറില്ല. പുരുഷന്മാര്ക്ക് 41 ദിവസത്തെ വ്രതമുണ്ടെങ്കിലും അവര്‍ അതനുഷ്ഠിക്കുന്നില്ല. ഒരു വ്രതവുമില്ലാതെ പുരുഷന്മാര് മലചവിട്ടുന്ന സ്വഭാവം മാറ്റണമെന്നു നിശ്ചയിക്കുകയും കുറഞ്ഞത് ഒരുപക്ഷമെങ്കിലും വ്രതാനുഷ്ഠാനം വേണമെന്നു നിശ്ചയിക്കുകയും, സ്ത്രീകള്‍ക്കും ഒരുപക്ഷക്കാലത്തെ വ്രതാനുഷ്ഠാനത്തോടെ അയ്യപ്പദര്‍ശനത്തിന് ശുദ്ധിയോടെ വരാമെന്നുറപ്പാക്കുകയും ചെയ്താല്‍ സ്ത്രീ പ്രവേശനം നിരോധിക്കേണ്ടിവരില്ല. സ്ത്രീകള്‍ പുരുഷന്മാര്ക്ക് സമമല്ലെന്നും, അവര്‍ക്ക് ആത്മാവില്ലെന്നും വാദിച്ചിരുന്ന സെമറ്റിക് വിശ്വാസമെല്ലാം ഇന്ന് ലോകം തന്നെ ഉപേക്ഷിച്ചു കഴിഞ്ഞിരിക്കുന്നു. ഭാരതത്തില്‍ സ്ത്രീക്ക് ഏതുജോലിയും ചെയ്യാം. പുരുഷനെപ്പോലെ സ്ത്രീയും തയ്യാറാണെന്നും അനുവാദമുണ്ടെന്നും തെളിയിച്ചുകഴിഞ്ഞിരിക്കുന്നു.
ഈ പ്രത്യേക സാഹചര്യത്തില്‍ എല്ലാവരേയും സ്വീകരിക്കാന്‍ തയ്യാറായ അയ്യപ്പനില്‍നിന്ന്, ജനസമൂഹത്തില്‍ പകുതിവരുന്ന സ്ത്രീകളെ എന്തിന് ഒഴിവാക്കണം. അവരും ക്ഷേത്രദര്‍ശനം നേടി മനഃശുദ്ധി കൈവരിക്കട്ടെ.
പതിനെട്ടാം പടിയിലെയും മറ്റും ജനത്തിരക്കൊഴിവാക്കാന്‍ ഭരണപരിഷ്ക്കാരം കൊണ്ട് സാധിക്കുന്നതാണ്. സ്ത്രീകളുടെ വേഷവിധാനത്തിലും വലിയ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഇതിനെ തെറ്റായി വ്യാഖ്യാനിക്കരുത്. സാഹചര്യവും സൗകര്യവുമാണ് പ്രധാനം. ഇന്നത്തെ ജോലികള്‍ക്ക് ചേര്‍ന്നതാണ് പെണ്‍കുട്ടികള്‍ സ്വീകരിച്ച വേഷം. സൗകര്യപ്രദവും സുഖപ്രദവുമാണ്. അതിനെ എതിര്‍ക്കേണ്ടതില്ല. കാലത്തിന്റെ ആവശ്യത്തിന് വഴങ്ങിക്കൊണ്ട്, അയ്യപ്പന്റെ ഇച്ഛയ്ക്കനുസരിച്ച്, എല്ലാ ചരാചരങ്ങളെയും ഈശ്വര ചൈതന്യത്തിന്റെ അംശമായിക്കാണുന്ന അയപ്പസങ്കല്പം കേരളത്തിന്റെ സംഭാവനയാണ്. അദ്വൈതാചാര്യന്റെ നാടായ കേരളത്തില്‍ ശ്രീ അയ്യപ്പന്റെ ദര്‍ശനം രാമരാജ്യം സാധിതമാക്കാന്‍ മാതൃകയാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: