തലശ്ശേരി: ആര്‍എസ്എസ് ബിജെപി നിയന്ത്രണത്തിലുള്ള ടെമ്പിള്‍ ഗേറ്റിലെ ജഗന്നാഥ് മന്ദിരം ട്രസ്റ്റ് സേവാ കേന്ദ്രത്തിനും ബിജെപി പ്രവര്‍ത്തകന്റെ വീടിനും നേരെ സിപിഎമ്മുകാര്‍ ബോംബെറിഞ്ഞു. ഇന്നലെ പുലര്‍ച്ചെയാണ് അക്രമം നടന്നത്. സേവാകേന്ദ്രത്തിന്റെ ജനല്‍ ചില്ലുകള്‍ ബോംബേറില്‍ തകര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ടെമ്പിള്‍ ഗേറ്റില്‍ ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു. സേവാകേന്ദ്രത്തിന് നേരെ ബോംബെറിഞ്ഞ് നാശനഷ്ടം വരുത്തിയതില്‍ ഭാരവാഹികള്‍ പരാതി നല്കി. ബിജെപി പ്രവര്‍ത്തകനും നഗരസഭാ സ്ഥാനാര്‍ത്ഥിയുമായിരുന്ന ഇല്ലത്ത് താഴെ മണോളിക്കാവിനടുത്തുളള സുബ്രഹ്മണ്യന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞ്. വീടിന്റെ മതിലില്‍ തട്ടി ബോംബ് പൊട്ടുകയായിരുന്നു. ഈ വീടിന് നേരെ ഇത് മൂന്നാമത്തെ തവണയാണ് ബോംബെറിയുന്നത്. നങ്ങാറത്ത് പീടികയിലെ ട്രാന്‍സ്ഫോമറിന് നേരെയും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
നാളെ ആരംഭിക്കുന്ന ശ്രീജഗന്നാഥ ക്ഷേത്ര ഉത്സവത്തിന് ഭീഷണി ഉയര്‍ത്തുന്നതരത്തിലാണ് ക്ഷേത്രത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന സേവാ മന്ദിരത്തിനും പരിസരത്തമുള്ള ട്രാന്‍സ്ഫോര്‍മറിനും ബിജെപി പ്രവര്‍ത്തകന്റെ വീടിനും നേരെ സിപിഎം ബോംബേറ് നടത്തിയത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: