തലശ്ശേരി: തലശ്ശേരി മേഖലയില്‍ സിപിഎം നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ബിജെപി തലശ്ശേരി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ആര്‍എസ്എസ് നേതാവ് മനോജിന്റെ കൊലപാതകത്തില്‍ ഗൂഡാലോചന നടത്തിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ സിബിഐ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതു മുതല്‍ ഇല്ലാത്ത അസുഖങ്ങള്‍ പറഞ്ഞ് അറസ്റ്റ് നീട്ടാന്‍ ശ്രമിച്ച നാടകം ജനങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍ ജാള്യത മറച്ചുപിടിക്കാനാണ് സിപിഎം ഇപ്പോള്‍ ജില്ലയില്‍ കൊലപാതകവും അക്രമങ്ങളും അഴിച്ചു വിടുന്നത്. തലശ്ശേരിയില്‍ ഏതാനും നാളുകളായി തുടരുന്ന അക്രമം വിവിധ ഭാഗങ്ങളിലേക്ക് പടരുകയാണ്. പെരുന്താറ്റിലെ ബിജെപി ഓഫീസ് അടിച്ചുപൊളിക്കുകയും മലാലില്‍ മഹിളാ മോര്‍ച്ച നേതാവ് ലസിതയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി അസഭ്യം പറയുകയും സോഷ്യല്‍ മീഡിയകളില്‍ നിരന്തരം അപമാനിക്കുകയും ചെയ്തപ്പോള്‍ ഇതിനെതിരെ മൂന്ന് തവണ തലശ്ശേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 12.30 നാണ് ടെമ്പിള്‍ഗേറ്റ് ജഗന്നാഥ സേവാകേന്ദ്രം, ഇല്ലത്തുതാഴ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുബ്രഹ്മണ്യന്റെ വീട് എന്നിവക്ക് നേരെ ബോംബേറ് നടന്നത്. കൊമ്മല്‍വയല്‍, നങ്ങാറത്ത് പീടിക എന്നിവിടങ്ങളിലും ബോംബാക്രമണമുണ്ടായി. സിപിഎം നേതൃത്വത്തിന്റെ അറിവോടെ ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമാണ് ഈ ബോംബാക്രമണം. ജഗന്നാഥക്ഷേത്രോത്സവത്തിന് ഒരുദിവസം മാത്രം ബാക്കിനില്‍ക്കേ ഇത്തരം അക്രമങ്ങള്‍ നടത്തി തലശ്ശേരിയിലെ ക്ഷേത്ര വിശ്വാസികളെ ഭയപ്പെടുത്തി ഭീതിയിലാഴ്ത്തി ക്ഷേത്രോത്സവം അലങ്കോലമാക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്‍. സിപിഎം അക്രമത്തിനെതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രതികരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. സംഭവസ്ഥലം ബിജെപി ദേശീയസമിതിയംഗം പി.കെ.കൃഷ്ണദാസ്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, മണ്ഡലം പ്രസിഡണ്ട് എന്‍.ഹരിദാസ്, കെ.എന്‍.മോഹനന്, കെ.അജേഷ്, എം.വി.സുമേഷ്, സുരേഷ് എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: