ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സദാചാരവിരുദ്ധതക്ക് മാത്രമല്ല, ധനദുര്‍വിനിയോഗത്തിനും ദുഷ്പേര് സമ്പാദിച്ചിരിക്കുകയാണ്. റവന്യൂചെലവ് 93.5 ശതമാനമായപ്പോള്‍ റവന്യൂവരവ് 18 ശതമാനം മാത്രമാണ് വളര്‍ന്നത്. പദ്ധതിയേതര ചെലവ് കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ 86 ശതമാനത്തിലധികമായി. കേരളത്തിലെ ധനകമ്മി 2014 ലെ 1,24,081 കോടിയില്‍നിന്നും 2015 മാര്‍ച്ചോടെ 1,41,947 കോടിയായി ഉയരുകയും ചെയ്തു. മാര്‍ക്കറ്റ് കടം ഉയര്‍ന്നത് 50 ശതമാനത്തിന് മുകളിലാണ്. ഇപ്പോള്‍ വരുമാനമില്ലാത്ത കേരളം മുന്നോട്ടുപോകുന്നത് വായ്പയുടെ ബലത്തിലാണ്.
സിഎജി റിപ്പോര്‍ട്ട് പറയുന്നതുതന്നെ അഞ്ചുവര്‍ഷംകൊണ്ട് സര്‍ക്കാരിന്റെ ചെലവുകള്‍ ഇരട്ടിച്ചു എന്നും പ്രാഥമിക ചെലവുകള്‍ക്കുപോലും കടത്തിനെ ആശ്രയിക്കുന്നു എന്നുമാണ്. ഇങ്ങനെ കടത്തില്‍ മുങ്ങുമ്പോഴും നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് യാതൊരു ഉളിപ്പുമില്ലാതെ 2680 കോടിയുടെ റോഡ്പണികള്ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. 2014-15 ല്‍ 16509 കോടി രൂപ കടമെടുത്തതില്‍ പലിശ, തിരിച്ചടവ് എന്നിവക്കുശേഷം ബാക്കിയായത് 5365 കോടി മാത്രം. 2010-11 ല്‍ 38791 കോടിയായിരുന്ന ചെലവ് 2014-15 ആയപ്പോഴേക്കും 76744 കോടിയായിട്ടാണ് ഉയര്‍ന്നത്. അതായത് 98 ശതമാനം! കഴിഞ്ഞ ഒരുവര്‍ഷം മാത്രം 10,500 കോടിയുടെ വര്‍ധന.
ചൊവ്വാഴ്ചയാണ് കേരളത്തിന്റെ സാമ്പത്തികാവസ്ഥയെ അവലോകനംചെയ്ത് സിഎജി നിയമസഭയില്‍ റിപ്പോര്‍ട്ട് വച്ചത്. അതില്‍ വ്യക്തമാകുന്നത് കേരളത്തിന്റെ വരുമാനം വായ്പയാണെന്നും ചെലവ് റോക്കറ്റുപോലെ കുതിക്കുകയാണെന്നുമാണ്. യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവുകള്‍ പാസാക്കുന്നതില്‍ മറ്റേതു സര്‍ക്കാരുകളെക്കാളും മുന്നിലാണ്. 2003 ലെ സാമ്പത്തിക ഉത്തരവാദിത്വ നിയമത്തിന്റെ ലക്ഷ്യങ്ങള്നേടുന്നതില് കേരളം പൂര്‍ണപരാജയമായിരുന്നു. ഇത് സിഎജി എല്ലാവര്‍ഷവും നടത്തുന്ന പരാമര്‍ശമാണെങ്കിലും ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ബധിരത അഭിനയിക്കുന്നു. 2013-14 ല്‍ 14461.18 കോടിയായിരുന്ന കടം 2014-15 ല്‍ 18,509.17 കോടിയായി ഉയര്‍ന്നു. മൂലധന വിനിമയം 42294.33 കോടിയില്‍നിന്നും 4254.59 കോടിയായി കുറഞ്ഞു. കേരള ഫിസ്കല്‍ റെസ്പോണ്സിബിലിറ്റി (അമെന്റ്മെന്റ്) ആക്ടിന്റെ ലക്ഷ്യം കാണാന്‍ കേരളത്തിന് കഴിഞ്ഞില്ല.
2003 ഡിസംബര്‍ അഞ്ചിന് നിലവില്‍വന്ന സാമ്പത്തിക ഉത്തരവാദിത്വ നിയമത്തിന്റെ നടത്തിപ്പിനായി 2005 ല്‍ റിസര്‍വ്വ് ബാങ്ക് ചട്ടങ്ങള്‍ രൂപപ്പെടുത്തി. നികുതി പിരിവ്, ചെലവ്, കടംവാങ്ങല്‍ മുതലായ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിച്ച് നിയന്ത്രണത്തിലാക്കാനായിരുന്നു ഈ നിയമം ലക്ഷ്യമിട്ടത്. പക്ഷെ യുഡിഎഫ് ഈ നിയമത്തെ നോക്കുകുത്തിയാക്കി. നിയമത്തിന്റെ ആദ്യലക്ഷ്യം ഒന്പതുവര്ഷം മുന്‍പേ പരാജയപ്പെട്ടു. 2007 ല്‍ റവന്യൂകമ്മി പൂര്‍ണമായി ഇല്ലാതാക്കുകയും ധനകമ്മി രണ്ട് ശതമാനമാക്കുകയുമായിരുന്നു ലക്ഷ്യമെങ്കിലും പദ്ധതി ലക്ഷ്യംകണ്ടില്ല. ധനക്കമ്മി പ്രതിവര്‍ഷം കുറയ്ക്കണമെന്ന നിര്‍ദ്ദേശവും കടലാസിലൊതുങ്ങി. വരവും ചെലവും നിയന്ത്രിക്കാന്‍ പറ്റാത്ത യുഡിഎഫ് സര്‍ക്കാര്‍ കമ്മി നിശ്ചിതലക്ഷ്യം കഴിഞ്ഞാല്‍ നിയന്ത്രിക്കാന്‍ നടപടിയെടുക്കണമെന്ന വ്യവസ്ഥയും നിരാകരിച്ചു.
15300 കോടിയുടെ സ്കീമുകള്‍ വിവിധ വകുപ്പുകള്‍വഴി നടപ്പാക്കണമെന്നായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങള്വഴി 4700 കോടിയുടെ പദ്ധതികളും. പക്ഷെ പദ്ധതിചെലവ് വെറും 14407 കോടിയായി ചുരുങ്ങി എന്നും സിഎജി പറയുന്നു.
ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ അന്തിമലക്ഷ്യം ജനക്ഷേമമല്ല, സ്വക്ഷേമം മാത്രമാണ് എന്നാണ് സര്‍ക്കാരിന്റെ ധനകാര്യ നടപടികളും വ്യക്തമാക്കുന്നത്. സരിതാ വിവാദത്തിലും ഒരു കമ്മീഷനെ നിയമിക്കേണ്ടിവന്നല്ലോ. ഇതിനൊക്കെ വേണ്ടിവരുന്ന ചെലവുകള്‍ പാവം ജനങ്ങള്‍ സഹിക്കേണ്ടിവരുന്നു. ഈ സര്‍ക്കാരിന് ജനങ്ങളോട് കടപ്പാടോ ജനോപകാരപ്രദമായ നടപടികള്‍ എടുക്കാനുള്ള ഇഛാശക്തിയോ ഇല്ലെന്ന് നാലരവര്ഷക്കാലത്തെ ഭരണം നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോള്‍ പ്രഖ്യാപിച്ച 2680 കോടിയുടെ റോഡ്പണികള്‍ അടുത്ത സാമ്പത്തികവര്‍ഷത്തില്‍ നടപ്പാക്കാന്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് എന്തുറപ്പാണുള്ളത്? സിഎജി പറഞ്ഞിട്ടുള്ളത് കൂടുതല്‍ ഊര്‍ജിതമായ നടപടികള്‍ റവന്യൂവരുമാനം പിരിച്ചെടുക്കാന്‍ വേണമെന്നാണ്. ഇപ്പോള്‍ കിട്ടുന്ന റവന്യൂവരുമാനം പ്രാഥമിക ചെലവിനുപോലും ഉതകുകയില്ല. ബജറ്റില്‍ നിര്‍ദ്ദേശിച്ചപോലെ എന്തുകൊണ്ട് റവന്യൂസമാഹരണം നടക്കുന്നില്ല എന്നന്വേഷിക്കണമെന്നും സിഎജി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാം ശമ്പളം, വേതനം, പെന്ഷന്, കുടിശിക എന്നിവക്കാണ് വിനിയോഗിക്കപ്പെടുന്നത്. എല്ലാവര്‍ഷവും സിഎജിക്ക് മുമ്പില്‍ വെളിപ്പെടുന്നത് ബജറ്റ് നിര്‍ദ്ദേശങ്ങളിലെ പോരായ്മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: