കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ശാശ്വതസമാധാനം പുലരാന്‍ ആരാണ് ആയുധം താഴെ വെക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ ജില്ലയില്‍ സമാധാനം പുലരാന്‍ സിപിഎമ്മുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞപ്പോള്‍ കോടിയേരി ബാലകൃഷ്ണന് പറഞ്ഞത് ആര്‍എസ്എസ് ആയുധം താഴെവെച്ചാല്‍ ചര്‍ച്ചക്ക് തയ്യാറാണെന്നാണ്. എന്നാല്‍ കഴിഞ്ഞ ദിവസം പാപ്പിനിശ്ശേരി പഞ്ചായത്തിലെ അരോളിയില്‍ സിപിഎം സംഘം ആര്‍എസ്എസ് മുന്‍ മണ്ഡല് കാര്യവാഹ് സുജിത്തിനെ വെട്ടിക്കൊന്നതോടെ വ്യക്തമായത് ആയുധം താഴെവെക്കേണ്ടത് സിപിഎം ഗുണ്ടകളാണെന്നാണ്. ആര്‍എസ്എസ് ആഗ്രഹിക്കുന്നത് ജില്ലയില്‍ ശാശ്വത സമാധനാമുണ്ടാകണമെന്നാണ്. അതുകൊണ്ടുതന്നെ നിരുപാധിക ചര്‍ച്ചക്കും ആര്‍എസ്എസ് തയ്യാറാണ്. സുജിത്തിനെ തല്ലിക്കൊന്നത് സിപിഎമ്മുകാരണെന്ന് വ്യക്തമായ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സിപിഎം നേതൃത്വം തയ്യാറാകണമെന്നും കൃഷ്ണദാസ് പറഞ്ഞു.
അരിയില്‍ ഷുക്കൂര്‍ കൊലക്കേസിന്റെ തുടരന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് കോടതി പറഞ്ഞത് സ്വയം പ്രഖ്യാപിത രാജാക്കന്മാര് നാടുഭരിക്കുന്നത് അനുവദിക്കാനാവില്ലെന്നാണ്. പാപ്പിനിശ്ശേരിയിലെ സ്വയം പ്രഖ്യാപിത രാജാക്കന്മാരാണ് സുജിത്തിനെ തല്ലിക്കൊന്നതിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചത്. സമാനതയില്ലാത്ത സിപിഎമ്മിന്റെ ക്രൂരതക്ക് കണ്ണൂര്‍ ജില്ല നേരത്തേയും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇരിട്ടി കാര്‍ക്കോട് അമ്മുഅമ്മ എന്ന സ്ത്രീയെ ബോംബെറിഞ്ഞ് കൊന്നതും ജയകൃഷ്ണന് മാസ്റ്ററെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊലപ്പെടുത്തിയതും പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തില്‍ മിണ്ടാപ്രാണികളെ ചുട്ടുകൊന്നതും നാം നേരിട്ട് കണ്ടതാണ്. സിപിഎമ്മിന്റെ വിവിധ കൊലപാതക രീതികളെക്കുറിച്ച് സിപിഎം നേതാവ് എം.എം..മണി തന്നെ നേരത്തെ വ്യക്തമാക്കിയതാണ്. എന്നാല്‍ ഒരാളെ കേരളത്തില്‍ തല്ലിക്കൊല്ലുന്നത് ഇതാദ്യമാണ്. തെരുവുഗുണ്ടകള്പോലും ചെയ്യാന്‍ മടിക്കുന്ന പ്രാകൃതമായ കൊലപാതക രീതിയാണ് സിപിഎം പാപ്പിനിശ്ശേരിയില്‍ പുറത്തെടുത്തത്. ആദ്യം അമ്മയെയും അച്ഛനെയും സഹോദരനെയും തല്ലിച്ചതച്ചതിന് ശേഷമാണ് മരണം ഉറപ്പാക്കുന്നത് വരെ ആണിതറപ്പിച്ച വടികൊണ്ട് സുജിത്തിനെ തല്ലിയത്. മര്‍ദ്ദനമേല്‍ക്കാത്ത ഒരു ഭാഗവും സുജിത്തിന്റെ ശരീരത്തിലില്ലായിരുന്നുവെന്നത് അക്രമത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. ഇത് ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് ഭൂഷണമല്ലെന്നും കൃഷ്ണദാസ് പറഞ്ഞു.
പാപ്പിനിശ്ശേരിയില്‍ ബിജെപിയുടെ പ്രവര്‍ത്തനം സജീവമാക്കുന്നതില്‍ അസഹിഷ്ണുത പൂണ്ട പ്രദേശത്തെ ഒരു സിപിഎം കേന്ദ്രക്കമ്മറ്റി അംഗമാണ് കൊലപാതകത്തിന് പിന്നില്‍. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാപ്പിനിശ്ശേരി പഞ്ചായത്തിലെ 18 വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും 2400 വോട്ട് നേടുകയും ചെയ്തിരുന്നു. കേന്ദ്രക്കമ്മറ്റി അംഗം താമസിക്കുന്ന വാര്‍ഡില്‍ ബിജെപിയുടെ ബൂത്ത് ഏജന്റായിരുന്നു സുജിത്ത്. ഇതാണ് കൊലപാതകത്തിനുള്ള പ്രധാന കാരണം. മനോജ് വധക്കേസില്‍ സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജനെ പ്രതിചേര്‍ത്ത് ജയിലിലടച്ചതോടെ ജില്ലയില്‍ വ്യാപകമായ അക്രമത്തിന് സിപിഎം പദ്ധതിയിട്ടിരുന്നു. ഇതിന്റെ തുടക്കമാണ് കഴിഞ്ഞ ദിവസം നടന്ന ആസൂത്രിതമായ കൊലപാതകം. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം തുറന്നുകാട്ടാന്‍ ബിജെപി പ്രചണ്ഠമായ പ്രചരണം നടത്തും.
കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതിന് ശേഷം വ്യാപകമായ നുണപ്രചരണം നടത്തുകയെന്നത് സിപിഎമ്മിന്റെ നയമാണ്. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം സിപിഎം നേതൃത്വം പറഞ്ഞത് കൊലക്ക് പിന്നില്‍ സ്ത്രീവിഷയമാണെന്നാണ്. പിന്നീട് സിപിഎം വ്യത്യസ്തങ്ങളായ നുണപ്രചരണങ്ങള്‍ നടത്തി. തലശ്ശേരിയില്‍ ഫസല്‍ കൊല്ലപ്പെട്ടതിന് ശേഷം ആശുപത്രിയിലെത്തിയ കോടിയേരി പറഞ്ഞത് കൊലക്ക് പിന്നില്‍ ആര്‍എസ്എസാണെന്നാണ്. എന്നാല്‍ രണ്ട് കേസിലും പ്രതികള്‍ സിപിഎമ്മുകാരായിരുന്നു. ഇതേ രീതിയിലുള്ള നുണപ്രചരണം തന്നെയാണ് സുജിത്തിന്റെ ദാരുണമായ കൊലപാതകത്തിന് ശേഷവും നടത്തുന്നത്. കൊലപാതകത്തില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്ന് സമഗ്രമായ അന്വേഷണം നടത്തി കണ്ടെത്തണം. ജില്ലയില്‍ നടക്കുന്ന കൊലപാതകങ്ങളെല്ലാം ഒരു പ്രത്യേക കേന്ദ്രത്തില്‍ നിന്നാണ് ആസൂത്രണം ചെയ്യുന്നത്.
അസഹിഷ്ണുതയുടെ വക്താക്കളായ സിപിഎമ്മിന്റെ കൊലപാതകരാഷ്ട്രീയത്തിനെതിരെ ജനവികാരം ഉയര്‍ന്നുവരണം. തകര്‍ച്ചയുടെ വക്കിലായ സിപിഎം അതിന് തടയിടാന്‍ ബോധപൂര്‍വ്വം ആസൂത്രണം ചെയ്യുന്നതാണ് എതിരാളികളെ വേട്ടയാടലും വ്യാപകമായ അക്രമവും. ബിജെപിയുടെ വളര്‍ച്ചയില്‍ കടുത്ത ആശങ്കയുള്ള സിപിഎം ഇത് ഏതുവിധേനയും തടയാനുള്ള മാര്‍ഗം അവലംബിക്കണമെന്നാവശ്യപ്പെട്ട് എല്ലാ ബ്രാഞ്ച് കമ്മറ്റികള്‍ക്കും നേരത്തേ സര്‍ക്കുലര്‍ അയച്ചിരുന്നു. രാഷ്ട്രീയമായി അപ്രസക്തമായ സിപിഎം നിലനില്‍പ്പിനായി ബംഗാളില്‍ കോണ്‍ഗ്രസ്സിനോട് കൂട്ടുകൂടുകയാണ്. കേരളത്തിലും ബിജെപിയെ തോല്പിക്കാന് കോണ്‍ഗ്രസ്സ് ബാന്ധവമാണ് സിപിഎം നടപ്പാക്കുന്നതെന്നും കൃഷ്ണദാസ് പരഞ്ഞു. ബിജെപിയുടെ വളര്‍ച്ചയില്‍ വിറളിപൂണ്ട് സിപിഎം നടത്തുന്ന അക്രമങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കൃഷ്ണദാസ് പറഞ്ഞു. ദേശീയസമിതി അംഗം പി.കെ.വേലായുധന്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: