പയ്യാവൂര്‍: മുഴുവന്‍ റബ്ബര്‍ കര്‍ഷകര്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്സിഡി ലഭ്യമാക്കണമെന്ന് ഇന്‍ഫാം ആവശ്യപ്പെട്ടു. റബ്ബര്‍ സബ്സിഡി ഇനത്തില്‍ തുക അനുവദിച്ചതുവഴി ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് നേരിയ ആശ്വാസമാണെങ്കിലും ഈ ആനുകൂല്യം ലഭിക്കാത്ത നിരവധി കര്‍ഷകര്‍ ഇപ്പോഴുണ്ട്. നിയമപ്രശ്നങ്ങളില്‍ കുടുങ്ങി സബ്സിഡിക്ക് അര്‍ഹത നഷ്ടപ്പെട്ടവരാണ് ഇവര്‍. രണ്ട് ഹെക്ടറിന് മുകളിലുള്ള ഇടത്തരം കര്‍ഷകരെ സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും പൂര്‍ണമായും തഴഞ്ഞിരിക്കുകയാണ്. അതുകൊണ്ടുതന്നെ റബ്ബര്‍ സബ്സിഡി എല്ലാ വിഭാഗം കര്‍ഷകര്‍ക്കും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണം. കര്‍ഷകര്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന കാര്‍ഷിക കമ്മീഷനെ നിയമിക്കുക, കര്‍ഷകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക, കാര്‍ഷിക പെന്ഷന് 3000 രൂപയായി വര്‍ധിപ്പിക്കുക, കര്‍ഷക പങ്കാളിത്തത്തോടെ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുക, പ്രകൃതിക്ഷോഭം, വന്യമൃഗ ശല്യം എന്നിവമൂലമുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കുക, കര്‍ഷകര്‍ക്ക് ന്യായമായ പലിശക്ക് ലോണ്‍ നല്‍കുകയും കടക്കെണിയില്‍പ്പെട്ട കര്‍ഷകരെ സഹായിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇന്‍ഫാം ഉന്നയിച്ചു. ഇന്‍ഫാം ജില്ലാ പ്രസിഡണ്ട് സ്കറിയ, ഡയരക്ടര്‍ ഫാ.ജോസഫ് കാവനാടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: